ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ലാൻഡ് ചെയ്തു. വിമാനത്തിൽ നിന്ന് ഹൈജാക്ക് കോഡ് ഉൾപ്പെടെയുള്ള അപായ സൂചനകൾ ലഭിച്ചതിനെ തുടർന്നാണ് ഈ നടപടിയെന്ന് റിപ്പോർട്ടുകളുണ്ട്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി.

ദുബായ്: ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനം സാങ്കേതിക കാരണങ്ങളാൽ സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ബുധനാഴ്ച യാത്രാമധ്യേ ഉണ്ടായ അപ്രതീക്ഷിത സംഭവത്തെ തുടർന്നാണ് വിമാനം ലാൻഡ് ചെയ്തതെന്ന് ഫ്ലൈ ദുബായ് വക്താവ് ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബെൻ ഗുറിയൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സർവീസ് നടത്തിയ എഫ് ഇസെഡ് 1073 വിമാനമാണ് തബൂക്ക് എയർപോർട്ടിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും എല്ലാവരെയും കൃത്യമായി കണ്ടെത്താനായിട്ടുണ്ടെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കി.

എന്നാൽ വിമാനത്തിനുള്ളിൽ സംഭവിച്ച അടിയന്തര സാഹചര്യത്തിന്റെ കൃത്യമായ സ്വഭാവം എന്താണെന്ന് ഫ്ലൈ ദുബായ് നിലവിൽ വെളിപ്പെടുത്തിയിട്ടില്ല. "ഞങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഞങ്ങൾ എപ്പോഴും മുൻഗണന നൽകുന്നത്" എന്ന് ഫ്ലൈ ദുബായ് വക്താവ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട പ്രാദേശിക, വ്യോമയാന അധികൃതരുമായി ചേർന്ന് കമ്പനി പരിശോധിച്ച് വരികയാണ്. കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കുന്ന മുറയ്ക്ക് പുറത്തുവിടുമെന്നും എയർലൈൻ അറിയിച്ചു.

അതേസമയം വിമാനം തട്ടിക്കൊണ്ടുപോകാൻ ശ്രമം നടക്കുന്നുവെന്ന് വ്യക്തമാക്കുന്ന കോഡ് ഉൾപ്പെടെ രണ്ട് അടിയന്തര അപായ സൂചനകൾ വിമാനത്തിൽ നിന്ന് ട്രാൻസ്മിറ്റ് ചെയ്യപ്പെട്ടതോടെയാണ് വിമാനം അടിയന്തരമായി തിരിച്ച് വിട്ടതെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോ‍ർട്ടുകൾ. വിമാനത്തിൽ പൈലറ്റുമാർ തമ്മിൽ രൂക്ഷമായ വഴക്കുണ്ടായെന്നും ആക്രമിച്ചെന്നും തുടർന്ന് വിമാനം ഹൈജാക്ക് ചെയ്തുവെന്ന തെറ്റായ സൂചന നൽകുകയായിരുന്നെന്നും ചില ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.