ഫ്ലൈ ദുബായ് വിമാനത്തിൽ നടന്നത് ഭീകരപ്രവർത്തന ശ്രമമെന്ന് യുഎഇ ഫെഡറൽ പ്രോസിക്യൂട്ടർ കൗൺസിലർ ഡോ. ഹമദ് സൈഫ് അൽ ഷംസി അറിയിച്ചു. കോക്പിറ്റിൽ വെച്ച് സഹപൈലറ്റ് പെട്ടെന്ന് ക്രാഷ് ആക്സ് (മഴു) ഉപയോഗിച്ച് പൈലറ്റിനെ ക്രൂരമായി ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുകയുമായിരുന്നു.
അബുദാബി: ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റ് ഭീകരപ്രവർത്തനത്തിന് ശ്രമിച്ചതായി യുഎഇ ഫെഡറൽ പ്രോസിക്യൂട്ടർ കൗൺസിലർ ഡോ. ഹമദ് സൈഫ് അൽ ഷംസി അറിയിച്ചു. ഇസ്രയേലിലേക്ക് സർവീസ് നടത്തിയ എഫ്ഇസെഡ്1073 ഫ്ലൈ ദുബായ് വിമാനത്തിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
കോക്പിറ്റിൽ വെച്ച് സഹപൈലറ്റ് പെട്ടെന്ന് ക്രാഷ് ആക്സ് (വിമാനങ്ങളിൽ അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ സൂക്ഷിച്ചിരിക്കുന്ന ഒരു പ്രത്യേക തരം മഴു) ഉപയോഗിച്ച് പൈലറ്റിനെ ക്രൂരമായി ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് അടിയന്തര നീക്കങ്ങളിലൂടെയാണ് വൻ ദുരന്തം ഒഴിവായത്. സംഭവത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യങ്ങളെക്കുറിച്ചും ഇതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഫെഡറൽ പ്രോസിക്യൂട്ടർ വ്യക്തമാക്കി. വിമാനത്തിലെ സാങ്കേതിക പരിശോധനകളും ഡിജിറ്റൽ, ഭൗതിക തെളിവുകളുടെ വിശകലനവും നടന്നുവരികയാണ്. അന്വേഷണ നടപടികൾ പൂർത്തിയായ ശേഷം കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.
സെപ്റ്റംബർ 30-നാണ് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന എഫ് ഇസെഡ് 1073 വിമാനത്തിന്റെ കോക്ക്പിറ്റിൽ ജീവനക്കാർ തമ്മിൽ രൂക്ഷമായ തർക്കവും കൈയാങ്കളിയും ഉണ്ടായത്. വിമാനത്തിലുണ്ടായിരുന്ന മറ്റ് ക്രൂ അംഗങ്ങൾ ഇടപെട്ട് സാഹചര്യം നിയന്ത്രണവിധേയമാക്കുകയും, തുടര്‍ന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട് സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുകയുമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചിരുന്നു. സഹ പൈലറ്റിന്റെ ആക്രമണത്തെ ധീരമായി ചെറുത്ത ഇന്ത്യാക്കാരനായ പൈലറ്റ് സ്മിത് മച്ചാറിന് അഭിനന്ദന പ്രവാഹമാണ്. സ്മിത് മച്ചാർ ഹീറോയെന്ന് ട്രംപും നെതന്യാഹുവും പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്മിത് മച്ചാറിനെ പ്രശംസിച്ചു. ക്യാപ്റ്റൻ മച്ചാറിന്‍റെ ധീരതയിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.


