പാരിസ്: മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഴാക് ഷിറാക് അന്തരിച്ചു. 86 വയസ്സായിരുന്നു. യൂറോപ്പിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രാഷ്ട്രീയ ജീവിതം നയിച്ച നേതാക്കളില്‍ ഒരാളാണ് ഴാക് ഷിറാക്. ഏറെ നാളായി പക്ഷാഘാതത്തെ തുടര്‍ന്നുണ്ടായ ഓര്‍മ്മക്കുറവ് മൂലം ചികിത്സയിലായിരുന്നു. 

1995 മുതല്‍ 2007 വരെ ഫ്രഞ്ച് പ്രസിഡന്‍റായും 1974-1976, 1986 -1988 കാലയളവില്‍ രണ്ട് തവണ ഫ്രഞ്ച് പ്രധാനമന്ത്രിയായും പ്രവര്‍ത്തിച്ചു. 18 വര്‍ഷക്കാലം പാരിസ് നഗരത്തിന്‍റെ മേയറായിരുന്നു. ഇറാഖ് യുദ്ധകാലത്ത് അമേരിക്കന്‍ നിലപാടുകളോട് വിയോജിച്ച് ശ്രദ്ധേയനായി. 1999 ലെ ഇന്ത്യന്‍ ആണവ പരീക്ഷണത്തെയും ഷിറാക് അനുകൂലിച്ചിരുന്നു.

2011- ല്‍ പാരിസ് മേയറായിരുന്ന കാലയളവില്‍ അഴിമതിക്കേസില്‍ കോടതി രണ്ടുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. ഴാക് ഷിറാകിന്‍റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഇന്ത്യയുടെ അടുത്ത സുഹൃത്തായിരുന്നു ഷിറാക് എന്ന് മോദി പറഞ്ഞു.