റഷ്യൻ വാർത്താ ഏജൻസിയായ ഇന്‍റർഫാക്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്

മോസ്കോ: ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്സാപ്പും അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾക്ക് റഷ്യയിൽ വിലക്ക് വന്നേക്കും. ഫേസ്ബുക്കിന്‍റെയും ഇന്‍സ്റ്റഗ്രാമിന്‍റെയും വാട്സാപ്പിന്‍റെയും മാതൃകമ്പനിയായ മെറ്റയെ ഭീകര - തീവ്രവാദ സംഘടനകളുടെ പട്ടികയിൽ റഷ്യ ഉൾപ്പെടുത്തിയതായാണ് റിപ്പോർട്ട്. റഷ്യൻ വാർത്താ ഏജൻസിയായ ഇന്‍റർഫാക്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുക്രൈൻ യുദ്ധത്തിൽ അനാവശ്യ ഇടപെടലുണ്ടായെന്നാരോപിച്ച് ഇക്കഴിഞ്ഞ മാർച്ചിൽ ഫെയ്സ്ബുക്കിനും ഇൻസ്റ്റഗ്രാമിനും റഷ്യയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ 'മെറ്റ'യെ തന്നെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ വരുന്നത്.

അഡ്മിന്‍മാര്‍ ഇനി പരാതി കേള്‍ക്കണ്ട, ഒരു ഗ്രൂപ്പില്‍ 1000 പേരെ ചേര്‍ക്കാം; അപ്ഡേഷനുമായി വാട്ട്സ്ആപ്പ്

തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് മെറ്റ കുറ്റം ചെയ്തെന്നായിരുന്നു റഷ്യയുടെ കണ്ടെത്തൽ. കേസിൽ മെറ്റയുടെ അപ്പീൽ മോസ്കോ കോടതി തള്ളുകയും ചെയ്തിരുന്നു. മെറ്റ തീവ്രവാദ പ്രവർത്തനം നടത്തുന്നില്ലെന്നും റുസോഫോബിയക്ക് മെറ്റ എതിരായിരുന്നെന്നും അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി ഇത് തള്ളികളയുകായിരുന്നു. മാർച്ച് മാസം മുതൽ റഷ്യയിൽ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ലഭ്യമല്ല. പക്ഷേ വി പി എൻ ഉപയോഗിച്ച് പലരും ഇത് ഉപയോഗിക്കാറുണ്ട്.

അതേസമയം യുക്രൈൻ യുദ്ധം ഏറ്റവും രൂക്ഷമായി തുടരുകയാണ്. ഇതുവരെയുള്ളതിൽ ഏറ്റവും വലിയ വ്യോമാക്രമണമാണ് കഴിഞ്ഞ ദിവസം റഷ്യ നടത്തിയത്. 84 ക്രൂയിസ് മിസൈലുകളാണ് മണിക്കൂറുകൾക്കുള്ളിൽ റഷ്യ യുക്രൈനിൽ വർഷിച്ചത്. റഷ്യയുടെ രൂക്ഷമായ ആക്രമണങ്ങളിൽ 14 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. തലസ്ഥാന നഗരത്തിലെ തിരക്കേറിയ ഇടങ്ങളിലും പാർക്കുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് മിസൈലുകൾ പതിച്ചതെന്നാണ് വ്യക്തമാകുന്നത്. പടിഞ്ഞാറൻ യുക്രൈനിലെ ലിവിവ്, ടെർനോപിൽ, ഷൈറ്റോമിർ, മധ്യ യുക്രൈനിലെ ഡിനിപ്രോ, ക്രെമെൻചുക്ക്, തെക്ക് സപോരിജിയ, കിഴക്ക് ഖാർകിവ് എന്നിവിടങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലോക രാഷ്ട്രങ്ങളടക്കം റഷ്യയുടെ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഭീകരമായ ആക്രമണം എന്നാണ് സംഭവത്തെ അമേരിക്ക വിശേഷിപ്പിച്ചത്.