കാഠ്‍മണ്ഡു: എവറസ്റ്റ് കൊടുമുടിയെ ചൊല്ലി തുടരുന്ന ദശാബ്ദങ്ങള്‍ പഴക്കമുള്ള  നേപ്പാല്‍  - ചൈന പോര് ട്വിറ്ററിലേക്കും. എവറസ്റ്റ് തങ്ങളുടെ രാജ്യത്തിന്‍റെ ഭാഗമാണെന്ന ന്യൂസ് ഏജന്‍സിയായ ചൈന ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റ്‍വര്‍ക്കിന്‍റെ അകാശവാദമാണ് ഇപ്പോള്‍ വീണ്ടും പോരിന് കാരണമായിരിക്കുന്നത്. 

എവറസ്റ്റ് പൂര്‍ണ്ണമായും ചൈനയുടെ ഭാഗമാണെന്ന അവകാശവാദത്തിനെതിരെ നേപ്പാളികള്‍ ട്വിറ്ററില്‍ ഹാഷ്ടാഗ് പ്രതിഷേധം ആരംഭിച്ചു. #Backoffchina  എന്ന ഹാഷ്ടാഗില്‍ ആരംഭിച്ച പ്രതിഷേധം ട്വിറ്റററില്‍ ട്രെന്‍റിംഗ് ആണ്. നേപ്പാളിലെ ചൈനീസ് നയതന്ത്രപ്രതിനിധിയെ മെന്‍ഷന്‍ ചെയ്താണ് പ്രതിഷേധം നടക്കുന്നത്. 

''ഇത്രയും നാള്‍ എവറസ്റ്റ് നേപ്പാളിലാണെന്നാണ് ഞങ്ങള്‍ പറഞ്ഞുപഠിച്ചത്. എന്നാല്‍ ഇപ്പോള്‍ ചൈനയിലെ ടിബറ്റിലാണ് അതെന്നാണ് അവര്‍ പറയുന്നത്. നന്ദി സിജിടിഎന്‍'' - എന്നാണ് കാഠ്മണ്ഡു പോസ്റ്റ് എഡിറ്റര്‍ ഇന്‍ ചീഫ് അനൂപ് കപ്ലെ ട്വീറ്റ് ചെയ്തത്. 

1960 കളിലാണ് എവറസ്റ്റിനെ ചൊല്ലിയുള്ള ചൈന - നേപ്പാള്‍ തര്‍ക്കം ആരംഭിച്ചത്. 1961 ലെ ഉടമ്പടി പ്രകാരമാണ് ഇരു രാജ്യങ്ങളും  കൊടുമുടി പങ്കിടുന്നത്. 1865-ൽ ബ്രിട്ടീഷ് സർവേയറും ആർമി ഓഫീസറുമായിരുന്ന സർ ആൻഡ്രൂ വോ, തന്റെ മുൻഗാമിയായിരുന്ന കേണൽ സർ ജോർജ് എവറസ്റ്റിന്റെ പേരിൽനിന്നുമാണ് കൊടുമുടിക്ക് എവറസ്റ്റ് എ്നന് പേരിടുന്നത്. എന്നാല്‍ നേപ്പാളില്‍ ഇത് സഗർമാഥാ എന്നും ടിബറ്റൻ ഭാഷയിൽ ചോമോലുങ്മ എന്നും അറിയപ്പെടുന്നു.