കഴിഞ്ഞ ദിവസം വനത്തിലൂടെ നടക്കുകയായിരുന്ന ഒരു കുടുംബത്തിന് മുന്നിലേക്ക് പൊന്തക്കാടിനു പിന്നിൽ നിന്ന് പൂർണ നഗ്നനായ ഒരു യുവാവ് ചാടിവീഴുകയുണ്ടായി.
നോട്ടിങ്ഹാം: ഷെർവുഡ് ഫോറസ്റ്റ് എന്നത് ഇംഗ്ലണ്ടിലെ നോട്ടിങ്ഹാംഷെയറിലെ സുപ്രസിദ്ധമായ ഒരു വനത്തിന്റെ പേരാണ്. പണ്ടുകാലത്ത് റോബിൻഹുഡ് എന്ന കുപ്രസിദ്ധനായ കൊള്ളക്കാരൻ വിലസിയിരുന്നത് ഇതേ ഷെർവുഡിന്റെ ഉൾക്കാടുകളിലായിരുന്നു എന്നാണ് ഇംഗ്ലീഷ് നാടോടിക്കഥകളിൽ നമ്മൾ വായിച്ചിട്ടുള്ളത്. എന്നാൽ ആ നാടോടിക്കഥകളിലൊന്നും തന്നെ ഈ കൊള്ളക്കാർക്ക് ന്യൂഡിസ്‌റ്റുകളായ വിനോദ സഞ്ചാരികളെക്കൊണ്ട് ഒരു ശല്യവും ഉണ്ടായിരുന്നതായി പരാമർശമില്ല. എന്നാൽ ഈയടുത്ത ദിവസങ്ങളിൽ കാടുകാണാൻപോയ പല സൈക്ലിസ്റ്റുകളും, കാൽനടക്കാരും പറയുന്നത് തങ്ങളുടെ യാത്രക്കിടെ അവിചാരിതമായി കണ്ട നഗ്നസഞ്ചാരികളെക്കുറിച്ചാണ്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഷെർവുഡ് വനത്തിനുള്ളിൽ ഇങ്ങനെ നൂൽബന്ധമില്ലാതെ ചുറ്റിത്തിരിയുന്ന സാഹസികരുടെ പ്രയാണം, അതുവഴി പോകുന്ന മറ്റുള്ള വിനോദ സഞ്ചാരികൾക്ക് വലിയ ശല്യമാകുന്നുണ്ട് എന്നും, വനത്തിനുള്ളിൽ നഗ്നരായി നടക്കുക എന്ന ലക്‌ഷ്യം വെച്ച് വരുന്നവരെ നിയന്ത്രിക്കണമെന്നുമുള്ള പരാതി ഇതിനകം തന്നെ നോട്ടിങ്ഹാം കൗണ്ടി കൗൺസിലിന് കിട്ടിക്കഴിഞ്ഞു.

റോബിൻഹുഡിന്റെയും, വനമധ്യത്തിലുള്ള ആയിരം വർഷം പഴക്കമുള്ള മേജർ ഓക്കിന്റെയും പേരിൽ പ്രസിദ്ധമായ ഷെർവുഡ് ഫോറസ്റ്റ് അറിയപ്പെടുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്. കുട്ടികളെയും കൊണ്ട് പലരും തങ്ങളുടെ അവധിദിവസങ്ങൾ ചെലവിടാൻ പോവുന്ന ഈ കാട്ടിലേക്കാണ് നഗ്നസഞ്ചാരവും, കാട്ടിനുള്ളിലെ തികഞ്ഞ പ്രാകൃതിക സാഹചര്യങ്ങളിൽ നടത്തുന്ന രതിയും ലക്ഷ്യമിട്ട് പല ന്യൂഡിസ്‌റ്റുകളും വന്നുതുടങ്ങിയിട്ടുള്ളത്. കഴിഞ്ഞ ദിവസം വനത്തിലൂടെ നടക്കുകയായിരുന്ന ഒരു കുടുംബത്തിന് മുന്നിലേക്ക് പൊന്തക്കാടിനു പിന്നിൽ നിന്ന് പൂർണ നഗ്നനായ ഒരു യുവാവ് ചാടിവീഴുകയുണ്ടായി.
ഷെർവുഡ് ഫോറസ്റ്റിനു തൊട്ടപ്പുറത്തു തന്നെ ഒരു ന്യൂഡിസ്റ്റ് ഫോറസ്റ്റ് ഉണ്ടെന്നും, അവിടേക്ക് പോവാതെ, സാധാരണക്കാർ വരുന്ന ഷെർവുഡിലേക്ക് കടന്നു ചെന്ന് ഇങ്ങനെ ചെയ്യുന്നത് മര്യാദകേടാണ് എന്നും ചില സഞ്ചാരികൾ തങ്ങളുടെ പരാതിയിൽ പറഞ്ഞു.
