സിയോൾ : അതിർത്തിയിലെ പട്ടണങ്ങളിൽ ഒന്നിലെ ഒരാൾക്ക് കൊവിഡ് രോഗബാധയുള്ളതായി സംശയിച്ചുകൊണ്ടുള്ള  വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രസ്തുത പട്ടണത്തിൽ അടിയന്തരാവസ്ഥയും ലോക്ക് ഡൗണും പ്രഖ്യാപിച്ചിരിക്കയാണ് കിം ജോങ് ഉൻ. ഈ കേസ് സ്ഥിരീകരിക്കപ്പെട്ടാൽ ഇത് ഉത്തര കൊറിയ ഔദ്യോഗികമായി സ്ഥിരീകരണം നൽകുന്ന ആദ്യ കൊവിഡ് പോസിറ്റീവ് കേസാകും ഇത്. 

വിവരമറിഞ്ഞ പാടേ, കൊറിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു അടിയന്തര പൊളിറ്റ് ബ്യൂറോ യോഗം വിളിച്ചു കൂട്ടിയ കിം, 'രാജ്യം വളരെ ഗൗരവമുള്ള ഒരു സാഹചര്യത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ് എന്നും, വൈറസ് അവസാനം രാജ്യത്തിനുള്ളിലേക്ക് കടന്നിരിക്കാൻ സാധ്യതയുണ്ട് എന്നും പ്രസ്താവിച്ചു. 

മൂന്നുവർഷം മുമ്പ് ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്ക് നാടുവിട്ടോടിപ്പോയ ഒരാളാണ് ഇപ്പോൾ രോഗവും കൊണ്ട് തിരികെ അതിർത്തി കടന്ന് എത്തിയിരിക്കുന്നത് എന്ന് ഉത്തരകൊറിയൻ ന്യൂസ് ഏജൻസി ആയ KCNA പറഞ്ഞു. ഇയാളെ ഐസൊലേറ്റ് ചെയ്യാനും, ആളുമായി ബന്ധപ്പെട്ടിട്ടുള്ളവരെ ക്വാറന്റീൻ ചെയ്യാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു. 

എന്നാൽ, കൊവിഡ് ഭേദപ്പെട്ടാലും ഇയാൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കപ്പെടാനുള്ള സാധ്യത വളരെ അധികമാണ്. ഇങ്ങനെ നാടുവിട്ടോടി അന്യനാട്ടിൽ ചെന്നിരുന്നുകൊണ്ട് സ്വന്തം രാജ്യത്തെ വിമർശിക്കുന്നവരെ  'തെരുവുപട്ടികൾ' എന്നും 'മനുഷ്യ വിസർജ്ജ്യങ്ങൾ' എന്നും ഒക്കെയാണ്  ജോങ് ഉന്നിന്റെ സഹോദരി  കിം ജോ യോങ് ആഴ്ചകൾക്ക് മുമ്പ് നടത്തിയ തന്റെ പ്രതികരണത്തിൽ വിശേഷിപ്പിച്ചത്. 

എന്നുമാത്രമല്ല, കഴിഞ്ഞ ജൂലൈ 3 -നും രാജ്യത്ത് ഒരു കൊവിഡ് കേസ് പോലുമില്ല എന്ന അവകാശവാദം കിം ജോങ് ഉൻ നടത്തുകയുണ്ടായിരുന്നു. എന്നാൽ, ഉത്തര കൊറിയ കൊവിഡ് 19 -ന്റെ പിടിയിലാണ് എന്നാണ് പരക്കെയുള്ള അഭ്യൂഹം. നൂറുകണക്കിന് സൈനികർ കൊവിഡ് 19 ബാധിച്ച് മരിച്ചുകഴിഞ്ഞു എന്നും ആയിരക്കണക്കിന് പേര് ക്വാറന്റൈൻ ചെയ്യപ്പെട്ടിരുന്നു എന്നും പല ദക്ഷിണ കൊറിയൻ മാധ്യമങ്ങളും, ഉത്തരകൊറിയൻ വിമതരെ ഉദ്ദാഹരിച്ച് മൂന്നു മാസം മുമ്പേ റിപ്പോർട്ട് ചെയ്തിരുന്നു. ദക്ഷിണ കൊറിയ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന Daily NK  എന്ന വാർത്താസ്ഥാപനം മാർച്ചിൽ റിപ്പോർട്ട് ചെയ്തത്, കഴിഞ്ഞ ജനുവരിയിലും ഫെബ്രുവരിയിലുമായി 180 -ല്പരം ഉത്തരകൊറിയൻ സൈനികർ കൊവിഡ് 19 ബാധിച്ചു മരിച്ചു കഴിഞ്ഞിട്ടുണ്ട് എന്നായിരുന്നു.  എന്നാൽ, അതൊക്കെ നിരാകരിക്കുന്ന നിലപാടായിരുന്നു ഇതുവരെ  ഉത്തര കൊറിയൻ മാധ്യമങ്ങളുടേത്.  

ഈ അഭിപ്രായ ഭിന്നതകൾ നിലനിൽക്കെ ഇപ്പോൾ കിം ജോങ് ഉൻ ഔദ്യോഗികമായിത്തന്നെ ഒരു കൊവിഡ് പോസിറ്റീവ് വാർത്തയെപ്പറ്റി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇനിയെങ്കിലും ഉത്തര കൊറിയയിലെ കൊവിഡ് പ്രതിരോധ നയങ്ങളിൽ കാര്യമായ മാറ്റം പ്രതീക്ഷികാം.