ആക്രമണം നടത്തിയ സഹ പൈലറ്റിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റുകളും ലിങ്ക്ഡ്ഇൻ പ്രൊഫൈലും ഉദ്ധരിച്ചാണ് സിഎൻഎൻ റിപ്പോർട്ട്.
വാഷിങ്ടണ്‍: ഫ്ലൈ ദുബായ് വിമാനത്തിൽ ആക്രമണം നടത്തിയ സഹ പൈലറ്റിൻ്റെ വിവരങ്ങൾ പുറത്തുവിട്ട് സിഎൻഎൻ. അക്രമം നടത്തിയ സഹ പൈലറ്റ് ഹമാം അൽ-ഹമ്മാമി എന്ന ഒമാനി പൗരനെന്നാണ് സിഎൻഎൻ റിപ്പോർട്ട്. ഇയാൾ ഒമാൻ എയറിൽ ഏഴ് വർഷം ജോലി ചെയ്തുവെന്ന് ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ പറയുന്നു. ലിങ്ക്ഡ്ഇൻ പ്രൊഫൈൽ ഇപ്പോൾ നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്. 2025 ജൂണിൽ റോയൽ എയർ മൊറോക്കോയിൽ ചേർന്നു. ഈ വർഷം ആദ്യമാണ് റോയൽ എയർ വിട്ട് ഫ്ലൈ ദുബായിൽ എത്തിയത്. എന്നാൽ സഹപൈലറ്റിനെ സംബന്ധിച്ചും ഇയാൾ എന്തിന് വിമാനത്തിൽ ആക്രമണം നടത്തി എന്നത് സംബന്ധിച്ചും ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല.
ഹമാം അൽ-ഹമ്മാമിയുടെ പിതാവ് ഒമാൻ പൌരനാണ്. മാതാവ് സിറിയക്കാരിയും. ഇയാൾ തീവ്ര നിലപാടുകളുള്ള വ്യക്തിയായിരുന്നുവെന്ന് സാമൂഹിക മാധ്യമ അക്കൌണ്ടുകളിലെ പോസ്റ്റുകൾ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഒമാൻ എയറിൽ ആയിരിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ പൈലറ്റ് ജോലിയിൽ നിന്ന് ഇയാളെ മാറ്റിയിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് ഇയാൾ ജോലി ഉപേക്ഷിച്ചുപോയി. അതിനു ശേഷമാണ് റോയൽ എയർ മൊറോക്കോയിൽ ചേർന്നത്. ഫ്ലൈ ദുബായിൽ എത്തിയിട്ട് എട്ട് മാസമേ ആയിട്ടുള്ളൂ. സൗദി അധികൃതരും ഇസ്രയേലി ഉദ്യോഗസ്ഥരും അക്രമിയെ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. എന്തായിരുന്നു ഇയാളുടെ ലക്ഷ്യം എന്നത് ഉൾപ്പെടെയുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ആഗോള തലത്തിൽ വിമാനയാത്രാ സുരക്ഷയെ സംബന്ധിച്ച ആശങ്കകൾ ഉയർന്നതോടെ പൈലറ്റുമാരെ നിയമിക്കുന്നതിൽ കൂടുതൽ കർശനമായ നിരീക്ഷണങ്ങൾ ഉണ്ടായേക്കും. വിമാന കമ്പനികൾ പിരിച്ചു വിടുന്ന പൈലറ്റുമാരെ സംബന്ധിച്ചുള്ള പ്രത്യേക ഡാറ്റ സംവിധാനം കൊണ്ടുവരാൻ സാധ്യതയുണ്ട്.
