ഓസ്‌ട്രേലിയയിലെ അഡലെയ്ഡിൽ ഭാര്യ സുപ്രിയ താക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് വിക്രാന്ത് താക്കൂർ കുറ്റസമ്മതം നടത്തി. എന്നാൽ ഇത് കൊലപാതകമല്ല, മനപ്പൂർവ്വമല്ലാത്ത നരഹത്യയാണെന്ന് ഇയാൾ കോടതിയിൽ വാദിച്ചു.  

അഡലെയ്ഡ്: ഓസ്‌ട്രേലിയയിലെ അഡലെയ്ഡിൽ ഭാര്യ സുപ്രിയ താക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് വിക്രാന്ത് താക്കൂർ കുറ്റസമ്മതം നടത്തി. എന്നാൽ താൻ ചെയ്തത് കൊലപാതകമല്ല, മറിച്ച് മനപ്പൂർവ്വമല്ലാത്ത നരഹത്യ ആണെന്നാണ് ഇയാൾ അഡലെയ്ഡ് മജിസ്‌ട്രേറ്റ് കോടതിയിൽ വാദിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു പ്രവാസി സമൂഹത്തെ നടുക്കിയ ഈ സംഭവം നടന്നത്. ജനുവരി 14-ന് രണ്ടാം തവണ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് വിക്രാന്ത് തന്റെ നിലപാട് വ്യക്തമാക്കിയത്.

Add Asianetnews as a Preferred SourcegooglePreferred

അഭിഭാഷകന്റെ നിർദ്ദേശപ്രകാരം ഞാൻ നരഹത്യയിൽ കുറ്റസമ്മതം നടത്തുന്നു, പക്ഷെ ഞാൻ കൊലപാതകത്തിന് കുറ്റക്കാരനല്ല എന്ന് വിക്രാന്ത് കോടതിയിൽ പറഞ്ഞു. മനപ്പൂർവ്വം ജീവനെടുക്കുന്നതിനെയാണ് കൊലപാതകമായി കണക്കാക്കുന്നത്. എന്നാൽ ഒരാളുടെ മരണം സംഭവിക്കാൻ കാരണമായെങ്കിലും അത് മനപ്പൂർവ്വമല്ലെങ്കിൽ അതിനെ നരഹത്യയായി പരിഗണിക്കും. ശിക്ഷാ കാലാവധിയിൽ ഇതിന് വലിയ വ്യത്യാസമുണ്ടെന്നുമായിരുന്നു വിക്രാന്തിന്റെ വാദം.

ഡിസംബർ 21-നാണ് അഡലെയ്ഡിന്റെ വടക്കൻ പ്രാന്തപ്രദേശത്തുള്ള വീട്ടിൽ ഗാര്‍ഹിക പീഡനം നടക്കുവന്നുവെന്ന വിവരത്തെ തുടര്‍ന്ന് പൊലീസെത്തി. വീട്ടിലെത്തിയപ്പോൾ സുപ്രിയയെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വിക്രാന്തിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഡിഎൻഎ പരിശോധനാ ഫലങ്ങൾക്കും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനുമായി കേസ് ഏപ്രിലിലേക്ക് കോടതി മാറ്റിയിരിക്കുകയാണ്.

അനാഥനായി ആറുവയസ്സുകാരൻ 

രജിസ്റ്റേർഡ് നഴ്സായി ജോലി ചെയ്ത് മകന് മികച്ച ഭാവി നൽകണമെന്ന ആഗ്രഹത്തോടെയാണ് സുപ്രിയ ഓസ്‌ട്രേലിയയിൽ എത്തിയത്. സുപ്രിയയുടെ വിയോഗത്തോടെ ഏക മകൻ അനാഥനായിരിക്കുകയാണ്. കുട്ടിയുടെ സംരക്ഷണത്തിനായി സുഹൃത്തുക്കളും പ്രവാസി സംഘടനകളും ചേർന്ന് ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. എല്ലാം തന്റെ മകന് വേണ്ടിയാണ് സുപ്രിയ ചെയ്തിരുന്നത്. അവളുടെ മരണം ആ കുഞ്ഞിന്റെ ജീവിതം പാടേ തകിടം മറിച്ചുവെന്ന സുഹൃത്തുക്കൾ ഗോഫണ്ട്മി പേജിൽ കുറിച്ചു.