അതിനിടെ ഇന്ത്യയ്ക്ക് ശക്തമായ പിന്തുണയുമായി ജർമനി രംഗത്തെത്തി. പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച ജർമൻ വിദേശകാര്യമന്ത്രി, ഭീകരതയെ പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കി

ദില്ലി: പാക് ഭീകരത തുറന്ന് കാട്ടാനും ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനും അഞ്ചാം പ്രതിനിധി സംഘം ഇന്ന് പുറപ്പെടും. എൻസിപി ശരദ് പവാർ ഘടകം എംപി സുപ്രിയ സുലെ അധ്യക്ഷയായ സംഘമാണ് ഇന്ന് പുറപ്പെടുക. മുൻ വിദേശകാര്യമന്ത്രി വി മുരളീധരനും സംഘത്തിലുണ്ട്. ദക്ഷിണാഫ്രിക്ക, ഖത്തർ, ഈജിപ്ത്, എത്യോപിയ എന്നീ രാജ്യങ്ങളിലാണ് സന്ദർശനം നടത്തുക. ഇന്നലെ പുറപ്പെട്ട ബിജെപി എം പി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ബഹറിനിലെത്തും. ശിവസേന എം പി ശ്രീകാന്ത് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ യു എ ഇ പര്യടനം പൂർത്തിയായിട്ടുണ്ട്. ഡി എം കെ എംപി കനിമൊഴിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് റഷ്യൻ പര്യടനം പൂർത്തിയാക്കും.

അതിനിടെ ഇന്ത്യയ്ക്ക് ശക്തമായ പിന്തുണയുമായി ജർമനി രംഗത്തെത്തി. വിദേശകാര്യമന്ത്രി എസ് ജയശങ്കർ വിദേശപര്യടനത്തിന്‍റെ ഭാഗമായി ഇന്നലെ ജർമൻ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച ജർമൻ വിദേശകാര്യമന്ത്രി ജൊആൻ വാഡഫൂൽ, ഭീകരതയെ പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കി.

പാർട്ടിയുടെ രാഷ്ട്രീയ നീക്കത്തോട് അകലം പാലിച്ച് തരൂർ

അതേസമയം കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി തുടർച്ചയായി ചോദ്യങ്ങൾ ഉന്നയിക്കുന്നതിനിടെ, ശശി തരൂർ പാർട്ടിയുടെ രാഷ്ട്രീയ നീക്കത്തോട് അകലം പാലിച്ച് ഇന്ന് രംഗത്തെത്തി. വിദേശത്ത് പോയി രാഷ്ട്രീയം കളിക്കാൻ താനില്ലെന്നാണ് ശശി തരൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായും പാർട്ടി നേതാവ് ആനന്ദ് ശർമ്മയുമായും ചർച്ച നടത്തുകയും ചെയ്തു ശശി തരൂർ. വിദേശത്തേക്ക് പോകുന്ന പ്രതിനിധി സംഘങ്ങൾക്ക് വിദേശകാര്യ സെക്രട്ടറി ഇന്ത്യയുടെ നിലപാട് വിശദീകരിച്ച ശേഷമാണ് ഈ പ്രത്യേക ചർച്ച നടന്നത്. ഡോണൾഡ് ട്രംപ് എന്തിന് ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തിൽ ഇടപെട്ടു എന്നതടക്കം ചോദ്യങ്ങൾ രാഹുൽ ഗാന്ധി ഇന്നലെ ആവർത്തിച്ചിരുന്നു. എന്നാൽ പല രാജ്യങ്ങളും ഇന്ത്യയോട് സംസാരിച്ചെങ്കിലും ആരും മധ്യസ്ഥത വഹിച്ചില്ലെന്ന നിലപാട് തരൂർ പരസ്യമായി വ്യക്തമാക്കി. ഇന്ത്യയ്ക്കു വേണ്ടി വ്യക്തതയോടെയും ഉറച്ച ബോധ്യത്തോടെയും സംസാരിക്കാനാണ് പോകുന്നതെന്ന് ഇന്ന് പുലർച്ചെ യാത്ര തിരിക്കും മുമ്പ് തരൂർ നൽകിയ വിഡിയോ സന്ദേശം സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്. പാർട്ടിയുടെ വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ വിദേശത്ത് ഇത് ചർച്ചയാവില്ലെന്നാണ് തരൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.

നരസിംഹറാവു മുമ്പ് വിദേശത്തേക്ക് പ്രതിപക്ഷ നേതാവായിരുന്ന എ ബി വാജ്പേയിയെ അയച്ചതിന് തുല്യമാണ് തരൂരിന്‍റെ യു എസ് മിഷൻ എന്ന വ്യാഖ്യാനങ്ങൾ മാധ്യമങ്ങളിൽ നിറയുമ്പോഴാണ് രാഷ്ട്രീയകളിക്ക് താനില്ലെന്ന് തരൂർ പറയുന്നത്. തുർക്കിക്ക് കേരള സർക്കാർ നൽകിയ പത്ത് കോടി സഹായം വയനാട്ടിൽ ഉപയോഗിക്കാനാകുമായിരുന്നു എന്ന നിലപാട് ഇന്നലെ തരൂർ കുറിച്ചതും ചർച്ചയാവുകയാണ്. പാർട്ടിയിൽ ഭിന്നത തുടരുമ്പോഴും എന്നാൽ കോൺഗ്രസ് സർക്കാരിനെതിരായ നിലപാട് കടുപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തരൂരിന്‍റെ നേതൃത്വത്തിലുള്ള സംഘം യാത്ര തിരിച്ച ദിവസം തന്നെ പൂഞ്ചിൽ പാക് സേനയുടെ ഷെല്ലിംഗിൽ തകർന്ന വീടുകൾ രാഹുൽ ഗാന്ധി സന്ദർശിച്ചതും ഇതിൻറെ സൂചനയായാണ് പാർട്ടി വൃത്തങ്ങൾ വിശേഷിപ്പിക്കുന്നത്. പ്രതിനിധി സംഘം പോകുന്നതിന് മുമ്പ് പാർലമെൻറ് സമ്മേളനം വിളിച്ചു ചേർക്കാൻ എന്തു കൊണ്ട് തരൂർ ആവശ്യപ്പെട്ടില്ല എന്ന ചോദ്യവും കോൺഗ്രസ് നേതൃത്വത്തോട് ചേർന്നു നിലക്കുന്ന നേതാക്കൾ ഉയർത്തുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം