ഇന്നലെയാണ് റനിൽ വിക്രമസിംഗെയെ അഴിമതി കേസിൽ സിഐഡി അറസ്റ്റ് ചെയ്തത്.

കൊളംബോ: ശ്രീലങ്ക മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ. ഇന്നലെയാണ് റനിൽ വിക്രമസിംഗെയെ അഴിമതി കേസിൽ സിഐഡി അറസ്റ്റ് ചെയ്തത്. ഭാര്യയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ നടത്തിയ ലണ്ടൻ യാത്രയ്ക്ക് പൊതുപണം ദുരുപയോഗം ചെയ്തെന്ന് കേസിലാണ് അറസ്റ്റ്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്സാണ് അറസ്റ്റ് വിവരം റിപ്പോർട്ട് ചെയ്തത്.

2022 മുതൽ 2024 വരെ ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റായിയിരുന്നു റനിൽ വിക്രമസിംഗെ. പ്രസിഡന്‍റായിരുന്നു കാലയളവില്‍ 2023 സെപ്റ്റംബറിൽ ഭാര്യ പ്രൊഫസർ മൈത്രിയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോകാൻ സംസ്ഥാന ഫണ്ട് ഉപയോഗിച്ചതായി റനിൽ വിക്രമസിംഗെയ്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഇദ്ദേഹത്തെ വൈകാതെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് സിഐഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം, ഭാര്യയുടെ ബിരുദദാന ചടങ്ങിലേക്ക് വിക്രമസിംഗെയെയും ക്ഷണിച്ചുള്ള യുകെ സർവകലാശാലയുടെ ക്ഷണക്കത്ത് യുഎൻപി പാർട്ടി പുറത്തുവിട്ടു. യാത്രയ്ക്കായി സർക്കാർ പണം ഉപയോഗിച്ചിട്ടില്ലെന്നാണ് പാര്‍ട്ടിയുടെ വാദം. വെള്ളിയാഴ്ച അറസ്റ്റ് ചെയ്യപ്പെടുമെന്ന് യൂട്യൂബർ നേരത്തെ എങ്ങനെ അറിഞ്ഞെന്നും യുഎൻപി പാർട്ടി വൃത്തങ്ങള്‍ ചോദിക്കുന്നു.

YouTube video player