തീപിടുത്തത്തിന് പിന്നാലെ അന്തര്‍വാഹിനിയില്‍ നിറഞ്ഞ വിഷപ്പുക ശ്വസിച്ചാണ് നാവികര്‍ മരിച്ചതെന്നാണ് നിഗമനം. എന്നാല്‍ തീപിടുത്തത്തിന് കാരണമായതെന്താണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
മോസ്കോ: റഷ്യന്‍ നാവികസേനയുടെ അതീവ രഹസ്യ സ്വഭാവമുള്ള സേനാ പദ്ധതികളുടെ ഭാഗമായ അന്തര്‍വാഹിനിയിലുണ്ടായ തീപിടുത്തത്തില്‍ 14 നാവികര്‍ കൊല്ലപ്പെട്ടു. അന്തര്‍ വാഹിനിയുടെ പേര് വെളിപ്പെടുത്താതെയാണ് അഗ്നിബാധ റഷ്യന്‍ നാവിക സേന സ്ഥിരീകരിച്ചത്.

എന്നാല്‍ അഗ്നിബാധയുണ്ടായത് ലോഷറിക് എന്ന അന്തര്‍വാഹിനിയിലാണെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ വിശദമാക്കുന്നത്. അന്തര്‍വാഹിനിയിലുണ്ടായ തീപിടുത്തം റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. നാവികര്‍ക്ക് ജീവന്‍ നഷ്ടമായതില്‍ ദുഖം രേഖപ്പെടുത്തിയ പ്രസിഡന്റ് വ്ളാദിമിര്‍ പുചിന്‍ ക്യാപ്റ്റന്‍ റാങ്കിലുള്ള ഏഴുപേര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നെന്നാണ് വിശദമാക്കിയത്.

രാജ്യത്തിന്‍റെ പരമോന്നത സൈനിക ബഹുമതി നേടിയ രണ്ടുപേരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ട്. ആണവശേഷിയുള്ള അന്തര്‍വാഹിനി കപ്പലാണ് ലോഷറിക്. സമുദ്രത്തിന്‍റെ അന്തര്‍ഭാഗങ്ങളിലേക്കുള്ള നിരീക്ഷണങ്ങള്‍ക്കും സമുദ്രത്തിനടിയിലൂടെയുള്ള വാര്‍ത്താ വിനിമയങ്ങള്‍ പിടിച്ചെടുക്കാനും ലോഷറിക്ക് അന്തര്‍വാഹിനി സജ്ജമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. റഷ്യയുടെ വടക്കന്‍ മേഖലകളില്‍ പര്യവേഷണം നടത്തുന്നതിന് ഇടയിലാണ് തിങ്കളാഴ്ച അന്തര്‍ വാഹിനിയില്‍ തീപിടുത്തമുണ്ടായത്.

തീപിടുത്തത്തിന് പിന്നാലെ അന്തര്‍വാഹിനിയില്‍ നിറഞ്ഞ വിഷപ്പുക ശ്വസിച്ചാണ് നാവികര്‍ മരിച്ചതെന്നാണ് നിഗമനം. എന്നാല്‍ തീപിടുത്തത്തിന് കാരണമായതെന്താണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ബാരന്‍റ്സ് കടലിലെ സെവരോമോര്‍സ്കിലെ നാവിക ആസ്ഥാനത്താണ് നിലവില്‍ അന്തര്‍വാഹിനിയുള്ളതെന്നാണ് അന്തര്‍ദേശീയ മാധ്യമമായ ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഭവത്തില്‍ റഷ്യന്‍ പ്രസിന്‍റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 2000ല്‍ സമാനമായ അപകടത്തില്‍ റഷ്യന്‍ അന്തര്‍വാഹിനിയായ കുര്‍സ്ക് മുങ്ങിപ്പോയതില്‍ 118 നാവികരാണ് കൊല്ലപ്പെട്ടത്. അന്ന് നാവികരെ രക്ഷിക്കുന്നതില്‍ മറ്റ് രാജ്യങ്ങളുടെ സഹായം തേടാതിരുന്നതിന് വ്ളാദിമിര്‍ പുച്ചിന്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. വളരെ വിരളമായാണ് ലോഷറിക് അന്തര്‍വാഹിനിയുടെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുള്ളത്.

