ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലത്തെ ചൊല്ലി ഇറാഖിൽ ആഭ്യന്തര സംഘർഷം ശക്തമായിരിക്കെയാണ് ഈ വധശ്രമം നടക്കുന്നത്. ഇറാൻ അനുകൂലികളായ പാർട്ടികൾക്ക് തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടിരുന്നു. 

ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമി വധശ്രമത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയിൽ സ്ഥിതി ചെയ്യുന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറക്കുകയായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

പൊട്ടിത്തെറിയിൽ പ്രധാനമന്ത്രിയുടെ ആറ് അംഗരക്ഷകർക്ക് അടക്കം പരിക്കേറ്റു. പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിക്ക് പരിക്കേറ്റതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തെങ്കിലും ഔദ്യോഗിക വക്താവ് ഇത് നിഷേധിച്ചു. താൻ സുരക്ഷിതനാണെന്നും ജനങ്ങൾ സംയമനംപാലിക്കണമെന്നും മുസ്തഫ അൽ ഖാദിമി ട്വീറ്റ് ചെയ്തു.

Scroll to load tweet…

ഇതൊരു വധശ്രമം തന്നെയാണെവ്വ് ഇറാഖി സൈന്യം വ്യക്തമാക്കുന്നു. ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലത്തെ ചൊല്ലി ഇറാഖിൽ ആഭ്യന്തര സംഘർഷം ശക്തമായിരിക്കെയാണ് ഈ വധശ്രമം നടക്കുന്നത്. ഇറാൻ അനുകൂലികളായ പാർട്ടികൾക്ക് തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടിരുന്നു. 

Scroll to load tweet…

ഈ ഫലം അംഗീകരിക്കില്ലെന്ന വാദവുമായി തെരുവിലിറങ്ങിയവർ സൃഷ്‌ടിച്ച കലാപത്തിൽ നൂറിലേറെ പേർക്ക് പരിക്കേറ്റിരുന്നു. 

ഇറാന്‍റെ പിന്തുണയുണ്ട് അൽ- ഖാദിമിയെ എതിർക്കുന്നവർക്ക്. ഇറാനിൽനിന്ന് ഇവർക്ക് ആയുധസഹായവും ലഭിക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഖാദിമിയുടെ വസതി ബാഗ്ദാദിലെ അതീവസുരക്ഷാമേഖലയായ ഗ്രീൻ സോണിലാണ് സ്ഥിതി ചെയ്യുന്നത്. പ്രധാനപ്പെട്ട പല സർക്കാർ കെട്ടിടങ്ങളും വിദേശ എംബസികളും സ്ഥിതി ചെയ്യുന്ന ഇടം. 

വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന വാദവുമായി വലിയൊരു പ്രതിഷേധം ബാഗ്ദാദിലെ ഗ്രീൻ സോണിന് പുറത്ത് നടന്നിരുന്നു. സമരക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞു. ചില ഓഫീസർമാർക്ക് പരിക്കേറ്റു. 

പൊലീസ് ആദ്യം ടിയർ ഗ്യാസും പിന്നീട് തോക്കുമുപയോഗിച്ചാണ് സമരത്തെ നേരിട്ടത്. പൊലീസ് വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു.