റോം: കൊറോണ വൈറസിന്‍റെ വ്യാപനത്തിന്റെ ഭീതി വ്യക്തമാക്കി ഇറ്റലിയിലെ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍. ഇറ്റലിയിലെ ബെര്‍ഗാമോയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ആശുപത്രിയിലെ തിരക്ക് നിയന്ത്രിക്കാനാവാതെ കഷ്ടപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. തലയ്ക്ക് മുകളിലൂടെ പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള വെന്‍റിലേഷന്‍ കവര്‍ ഉപയോഗിക്കുന്ന രോഗികളെ പരിചരിക്കാന്‍ കഷ്ടപ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകരെയും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ബെര്‍ഗാമോയില്‍ ഐസിയും വാര്‍ഡാക്കി മാറ്റിയ പാപ്പ ജിയോവന്നി 23 ഹോസ്പിറ്റലില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. വാര‍ഡുകളിലും വരാന്തകളിലും രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പരിമിതമായ സൌകര്യങ്ങള്‍ക്ക് ഇടയില്‍ പരമാവധി സേവനങ്ങള്‍ ചെയ്യുന്ന നഴ്സുമാരേയും കാണാന്‍ കഴിയും. മാര്‍ച്ച് 19ന് എടുത്ത ദൃശ്യങ്ങളാണ് അന്തര്‍ദേശീയമാധ്യമമായ സ്കൈ ന്യൂസ് പുറത്ത് വിട്ടിരിക്കുന്നത്.

 

കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ച ഇറ്റലിയിലെ നഗരങ്ങളില്‍ ഉള്‍പ്പെട്ടതാണ് ബെര്‍ഗാമോ. മാര്‍ച്ച് എട്ട് മുതല്‍ കര്‍ശന നിയന്ത്രണത്തിന്‍റെ ഭാഗമായി അടഞ്ഞ് കിടക്കുന്ന ഈ നഗരത്തില്‍ ഇതുവരെ 4645 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധമൂലമുള്ള ഗുരുതര ന്യൂമോണിയ ബാധിച്ച് ഓരോ ദിവസവും അന്‍പതിലേറെ രോഗികളാണ് ഇവിടെയെത്തുന്നതെന്ന് എമര്‍ജന്‍സ് വിഭാഗം തലവന്‍ ഡോ റോബര്‍ട്ടോ കോസെന്‍റിനി സ്കൈ ന്യൂസിനോട് പറഞ്ഞു.

ഓക്സിജന്‍റെ ലഭ്യതക്കുറവാണ് രോഗികള്‍ നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടെന്നും ഡോക്ടര്‍ റോബര്‍ട്ടോ കോസെന്‍റിനി പറയുന്നു. പള്ളികളില്‍ ആരാധനയില്ല. ജിമ്മുകള്‍ മോര്‍ച്ചറിയാക്കേണ്ടി വരുന്ന സ്ഥിതിയാണ് നേരിടുന്നതെന്നും അധികൃതര്‍ വിശദമാക്കുന്നു. പോന്‍റെ സാന്‍ പിയട്രോ ആശുപത്രിയുടെ ജിം ഇതിനോടകം മോര്‍ച്ചറിയായി രൂപാന്തരപ്പെടുത്തിയിരിക്കുകയാണ്. വടക്കന്‍ ഇറ്റലിയില്‍ പതിനാറ് മില്യണ്‍ ആളുകളെയാണ് ക്വാറന്‍ന്‍റൈന്‍ ചെയ്തിട്ടുള്ളത്.