താമസിക്കുന്ന ഫ്ലാറ്റിൽ നിന്നാണ് ചെസ്ലി ജീവനൊടുക്കിയത്. മരിക്കുന്ന ദിവസം രാവിലെയും ചെസ്ലി ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു

ന്യൂയോർക്ക്: മുൻ മിസ് അമേരിക്ക അറുപത് നില കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ (Suicide) ചെയ്തു. 30 കാരിയായ ചെസ്ലി ക്രിസ്റ്റ് (Cheslie Kryst) ആണ് ജീവനൊടുക്കിയത്. ടി വി അവതാരക, ഫാഷൻ ബ്ലോഗർ, അഭിഭാഷക എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. താമസിക്കുന്ന ഫ്ലാറ്റിൽ നിന്നാണ് ചെസ്ലി ജീവനൊടുക്കിയത്. 

ഞായറാഴ്ച രാവിലെ ഏഴോടെ മൻഹട്ടനിലെ 60 നിലയുള്ള കെട്ടിടത്തിൽനിന്നാണ് ചെസ്ലി ചാടിയതെന്ന് ന്യൂയോർക്ക് സിറ്റി പോലീസ് അറിയിച്ചു. മരിക്കുന്ന ദിവസം രാവിലെയും ചെസ്ലി ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ഈ ദിവസം ശാന്തിയും സമാദാനവും തരട്ടേ എന്ന കുറിപ്പോടെയാണ് അവർ ഇൻസ്റ്റഗ്രാമിൽ ഏറ്റവും ഒടുവിലായി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

അതീവ ദുഃഖത്തോടെ ഞങ്ങളുടെ പ്രിയപ്പെട്ട ചെസ്ലിയുടെ വേർപാട് അറിയിക്കുന്നു," എന്ന് ചെസ്ലിയുടെ കുടുംബം പ്രസ്താവനയിൽ പറഞ്ഞു. "സൗന്ദര്യവും ശക്തിയും കൊണ്ട് അവൾ ലോകമെമ്പാടുമുള്ളവരെ പ്രചോദിപ്പിച്ചു. അവൾ ചേർത്ത് നിർത്തി, അവൾ സ്നേഹിച്ചു, അവൾ ചിരിച്ചു, അവൾ തിളങ്ങി." എന്നും കുടുംബം പ്രസ്താവനയിയ കൂട്ടിച്ചേർത്തു. 

ചെസ്ലി, നോർത്ത് കരോലിനയിൽ അന്യായമായി ശിക്ഷിക്കപ്പെട്ട തടവുകാർക്ക് വേണ്ടി സൗജന്യ നിയമപ്രവർത്തനം നടത്തി വരികയായിരുന്നു. ഒരു ട്രാക്ക് അത്‌ലറ്റായിരുന്ന ചെസ്ലി സൗത്ത് കരോലിന സർവകലാശാലയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷം വേക്ക് ഫോറസ്റ്റ് സർവകലാശാലയിൽ നിന്ന് നിയമ ബിരുദവും എംബിഎയും നേടി.