മോസ്കോ: ഇന്ത്യ,ചൈന,റഷ്യ വിദേശ കാര്യ മന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. വീഡിയോ കോണ്‍ഫറൻസിംഗ് വഴിയാണ് യോഗം. കൊവിഡ് സാഹചര്യം ചര്‍ച്ചചെയ്യാനാണ് പ്രധാനമായും വിദേശകാര്യമന്ത്രിമാർ യോഗം ചേരുന്നത്. യോഗത്തിൽ ഇന്ത്യ-ചൈന അതിർത്തി സംഘർഷം ചർച്ചയാവില്ലെന്ന് ഉന്നതതലവൃത്തങ്ങൾ വ്യക്തമാക്കി. 

അതിർത്തിയിലെ സംഘർഷം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്നലെ ഇന്ത്യയുടേയും ചൈനയുടേയും സൈനിക കമാഡൻർമാർ തമ്മിൽ ചർച്ച നടത്തിയിരുന്നു. 13 മണിക്കൂറോളം നീണ്ട മാരത്തൺ ച‍ർച്ചയിൽ മെയ് മാസത്തിലെ സാഹചര്യം അതി‍ർത്തിയിൽ പുനസ്ഥാപിക്കണം എന്ന് ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടു. ച‍ർച്ചയിലെ ചൈനീസ് നിലപാട് സംബന്ധിച്ച് വിശദാംശങ്ങളൊന്നും ലഭ്യമായിട്ടില്ല. 

അതേസമയം കഴിഞ്ഞ ആഴ്ച ​ഗൽവാനിൽ നടന്ന സംഘ‍ർഷത്തിൽ തങ്ങളുടെ കമാൻഡിം​ഗ് ഓഫീസറും കൊല്ലപ്പെട്ടതായി ചൈന ച‍ർച്ചയിൽ സമ്മതിച്ചു. ഇതാദ്യമായാണ് കമാൻഡിം​ഗ് ഓഫീസ‍ർ കൊല്ലപ്പെട്ട കാര്യം ചൈന തുറന്നു സമ്മതിക്കുന്നത്. ഇതിനിടെ മൂന്ന് ദിവസത്തെ സന്ദ‍ർശനത്തിനായി റഷ്യയിലെത്തിയ ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് ഇന്ന് റഷ്യയുടെ 75-ാം വിജയദിന പരേഡിൽ അതിഥിയായി പങ്കെടുക്കും.