ഒസാമ ബിൻ ലാദനെ അമേരിക്ക മറന്നോ എന്ന് ചോദ്യം ഉന്നയിച്ച് ശശി തരൂർ. പാകിസ്ഥാൻ സൈനിക മേധാവിയുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ചയെ തുടർന്നാണ് തരൂരിന്റെ പ്രതികരണം.

തിരുവനന്തപുരം: ഒസാമ ബിൻ ലാദനെ അമേരിക്ക ഇത്രവേഗം മറന്നോയെന്ന ചോദിച്ച് തിരുവനന്തപുരം എംപി ശശി തരൂർ. 2001ലെ വേൾഡ് ട്രേഡ് സെന്‍റർ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച, ഏകദേശം 3,000 ആളുകളുടെ മരണത്തിന് കാരണക്കാരനായ അൽ ഖ്വയ്ദ ഭീകരനായ ഒസാമ ബിൻ ലാദനെ ഓർക്കണം എന്നാണ് തരൂരിന്‍റെ സന്ദേശം.

ബുധനാഴ്ച അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും പാക് സൈനിക മേധാവി ജനറൽ അസിം മുനീറുമായുള്ള കൂടിക്കാഴ്ച നടന്നതോടെയാണ് തരൂര്‍ അമേരിക്കൻ ജനതയ്ക്ക് ഇങ്ങനെയൊരു സന്ദേശം നൽകിയത്. "പാക് പ്രതിനിധി സംഘത്തെ കണ്ട ചില സെനറ്റർമാരും കോൺഗ്രസ് അംഗങ്ങളും (ഇക്കാര്യം സൂചിപ്പിച്ചു)... പക്ഷേ അമേരിക്കയിലെ ജനങ്ങൾക്ക് ഒസാമ സംഭവങ്ങൾ ഇത്ര വേഗത്തിൽ മറക്കാൻ കഴിയില്ല. ഒരു ആർമി ക്യാമ്പിന് സമീപം ഈ മനുഷ്യനെ അവർ ഒളിപ്പിച്ചുതാമസിപ്പിച്ചതിൽ പാകിസ്ഥാന്‍റെ പങ്ക് അമേരിക്കക്കാർക്ക് അത്ര പെട്ടെന്ന് ക്ഷമിക്കാൻ കഴിയില്ല" ശശി തരൂര്‍ പറഞ്ഞു.

ഈ കൂടിക്കാഴ്ചകളിൽ, സ്വന്തം മണ്ണിൽനിന്ന് ഭീകരരെ ഇന്ത്യയിലേക്ക് അയയ്ക്കുന്നതിനും അവർക്ക് പരിശീലനം നൽകുന്നതിനും ആയുധങ്ങളും സാമ്പത്തിക സഹായവും നൽകുന്നതിനും പാകിസ്ഥാനെ അനുവദിക്കരുതെന്ന് അമേരിക്കക്കാർ ഓർമ്മിപ്പിച്ചിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കെതിരായ ഭീകരാക്രമണങ്ങളെ പിന്തുണയ്ക്കുകയും യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണത്തിന് ഉത്തരവാദിയായ ഒരാളെ ഒളിപ്പിക്കുകയും ചെയ്ത പാകിസ്ഥാൻ ഭരണകൂടത്തെ വിശ്വസിക്കരുത് എന്ന വ്യക്തമായ മുന്നറിയിപ്പാണ് ശശി തരൂര്‍ നൽകിയത്.

അതേസമയം, അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനാണ് പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ ശുപാർശ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം നടന്ന ഇന്ത്യ - പാകിസ്ഥാൻ സംഘർഷം ആണവ യുദ്ധത്തിൽ എത്താതെ തടഞ്ഞത് ട്രംപാണെന്ന് അവകാശപ്പെട്ടാണ് ഈ ശുപാർശയെന്ന് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി പറഞ്ഞു. ബുധനാഴ്ച അസിം മുനീറിന് ട്രംപ് വൈറ്റ് ഹൗസിൽ സ്വീകരണമൊരുക്കിയിരുന്നു.