Asianet News MalayalamAsianet News Malayalam

ഓപ്പറേഷൻ അജയ്: ഇസ്രയേലിൽ നിന്നും ആദ്യ വിമാനം ഇന്നെത്തും, 11 മലയാളികളടക്കം 212 യാത്രക്കാർ, ഹെൽപ് ഡെസ്ക് സജ്ജം

ഇസ്രയേലില്‍നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനുശേഷം വരാന്‍ കഴിയാത്തവരും യുദ്ധത്തെതുടര്‍ന്ന് അവിടെനിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെയും ഉള്‍പ്പെടെയാണ് ഇന്ത്യയിലെത്തിക്കുന്നത്.

First  Flight With 212 Indians Takes Off From Israel Under Operation Ajay vkv
Author
First Published Oct 13, 2023, 1:41 AM IST

ദില്ലി: 'ഓപ്പറേഷൻ  അജയ്'യുടെ  ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള  ആദ്യ വിമാനം ഇന്ന് പുലച്ചെ ഇന്ത്യയിലെത്തും.  രാവിലെ 5.30 ന്  ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന എ.ഐ 1140 (AI 1140) നമ്പർ വിമാനത്തിൽ 11 മലയാളികളടക്കമുള്ള 212 ഇന്ത്യക്കാരാണുള്ളത്. ഇസ്രയേലില്‍നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടപ്പാക്കുന്ന ദൌത്യമാണ്  'ഓപ്പറേഷൻ  അജയ്'. ഇന്ത്യ അയച്ച ആദ്യ ചാര്‍ട്ടേഡ് വിമാനം രാത്രിയോടെ ഇസ്രയേലിലെ ടെല്‍അവീവ് വിമാനത്താവളത്തിലെത്തി.

ഇന്ന് പുലർച്ചെയെത്തുന്ന ആദ്യസംഘത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 11 മലയാളികളുണ്ടെന്നാണ് നോര്‍ക്ക നല്‍കുന്ന വിവരം. ഇസ്രയേലില്‍നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനുശേഷം വരാന്‍ കഴിയാത്തവരും യുദ്ധത്തെതുടര്‍ന്ന് അവിടെനിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെയും ഉള്‍പ്പെടെയാണ് ഇന്ത്യയിലെത്തിക്കുന്നത്. മലയാളികളെ  സ്വീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും  എയർപോർട്ടിൽ  ഹെൽപ് ഡെസ്ക് സജ്ജമാക്കിയിട്ടുണ്ട്. ദില്ലിയിലെത്തുന്ന   മലയാളികളെ സഹായിക്കുന്നതിനായി ദില്ലി  കേരള ഹൗസിൽ  24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ആരംഭിച്ചു. കൺട്രോൾ റൂം നമ്പർ: 011 23747079.

ഇവാക്വേഷൻ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി  വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മലയാളി സംഘത്തിന്റെ സ്വീകരണത്തിനായി എല്ലാ തയ്യാറെടുപ്പുകളും  പൂർത്തിയായതായി  കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ അറിയിച്ചു.

വെബ്സെറ്റിൽ രജിസ്റ്റർ ചെയ്യാം

ഇസ്രയേലിൽ നിന്ന് കേരളത്തിലേയ്ക്ക്  തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് കേരള ഹൗസിന്റെ   വെബ് സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കേരളത്തിൽ എത്തുന്നതു വരെയുള്ള തയ്യാറെടുപ്പുകൾ സുഗമമാക്കുന്നതിന് വേണ്ടിയാണിതെന്ന് നോർക്ക ഡെവലപ്മെന്റ് ഓഫീസർ ഷാജിമോൻ അറിയിച്ചു. ലിങ്ക് : https://keralahouse.kerala.gov.i/repatriation-of-keralites-from-israel 

Read More : സംയുക്ത സര്‍ക്കാരില്‍ ചേരില്ലെന്ന് ഇസ്രായേല്‍ പ്രതിപക്ഷ നേതാവ്, ഹമാസ് ആക്രമണം വീഴ്ച്ചയെന്നും വിമര്‍ശനം

Follow Us:
Download App:
  • android
  • ios