ഡെവോണ്‍: കനത്ത ലോക്ക്ഡൌണ്‍ നിര്‍ദേശങ്ങള്‍ക്കിടയിലും ഈസ്റ്ററിന് മുന്‍പുള്ള സായാഹ്നം രസകരമാക്കാന്‍ മീന്‍പിടിക്കാനിറങ്ങിയ കുടുംബത്തെ പൊലീസ് പിടിച്ചു. ഇംഗ്ലണ്ടിലെ ഡെവോണിലാണ് ലണ്ടനില്‍ നിന്നുള്ള കുടുംബത്തെയാണ് നിയന്ത്രണങ്ങള്‍ മറികടന്ന് മീന്‍ പിടിക്കാന്‍ എത്തിയതിന് പൊലീസ് പിടിച്ച് പിഴയടപ്പിച്ചത്.  322 കിലോമീറ്റര്‍ ദുരം സഞ്ചരിച്ചാണ് കുടുംബം ടോര്‍ക്വേ തീരത്ത് എത്തിയത്.

പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാന്‍ അതിരാവിലെയായിരുന്നു ഇവരുടെ സഞ്ചാരം. കാറിലായിരുന്നു അഞ്ചംഗ കുടുംബത്തിന്‍റെ സഞ്ചാരം. കുട്ടികളെയും കൂട്ടിയായിരുന്നു ട്രിപ്പ്. ഇന്ന് പുലര്‍ച്ചെ അഞ്ചേകാലോടെയാണ് ഇവരെ പൊലീസ് കണ്ടെത്തിയത്. വിവരങ്ങള്‍ തിരക്കിയപ്പോഴാണ് മീന്‍ പിടിച്ച് ഉല്ലസിക്കുന്നതിനായി ഇവര്‍ പിന്നിട്ട ദൂരത്തേക്കുറിച്ച് പൊലീസിന് മനസിലാവുന്നത്. കുടുംബത്തിലെ മുതിര്‍ന്നവര്‍ക്ക് പിഴയിട്ട പൊലീസ് ഇവരെ തിരികെ വീട്ടിലെത്തിച്ചു. അടുത്ത പതിനാല് ദിവസം ആരുമായും സമ്പര്‍ക്കം പുലര്‍ത്തരുതെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് ഇവരെ തിരികെ വീട്ടിലെത്തിച്ചത്.

ഇവര്‍ വീട് വിട്ട് പുറത്തു പോകുന്നുണ്ടോയെന്ന് നിരീക്ഷിക്കുമെന്നും പൊലീസ് വിശദമാക്കി. ടോര്‍ക്വേയിലെ പൊലീസ് കമാന്‍ഡ് റൂം സൂപ്പര്‍വൈസറായ മൈക്ക് ന്യൂട്ടനാണ് കുടുംബത്തിന്‍റെ നിരുത്തരവാദപരമായ പെരുമാറ്റത്തേക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇതൊരു അവധിക്കാലമല്ലന്നും ഭക്ഷണം മാത്രം വാങ്ങാനേ പുറത്തിറങ്ങാവൂയെന്നും ലോക്ക് ഡൌണ്‍ നിര്‍ദേശമുള്ള സമയത്താണ് അഞ്ചംഗ കുടുംബം ടൂര്‍ നടത്തിയത്. കടല്‍തീരവും മത്സ്യവുമെല്ലാം വീണ്ടും കാണാനും ഇനിയൊരു അവധിക്കാലം അനുഭവിക്കണമെങ്കില്‍ വീടുകളില്‍ തുടരണമെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയതിന് തൊട്ട് പിന്നാലെയാണ് ഇവരെ പിടികൂടിയത്.