ഇന്ത്യ - കാനഡ ബന്ധം വഷളായതിന് ശേഷമുള്ള ആദ്യ സന്ദർശനമായതിനാൽ തന്നെ അതീവ പ്രാധാന്യമായിരുന്നു ഇരു രാജ്യങ്ങളും പ്രധാനമന്ത്രിയുടെ ജി 7 യാത്രക്ക് കൽപ്പിച്ചിരുന്നത്.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാനഡ സന്ദർശനം ഫലപ്രദമെന്ന വിലയിരുത്തലിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ജി 7 ഉച്ചകോടിയിൽ വിവിധ വിഷയങ്ങളിൽ മികച്ച ചർച്ചകൾ നടന്നതിന് പുറമെ ഉച്ചകോടിക്ക് പുറത്തും ചർച്ചകളുണ്ടായി. ഇന്ത്യ - കാനഡ ഉഭയകക്ഷി ബന്ധവും ചർച്ചയായെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാനഡ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ക്രൊയേഷ്യയിലേക്ക് നീങ്ങി.
ഇന്ത്യ - കാനഡ ബന്ധം വഷളായതിന് ശേഷമുള്ള ആദ്യ സന്ദർശനമായതിനാൽ തന്നെ അതീവ പ്രാധാന്യമായിരുന്നു ഇരു രാജ്യങ്ങളും പ്രധാനമന്ത്രിയുടെ ജി 7 യാത്രക്ക് കൽപ്പിച്ചിരുന്നത്. ഉച്ചകോടിക്ക് മുമ്പ് സൈപ്രസ് സന്ദർശിച്ച പ്രധാനമന്ത്രി അവിടെ നിന്നാണ് കാനഡയിൽ എത്തിച്ചേർന്നത്. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണപ്രകാരം കാനഡയിലെ കനനാസ്കിസിൽ എത്തിയ മോദി ഉച്ചകോടിയുടെ ഭാഗമായ വിവിധ ചർച്ചകളിൽ പങ്കെടുത്തു. ജി-7 ഉച്ചകോടിയിൽ തുടർച്ചയായ ആറാമത് തവണയാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്.
തുടർന്ന് ആൽബർട്ടയിൽ വെച്ച് മോദിയും മാർക്ക് കാർണിയും കൂടിക്കാഴ്ച നടത്തി. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം അതീവ പ്രാധാന്യമുള്ളതാണെന്നും അത് ശക്തിപ്പെടുത്താൻ ഒരുമിച്ച് പരിശ്രമിക്കുമെന്നും മാർക്ക് കാർണി പറഞ്ഞു. ഇരു രാജ്യങ്ങളുടെയും പരസ്പര ബഹുമാനത്തിലും നിയമവാഴ്ചയിലും സ്വതന്ത്ര പരമാധികാരത്തിലും ഊന്നിയ ബന്ധം നിലനിർത്തുന്നതിന്റെ ആവശ്യകത രണ്ട് നേതാക്കളും ചർച്ച ചെയ്തതായി കാനഡ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ രണ്ട് രാജ്യങ്ങളും ശ്രമിക്കുമെന്ന് മോദി പറഞ്ഞു. പുതിയ ഹൈക്കമ്മീഷണർമാരെ നിയോഗിക്കാൻ രണ്ട് രാജ്യങ്ങളും ചർച്ചയ്ക്ക് ശേഷം തീരുമാനിച്ചു.
നേരത്തെ സൈപ്രസ് റിപ്പബ്ലിക് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്‌സിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 15-16 തീയതികളിൽ ഔദ്യോഗിക സന്ദർശനം നടത്തിയത്. രണ്ട് ദശാബ്ദത്തിന് ശേഷമാണ് സൈപ്രസിലേക്ക് ഒരു ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശനം നടത്തിയത്. നിക്കോസിയയിൽ, പ്രസിഡന്റ് ക്രിസ്റ്റോഡൗലിഡ്‌സുമായി പ്രധാനമന്ത്രി ചർച്ച നടത്തി. ലിമാസോളിൽ വ്യവസായ പ്രമുഖരരെ അഭിസംബോധന ചെയ്തു.