ഷബ്നത്തെയും ഒപ്പമുള്ള വനിത സഹപ്രവര്‍ത്തകരെയും മേക്ക് അപ്പ് ചെയ്യുന്നതിനാണ് താലിബാന്‍ ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ജോലിക്ക് വരേണ്ടെന്നും പറയുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി ഷബ്നം ഒരു വീഡിയോ ചെയ്തിരുന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്ത താലിബാനില്‍ നിന്ന് ഭീഷണി തുടരുന്നതിനാല്‍ രാജ്യം വിടാന്‍ താത്പര്യപ്പെടുന്നുവെന്ന് ടെലിവിഷന്‍ അവതാരക ഷബ്നം ഖാന്‍ ദവ്റാന്‍. ആര്‍ടിഎ പഷ്ത്തോ ചാനലില്‍ വാര്‍ത്താ അവതാരക ആയ ഷബ്നം ഖാനെ ഓഫീസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് താലിബാന്‍ തടയുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. 

ഇപ്പോഴും ഭീഷണി തുടരുകയാണെന്ന് ഷബ്നം അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞു. കാബൂള്‍ സര്‍വ്വകലാശാലയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂടിയായ ഷബ്നത്തിന്‍റെ മാതാപിതാക്കള്‍ കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ലോഗര്‍ പ്രവശ്യയില്‍ നിന്നുള്ളവരാണ്. അഫ്ഗാനിലെ സ്ത്രീകളെ സംരക്ഷിക്കുന്നതിനായി രാജ്യാന്തര സമൂഹം ശബ്‍ദം ഉയര്‍ത്തണമെന്നും ഷബ്നം ആവശ്യപ്പെട്ടു. 

അമേരിക്കൻ സൈന്യം രാജ്യത്തെ ജനങ്ങളെ ഉപേക്ഷിച്ചോ എന്ന ചോദ്യത്തിന് അക്കാര്യത്തില്‍ ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി. ഈ ചോദ്യത്തിന് മറുപടി പറയേണ്ടത് അധികാരത്തില്‍ ഉണ്ടായിരുന്ന രാഷ്ട്രീയക്കാരാണെന്നും ഷബ്നം കൂട്ടിച്ചേര്‍ത്തു. ഷബ്നത്തെയും ഒപ്പമുള്ള വനിത സഹപ്രവര്‍ത്തകരെയും മേക്ക് അപ്പ് ചെയ്യുന്നതിനാണ് താലിബാന്‍ ഭീഷണിപ്പെടുത്തിയത്. 

തുടര്‍ന്ന് ജോലിക്ക് വരേണ്ടെന്നും പറയുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി ഷബ്നം ഒരു വീഡിയോ ചെയ്തിരുന്നു. സ്ത്രീകളെ ജോലി ചെയ്യുന്നതില്‍ നിന്നും പഠിക്കുന്നതില്‍ നിന്നും തടയില്ലെന്ന് താലിബാന്‍ വക്താവ് വാര്‍ത്താ സമ്മേളനത്തിന് പറഞ്ഞ ശേഷമാണ് ഷബ്നവും സഹപ്രവര്‍ത്തകരും ഓഫീസിലേക്ക് വന്നത്. എന്നാല്‍, അവരെ തടയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ഷബ്നം ചെയ്ത വീഡിയോ വൈറലായതോടെ ജീവന്‍ പോലും നഷ്ടമാകുമെന്ന അവസ്ഥയിലാണെന്നാണ് ഷബ്നം വെളിപ്പെടുത്തിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona