Asianet News MalayalamAsianet News Malayalam

ചൈനയിൽ ചുഴലിക്കാറ്റിൽ കനത്ത നാശം: 15 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു, ബംഗ്ലാദേശ് സഹായം നിരസിച്ച് പാകിസ്ഥാൻ

450 കുട്ടികൾ ഉൾപ്പെടെ 1,355 പേരാണ് പാകിസ്ഥാനിലെ പ്രളയത്തിൽ കൊല്ലപ്പെട്ടത്. 

Flood affected Pakistan Rejected Bangladeshs aid Offer
Author
First Published Sep 16, 2022, 11:29 AM IST

ബെയ്ജിംഗ്: ചൈനയുടെ കിഴക്കന്‍ തീരത്ത് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്തമഴയില്‍ നാശനഷ്ടം. ഷാങ്ഹായിലെ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ ഏറെയും റദ്ദാക്കി. കനത്ത മഴയ്ക്ക് പിന്നാലെ പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. ദുരന്ത സാധ്യത മുൻനിര്‍ത്തി പതിനഞ്ച് ലക്ഷത്തിലേറെ പേരെ മാറ്റിപ്പാര്‍പ്പിച്ചു. 1949-ന് ശേഷമുള്ള ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് ചൈനയിൽ ഇക്കുറി വീശിയടിച്ചത്.

ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം പൊതുജനങ്ങൾക്കായി തുറന്നു 

കൊളംബോ: ദക്ഷിണ ഏഷ്യയിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടം പൊതുജനങ്ങള്‍ക്കായി തുറന്നു. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലാണ് 350 മീറ്റര്‍ ഉയരമുള്ള ലോട്ടസ് ടവര്‍ സ്ഥിതി ചെയ്യുന്നത്. ചൈനയുടെ സാമ്പത്തിക സഹായത്തോടെയാണ് ടവറിൻ്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 29 നിലയുള്ള ‍ ടവറില്‍ നിന്നും 20 മിനിറ്റ് നേരത്തോളം നഗരക്കാഴ്ചകൾ കണ്ട് ആസ്വാദിക്കാൻ ഇരുന്നൂറ് രൂപയാണ് ചാര്‍ജ്ജ് ചെയ്യുന്നത്. 

ബംഗ്ലാദേശ് നൽകിയ സഹായം വാഗ്ദാനം നിരസിച്ച് പാകിസ്ഥാൻ 

ധാക്ക: പ്രളയത്തിൽ നിന്നും കര കയറാൻ ബംഗ്ലാദേശ് നൽകിയ സഹായവാഗ്ദാനം നിരസിച്ച് പാകിസ്ഥാൻ. പ്രളയം തകർത്ത പാകിസ്ഥാന് അടിയന്തര സഹായമായി 14 മില്ല്യണ്‍ രൂപയുടെ സഹായമാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വാഗ്ദാനം ചെയ്തത്. എന്നാൽ പാകിസ്ഥാനിൽ സ്വാതന്ത്ര്യം നേടിയ ബംഗ്ലാദേശിൽ നിന്നും ദുരിതാശ്വാസ സഹായങ്ങൾ സ്വീകരിക്കുന്നത് ആഗോള പ്രതിച്ഛായയെ ബാധിക്കുമെന്ന ഭയം കാരണമാണ് പാകിസ്ഥാൻ സഹായം നിരസിച്ചതെന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്.

1971-ൽ ബംഗ്ലാദേശിനെതിരെ നടത്തിയ വംശഹത്യയെ ഇപ്പോഴും നിഷേധിക്കുന്ന പാക് സൈന്യത്തിന് ഒരുകാലത്ത് പാകിസ്ഥാൻ്റെ ഭാഗമായിരുന്ന ഒരു രാജ്യത്ത് നിന്ന് എന്തെങ്കിലും സഹായം സ്വീകരിക്കുന്നത് നാണക്കേടുണ്ടാക്കുമെന്ന് ബംഗ്ലാദേശ് ലൈവ് ന്യൂസ് വാര്‍ത്തയിൽ പറയുന്നു.

പാക്കിസ്ഥാൻ ദേശീയ ദുരന്ത നിവാരണ ഏജൻസിയുടെ കണക്കനുസരിച്ച്, പാകിസ്ഥാന്റെ വടക്കൻ പർവതങ്ങളിൽ ഉണ്ടായ അസാധാരണമായ കനത്ത മൺസൂൺ മഴയും രൂക്ഷമായ മഞ്ഞുരുകലും വലിയ വെള്ളപ്പൊക്കത്തിന് കാരണമായി. ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പ്രളയം എന്ന വിശേഷിപ്പിക്കപ്പെട്ട ഈ പ്രകൃതി ദുരന്തംഏകദേശം 33 ദശലക്ഷം ആളുകളെ ബാധിച്ചു. 450 കുട്ടികൾ ഉൾപ്പെടെ 1,355 പേരാണ് പ്രളയത്തിൽ കൊല്ലപ്പെട്ടത്. 

ഹങ്കറിയിൽ ഗ‍ര്‍ഭച്ഛിദ്രം നിയമം കര്‍ശനമാക്കിയതിനെതിരെ ജനരോഷം 

ഹങ്കറിയിൽ ഗർഭച്ഛിദ്ര നിയമം കർശനമാക്കിയ സർക്കാർ നടപടിക്കെതിരെ പ്രതിഷേധം. ഗർഭച്ഛിദ്രത്തിന് വിധേയരാകും മുന്പ് എല്ലാ സ്ത്രീകൾക്കും കുഞ്ഞിന്‍റെ ഹൃദയമിടിപ്പ് കേൾപ്പിക്കണമെന്ന വ്യവസ്ഥയാണ് എതിർപ്പിന് ഇടയാക്കുന്നത്. ക്രൂരമായ നടപടിയെന്നാണ് പ്രതിപക്ഷ പാർട്ടികളുടെയും, ഡോക്ടർമാരുടെയും വാദം.

Follow Us:
Download App:
  • android
  • ios