വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുമതിയില്ലാതെ ചുംബിച്ചുവെന്ന കേസിൽ നിന്ന് പിന്മാറുന്നതായി പരാതിക്കാരി. 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിലെ ജീവനക്കാരിയായ അൽവ ജോൺസണാണ് നിയമപോരാട്ടത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചത്.

അൽവയുടെ പരാതി ജൂണിൽ അമേരിക്കയിലെ ഫെഡറൽ കോടതി ജഡ്ജി തള്ളിയിരുന്നു. ഇതൊരു രാഷ്ട്രീയ പ്രസ്താവന മാത്രമാണെന്നാണ് അന്ന് ജഡ്‌ജി തന്റെ വിധിന്യായത്തിൽ പറഞ്ഞത്. വേണമെങ്കിൽ പരാതിക്കാരിക്ക് ട്രംപ് ചെറിയ പ്രഹരമേൽപ്പിച്ചതായി പരാതിപ്പെടാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

കേസിൽ പ്രതിസ്ഥാനത്തുള്ള അമേരിക്കൻ പ്രസിഡന്റ് അളവില്ലാത്ത വിഭവസമ്പത്തിന്റെയും നീതിന്യായ സംവിധാനത്തിന്റെയും ഉടമയാണെന്നും പരാതിക്കാരി ആരോപിച്ചു.

തെരഞ്ഞെടുപ്പ് റാലിക്കിടെ 2016 ആഗസ്റ്റ് 24 ന് തന്നെ കെട്ടിപ്പിടിച്ച് ചുണ്ടിൽ ചുംബിക്കാൻ ശ്രമിച്ചുവെന്നാണ് അൽവ ആരോപിച്ചത്. താൻ തല വെട്ടിച്ചുവെന്നും ഈ സമയത്ത് വായിലാണ് ട്രംപ് ചുംബിച്ചതെന്നും ഇവർ പറഞ്ഞിരുന്നു. കടുത്ത ദേഷ്യവും അപമാനവും തനിക്കുണ്ടായെന്നും ഇവർ പരാതിയിൽ വ്യക്തമാക്കിയിരുന്നു.