Asianet News MalayalamAsianet News Malayalam

'ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയക്കൂ'; ഇമ്രാന്‍ ഖാനോട് സമാധാനം തേടി ഫാത്തിമ ഭൂട്ടോ

''ഒരു ജീവിതകാലം മുഴുവന്‍ നമ്മള്‍ യുദ്ധത്തിനായി മാറ്റി വച്ചു. എനിക്ക് പാക് സൈന്യം മരിക്കുന്നത് കാണേണ്ട. ഇന്ത്യന്‍ സൈന്യം മരിക്കുന്നതും എനിക്ക് കാണേണ്ട. നമ്മള്‍ അനാഥരുടെ ഉപഭൂഖണ്ഡമാകരുത്'' - ഫാത്തിമ ഭൂട്ടോ പറഞ്ഞു.

Fatima Bhutto asks to Release Of Indian Air Force Pilot who is in Pak custody
Author
New York, First Published Feb 28, 2019, 10:26 AM IST

ന്യൂയോര്‍ക്ക്: പാക് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധനെ വിട്ടയക്കണമെന്ന് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് പാക് എഴുത്തുകാരി ഫാത്തിമ ഭൂട്ടോ. മുന്‍ പാക് പ്രസിഡന്‍ഡ് സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ കൊച്ചുമകളാണ് ഫാത്തിമ. സമാധാനത്തോടുള്ള നമ്മുടെ പ്രതിബദ്ധത കണക്കിലെടുത്ത് ഇന്ത്യന്‍ പൈലറ്റിനെ വിട്ടയക്കണമെന്നാണ് താനടക്കമുള്ള പാക് യുവത രാജ്യത്തോട് ആവശ്യപ്പെടുന്നതെന്ന് ഫാത്തിമ ഭൂട്ടോ ന്യൂയോര്‍ക്ക് ടൈംസില്‍ കുറിച്ചു. 

''ഒരു ജീവിതകാലം മുഴുവന്‍ നമ്മള്‍ യുദ്ധത്തിനായി മാറ്റി വച്ചു. എനിക്ക് പാക് സൈന്യം മരിക്കുന്നത് കാണേണ്ട. ഇന്ത്യന്‍ സൈന്യം മരിക്കുന്നതും എനിക്ക് കാണേണ്ട. നമ്മള്‍ അനാഥരുടെ ഉപഭൂഖണ്ഡമാകരുത്'' എന്നും ഫാത്തിമ പറഞ്ഞു.

''എന്‍റെ തലമുറ സംസാരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനായി പോരാടിയവരാണ്. സമാധാനത്തിന് വേണ്ടി ശബ്ദമുയര്‍ത്താന്‍ ഞങ്ങള്‍ക്ക് മടിയില്ല.... സൈനിക സ്വേഛാധിപത്യവും ഭീകരവാധവുമടക്കമുള്ള നീണ്ട നാളത്തെ ചരിത്രം എന്‍റെ തലമുറയ്ക്ക് ഉണ്ടാക്കിയ അനിശ്ചിതത്വം യുദ്ധത്തോടുള്ള ആസക്തി ഇല്ലാത്തവരും സഹിഷ്ണുതയുള്ളവരുമാക്കി... ഒരിക്കലും അയല്‍ രാജ്യത്തോട് സമാധാനപരമായി എന്‍റെ രാജ്യം ഇടപെടുന്നത് കണ്ടിട്ടില്ല. ആദ്യമായാണ് രണ്ട് ആണവ രാജ്യങ്ങള്‍ തമ്മില്‍ ട്വിറ്ററിലൂടെ യുദ്ധം ചെയ്യുന്നത് കാണുന്നത്'' - ഫാത്തിമ ഭൂട്ടോ വ്യക്തമാക്കി. 

ഇന്നലെ രാവിലെയോടെ വ്യോമാതിര്‍ത്തി കടന്നു വന്ന പാക് പോര്‍വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടയിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 വിമാനം അതിര്‍ത്തിയില്‍ തകര്‍ന്നു വീണത്. അപകടത്തില്‍ നിന്ന് പൈലറ്റ് അഭിനന്ദന്‍ വര്‍ധന്‍ രക്ഷപ്പെട്ടെങ്കിലും അദ്ദേഹവും വിമാനവും ചെന്നു പതിച്ചത് പാക് അധീന കശ്മീരിലാണ്. ഇദ്ദേഹത്തെ പ്രദേശവാസികളും പക് സൈനികരും പിടികൂടി പിന്നീട് സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറി. 

അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്ഥാന്‍ കസ്റ്റഡിയിലുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ സൈനികനെ തിരിച്ചെത്തിക്കാന്‍ നീക്കം ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ. നയതന്ത്ര തലത്തില്‍ ഇതിനായുള്ള ശ്രമം നടത്തുകയാണ് ഇന്ത്യയിപ്പോള്‍. അഭിനന്ദനെ സുരക്ഷിതനായി തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി സൈനികന്‍റെ കുടുംബവും രംഗത്തെത്തി. അതിര്‍ത്തിയിലെ സുരക്ഷയ്ക്ക് പുറമെ അഭിനന്ദനെ തിരികെ എത്തിക്കാനുള്ള ചര്‍ച്ചകളും ഉന്നതതലത്തില്‍ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും പ്രധാനമന്ത്രിയുടെ വസതിയില്‍ തിരക്കിട്ട ഉന്നതതല യോഗങ്ങള്‍ നടന്നു. 

നയതന്ത്ര ഇടപെടൽ ഉണ്ടായാൽ പിടിയിലായ സൈനികനെ ഒരാഴ്ചയ്ക്കം വിട്ടയക്കണമെന്നാണ് ജനീവ കരാര്‍ നിര്‍ദേശം. വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ കരാര്‍ പാലിച്ച് വിട്ടയ്ക്കണമെന്നാണ് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെടുന്നത്. വ്യോമസേനയുടെ പ്രത്യേക പരിശീലനം നേടിയ സുര്യ കിരണ്‍ അംഗമാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാൻ. 

1949 ലെ ജനീവ കരാർ പ്രകാരം യുദ്ധത്തിലോ പട്ടാള നടപടികൾക്കിടയിലോ കസ്റ്റഡിയിലാകുന്ന സൈനിക‌‌‌‌ർ യുദ്ധ തടവുകാരനാണ്. റാങ്ക് അനുസരിച്ചുള്ള പരിഗണന നൽകി വേണം കസ്റ്റഡിയിൽ വയ്ക്കാൻ. കുടുംബാംഗങ്ങളുമായി സംസാരിക്കാനുളള അവസരം, ഭക്ഷണം ചികിത്സാ സൗകര്യങ്ങള്‍ എന്നിവ നല്‍കണം. യാതൊരു തരത്തിലുളള പരിക്കും ഏൽപിക്കരുത്. പാക് കസ്റ്റഡിയിലുള്ള വൈമാനികനെ വിട്ടു കിട്ടാൻ ഈ ജനീവ കരാറാണ് ഇന്ത്യ ചൂണ്ടിക്കാണിക്കുന്നത്.

1971 ൽ ബംഗ്ലാദേശ് -യുദ്ധ കാലത്ത് തടവിലായ പാക് സൈനികരെ വിട്ടയച്ച് ഇന്ത്യ മാതൃക കാട്ടിയിരുന്നു. കാർഗിൽ ഓപ്പറേഷനിടയിൽ കസ്റ്റഡിയിലെടുത്ത വൈമാനികൻ കെ നാച്ചികേതയെ പാകിസ്ഥാൻ എട്ടു ദിവസത്തിനകം വിട്ടയച്ചിരുന്നു. 2008 ലെ ഇന്ത്യ - പാക് കരാര്‍ അനുസരിച്ചും അഭിനന്ദിനെതിരെ പാക്ക് സിവിൽ - പട്ടാള കോടതികൾക്ക് കേസ് നടത്താനോ ശിക്ഷിക്കാനോ കഴിയില്ല.
 

Follow Us:
Download App:
  • android
  • ios