Asianet News MalayalamAsianet News Malayalam

ശ്രീലങ്കയിൽ പെൺചാവേറുകൾ വിശ്വാസികളുടെ വേഷത്തിൽ ബുദ്ധവിഹാരങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്

ഒരു തുണിക്കടയിൽ നിന്നും ചില മുസ്‌ലിം യുവതികൾ ചേർന്ന്  ബുദ്ധമതവിശ്വാസികൾ ധരിക്കുന്ന തരത്തിലുള്ള  9 ജോഡി  വെള്ളവസ്ത്രങ്ങൾക്കു വേണ്ടി  29,000 ശ്രീലങ്കൻ രൂപ ചെലവിട്ടതായാണ് ഇന്റലിജൻസ് വൃത്തങ്ങൾക്ക് കിട്ടിയ വിവരം

Female Suicide Bombers may target Buddhist Monasteries, says intelligence reports
Author
Trivandrum, First Published Apr 29, 2019, 3:03 PM IST

കൊളംബോ : ഈസ്റ്റർ ഞായറാഴ്ച നടന്ന സ്ഫോടനങ്ങളുടെ തുടർച്ചയായി നടത്തിയ അന്വേഷണങ്ങളിൽ ശ്രീലങ്കൻ ഇന്റലിജൻസിന് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചതായി ഡെയ്‌ലി മിറർ റിപ്പോർട്ട് ചെയുന്നു. പെൺ ചാവേറുകൾ വിശ്വാസികളായി നടിച്ച് ബുദ്ധവിഹാരങ്ങളിൽ ആക്രമണം നടത്തുമെന്നാണ് ഇന്റലിജൻസിന് കിട്ടിയ വിവരം. ബുദ്ധവിഹാരങ്ങളിൽ സന്ദർശനം നടത്തുന്ന സ്ത്രീകൾ ധരിക്കുന്നത് പ്രത്യേക തരത്തിലുള്ള ഒരു വെളുത്ത വസ്ത്രം ധരിച്ചുകൊണ്ടാണ്.

ഗിരിയുള്ളയിലെ ഒരു തുണിക്കടയിൽ നിന്നും ചില മുസ്‌ലിം യുവതികൾ ചേർന്ന്  ഇത്തരത്തിലുള്ള 9 ജോഡി  വെള്ളവസ്ത്രങ്ങൾക്കു വേണ്ടി  29,000 ശ്രീലങ്കൻ രൂപ ( ഏകദേശം 10,000 ഇന്ത്യൻ രൂപ) ചെലവിട്ടതായാണ് ഇന്റലിജൻസ് വൃത്തങ്ങൾക്ക് കിട്ടിയ വിവരം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് കിട്ടിയിട്ടുണ്ട്. ശ്രീലങ്കയുടെ കിഴക്കൻ പ്രവിശ്യയിലെസൈന്താമരുതുവിൽ പോലീസ് നടത്തിയ റെയ്‌ഡിനിടയിൽ ഇതിൽ അഞ്ചു  ജോഡി വസ്ത്രങ്ങൾ കിട്ടിയിരുന്നു. 

ഇതിന്റെ ചുവടുപിടിച്ചു നടത്തിയ അന്വേഷണത്തിലാണ് മൊത്തം 9 ജോഡി വസ്ത്രങ്ങളാണ് അവർ വാങ്ങിയതെന്നുള്ള വിവരം കിട്ടുന്നത്. ബാക്കിയുള്ള 4 ജോഡി വസ്ത്രങ്ങൾ കണ്ടെടുക്കാൻ പൊലീസിന് ഇനിയും സാധിച്ചിട്ടില്ല. ഇത് ആശങ്കയുളവാക്കുന്ന ഒരു സാഹചര്യമാണ്. ഈ വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് നാലു പെൺചാവേറുകൾ ബുദ്ധവിഹാരങ്ങളെ ലക്ഷ്യമിട്ട് അക്രമണം നടത്താനുള്ള സാധ്യത ഈ അവസരത്തിൽ തള്ളിക്കളയാനാവില്ലെന്നാണ് ഇന്റലിജൻസ് കേന്ദ്രങ്ങൾ പറയുന്നത്. 

തീവ്രവാദ അക്രമണമുണ്ടായതിനു പിന്നാലെ നാഷണൽ തൗഹീദ് ജമായത്തിനെ ശ്രീലങ്കൻ സർക്കാർ നിരോധിക്കുകയും, മുഖം മറച്ചുകൊണ്ടുള്ള പർദ്ദ മതപരമായ വസ്ത്രധാരണങ്ങൾക്ക്  വിലക്കേർപ്പെടുത്തുകയും ചെയ്തു. 

അതിനിടെ ശ്രീലങ്കയുടെ കിഴക്കൻ പ്രവിശ്യയിൽ  ഐഎസ്ഐഎസ് ഭീകരരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിക്കുകയുണ്ടായി. ഏറ്റുമുട്ടലിന് ശേഷം സൈന്യം നടത്തിയ തിരച്ചിലിനിടെ ആറ് കുട്ടികള്‍ ഉള്‍പ്പെടെ പതിനഞ്ചോളം പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ശ്രീലങ്കന്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ആറ് കുട്ടികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് പുരുഷന്മാരും ഉള്‍പ്പെടുന്നു.

കല്‍മുനായിയില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന വീട് പരിശോധിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. വീട്ടില്‍ സ്ഫോടക വസ്തുക്കള്‍ ഉണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. 

വീട്ടുകാര്‍ക്കൊപ്പം താമസിക്കുകയായിരുന്ന മൂന്ന് ഐഐസ്ഐഎസ് ചാവേറുകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.  ചാവേറുകളുടെ മൃതദേഹം വീടിന് പുറത്തും വീട്ടുകാരുടെ മൃതദേഹം വീടിനുള്ളിലുമായാണ് കാണപ്പെട്ടത്. ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ സൈനിക നടപടി ശക്തിപ്പെടുത്തിയിരുന്നു. എല്ലാ വീടുകളിലും പരിശോധന നടത്തുമെന്നും അനധികൃത താമസക്കാരെ കണ്ടെത്തുമെന്നും പ്രസിഡന്‍റ് മൈത്രിപാല സിരിസേന നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. 

Follow Us:
Download App:
  • android
  • ios