കെയ്‍റോ: നീണ്ട മുപ്പതുവർഷകാലം ഈപ്ജിത് ഭരിച്ച മുൻ പ്രസിഡന്റ് ഹോസ്‍നി മുബാറക് അന്തരിച്ചു. 91 വയസ്സായിരുന്നു. ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ചികിത്സയില്‍ കഴിയുകയായിരുന്ന ഹോസ്‍നി മുബാറക് ചൊവ്വാഴ്‍ചയാണ് മരിച്ചതെന്ന് ഈജിപ്‍തിലെ ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്‍തു. ജനുവരിയിലാണ് ഹോസ്നിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.

മൂന്നു പതിറ്റാണ്ടുകാലം ഈജിപ്‍ത് ഭരിച്ച ഹോസ്‍നി മുബാറകിന് 2011-ലെ അറബ് വസന്തത്തിന്‍റെ ഭാഗമായി നടന്ന വിപ്ലവത്തിനൊടുവിലാണ് അധികാരം നഷ്‍ടമായത്. പ്രക്ഷോഭകാരികളെ കൂട്ടക്കൊല ചെയ്‌തെന്ന കുറ്റമാരോപിച്ച് 2012ൽ ഹോസ്‌നി മുബാറകിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. തുടർന്ന് അഞ്ച് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം 2017 മാർച്ചിൽ ഹോസ്നി ജയില്‍ മോചിതനായി.

എയർ ഫോഴ്സിൽ സേവനമനുഷ്ഠിക്കുന്നതിനിടെയാണ് 1973ലെ അറബ്-ഇസ്രായേൽ യുദ്ധത്തിൽ ഹോസ്നി നിർണായക പങ്കുവഹിച്ചത്. പ്രസിഡന്റ് അൻവർ സാദത്തിന്റെ വധത്തിന് പിന്നാലെയാണ് ഹോസ്നി ഈപ്ജിത്തിന്റെ അധികാര പദവിയിലെത്തുന്നത്. ഇസ്രായേൽ-പലസ്തീൻ സമാധാന ചർച്ചകളിലും ഹോസ്നി നിർണായക പങ്കുവഹിച്ചിരുന്നു. എന്നാൽ, 2011ലെ ബഹുജന പ്രക്ഷോഭം ശക്തിപ്പെട്ടതോടെ ഹോസ്‌നി മുബാറകിന് സ്ഥാനമൊഴിയേണ്ടി വന്നു. ഇതിന് ശേഷം അധികാരത്തില്‍ വന്ന മുഹമ്മദ് മുര്‍സിയുടെ ഭരണകാലത്തായിരുന്നു ഹോസ്നിയെ വിചാരണക്ക് ഉത്തരവിട്ടത്.

ഹോസ്‌നി മുബാറക്കിന്റെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരായ ജനകീയ പ്രക്ഷോഭത്തിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ മൊര്‍സിയുടെ നേതൃത്വത്തില്‍ മത യാഥാസ്ഥിതിക കക്ഷിയായ മുസ്ലീം ബ്രദര്‍ഹുഡ് ആണ് ഈജിപ്റ്റില്‍ അധികാരത്തിലെത്തിയത്. ഈജിപ്റ്റില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആദ്യ ഭരണത്തലവനാണ് മൊഹമ്മദ് മൊര്‍സി. എന്നാല്‍ മൊര്‍സിയുടെ ഗവണ്‍മെന്റിനെതിരെയും ജനകീയ പ്രക്ഷോഭമുണ്ടായിരുന്നു. 2013ല്‍ പട്ടാള അട്ടിമറിയിലൂടെയാണ് മൊര്‍സി അധികാര ഭ്രഷ്ടനായത്. കഴിഞ്ഞ വർഷം ജൂണിലാണ് മൊഹമ്മദ് മൊര്‍സി (67) അന്തരിച്ചത്. കോടതി നടപടിക്കിടെ കുഴഞ്ഞുവീണാണ് മൊർസി മരിച്ചതെന്ന് ഈജിപ്റ്റ് സ്റ്റേറ്റ് മീഡിയയെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.