കടുത്ത മാനസിക ആഘാതത്തിലായ വിദ്യാര്‍ത്ഥിനി അസാമാന്യ ധൈര്യം സംഭരിച്ച് വിമാനം നിയന്ത്രിക്കുകയും അപകടമൊന്നും കൂടാതെ സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തു. വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.
ബ്യൂണസ് ഐറിസ്: പരിശീലന പറക്കലിനിടെ വിമാനത്തിന്റെ വാതില്‍ തുറന്ന് താഴേക്ക് ചാടി ചീഫ് പൈലറ്റ് മരിച്ചു. പറന്നുയര്‍ന്ന വിമാനത്തില്‍ ഒപ്പമുണ്ടായിരുന്ന 22 വയസ്സുകാരിയായ വിദ്യാര്‍ത്ഥിനി എല്ലാ കഴിവുകളും ഉപയോഗിച്ച് വിമാനം സുരക്ഷിതമായി താഴെയിറക്കി. വിമാനത്തില്‍ വിദ്യാര്‍ത്ഥിനിയെ തനിച്ചാക്കിയാണ് 42 കാരനായ പരിശീലകന്‍ ലിയാന്‍ഡ്രോ ആന്‍ഡ്രേസ് ബെര്‍ട്ടാസോ ജീവനൊടുക്കിയത്. അര്‍ജന്റീനയിലെ മധ്യ പ്രവിശ്യയായ ടോളിഡോയില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
സെസ്‌ന 150 എന്ന ചെറുവിമാനത്തില്‍ സഞ്ചരിക്കുകയായിരുന്നു ലിയാന്‍ഡ്രോ ആന്‍ഡ്രേസ് ബെര്‍ട്ടാസോ. കൂടെ, റൊസാരിയോ എന്ന പെണ്‍കുട്ടി. പരിശീലനം നടത്തുന്നതിനിടയിലാണ് ബെര്‍ട്ടാസോ ഈ തീരുമാനമെടുത്തത്. വിമാനം ആകാശത്തുവെച്ച് നിയന്ത്രിക്കുന്നതിനിടെ ബെര്‍ട്ടാസോ തന്റെ ഹെഡ്സെറ്റും സീറ്റ് ബെല്‍റ്റും ഊരിമാറ്റിയ ശേഷം പെണ്‍കുട്ടിയോട്, 'നിനക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയാമല്ലോ, മുന്നോട്ട് പോവുക' എന്ന് പറയുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിന്റെ വാതില്‍ ബലമായി തുറന്ന് അദ്ദേഹം പുറത്തേക്ക് ചാടി. വിദ്യാര്‍ത്ഥിനി തന്നെയാണ് ഇക്കാര്യം പിന്നീട് പോലീസിനോട് വെളിപ്പെടുത്തിയത്.
മണിക്കൂറില്‍ 200 കിലോമീറ്ററിലധികം വേഗതയില്‍ സഞ്ചരിക്കുന്ന വിമാനത്തിന്റെ വാതില്‍ ആകാശത്തുവെച്ച് തുറക്കുക എന്നത് അപകടകരമായ കാര്യമാണെന്ന് ഫ്‌ലൈയിംഗ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ഇന്‍സ്ട്രക്ടര്‍ താഴേക്ക് ചാടിയതോടെ കടുത്ത മാനസിക ആഘാതത്തിലായ വിദ്യാര്‍ത്ഥിനി അസാമാന്യ ധൈര്യം സംഭരിച്ച് വിമാനം നിയന്ത്രിക്കുകയും അപകടമൊന്നും കൂടാതെ സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തു. വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.
വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള മികച്ചൊരു പൈലറ്റായിരുന്നു ബെര്‍ട്ടാസോ എന്നും, ഇങ്ങനെയൊരു തീരുമാന്െമടുക്കാന്‍ ഇടയായ സാഹചര്യം വ്യക്തമല്ലെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
സംഭവത്തിന് തൊട്ടുമുന്‍പ് മറ്റൊരു വിദ്യാര്‍ത്ഥിയുമായി അദ്ദേഹം വിജയകരമായി പറക്കല്‍ നടത്തിയിരുന്നു. അര്‍ജന്റീനയിലും ചിലിയിലും ദീര്‍ഘകാലം ഫ്‌ലൈറ്റ് ഇന്‍സ്ട്രക്ടറായി ജോലി ചെയ്തിട്ടുള്ള ബെര്‍ട്ടാസോയുടെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.


