ഫ്ലോറിഡ: ചൂണ്ടയിട്ട് പിടികൂടിയ സ്രാവിനെ അതിവേഗ ബോട്ടിന്റെ പിറകിൽ കെട്ടിവലിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിന് കോടതി തടവുശിക്ഷ വിധിച്ചു. റോബർട്ട് ലീ ബെനക് എന്ന 30കാരനാണ് മൃഗങ്ങൾക്കെതിരായ ക്രൂരകൃത്യം തടയുന്ന നിയമപ്രകാരം ശിക്ഷ വിധിച്ചത്.

സ്രാവിനെ പിടികൂടുന്നതടക്കമുള്ള സംഭവങ്ങളുടെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് ബെനകിനെതിരെ കേസെടുത്തതും, ശിക്ഷ വിധിച്ചതും. ബോട്ടിൽ കെട്ടുന്നതിന് മുൻപ് സ്രാവിന് നേരെ, തങ്ങളുടെ പക്കലുണ്ടായിരുന്ന തോക്കുപയോഗിച്ച് ഇദ്ദേഹം വെടിവച്ചിരുന്നു. ബോട്ടിൽ കെട്ടിവലിച്ച സമയത്ത് ബെനകും സുഹൃത്തുക്കളും സ്രാവിനെ നോക്കി പൊട്ടിച്ചിരിച്ചിരുന്നു. 

മിയാമി ചാർട്ടർ ഫിഷർമാൻ മാർക് ക്വാർട്ടിനോ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇത് വളരെയേറെ ഭീതിയുളവാക്കുന്നതാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. യുവാക്കളുടെ പ്രവൃത്തിക്കെതിരെ നിരവധി പേരാണ് വിമർശനവുമായി രംഗത്ത് വന്നത്. ഇതിന് പിന്നാലെയാണ് കേസ് കോടതിയിലെത്തിയത്.

വാരാന്ത്യങ്ങളിലാണ് തടവുശിക്ഷ അനുഭവിക്കേണ്ടത്. ഇതിന് പുറമെ 11 മാസം പ്രൊബേഷൻ, 2500 രൂപ പിഴ എന്നിവയും ശിക്ഷയിലുണ്ട്. 250 മണിക്കൂർ സാമൂഹ്യസേവനം നടത്തണമെന്നും ഇതിൽ 125 മണിക്കൂർ മൃഗപരിപാലന കേന്ദ്രത്തിൽ ആയിരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. മൂന്ന് വർഷത്തേക്ക് ബെനകിന്റെ മത്സ്യബന്ധന ലൈസൻസ് കോടതി പിൻവലിച്ചു. ബെനകിനൊപ്പമുണ്ടായിരുന്ന മൈക്കൽ വെൻസെൽ, സ്പെൻസർ ഹെയിന്റസ് എന്നിവർക്കെതിരെയും കേസെടുത്തിരുന്നു. വെൻസലിനും പത്ത് ദിവസം തടവുശിക്ഷ വിധിച്ചിട്ടുണ്ട്.