'പിനാക്ക'യുടെ കരുത്തിൽ വീണു, ഇന്ത്യയില്‍നിന്ന് റോക്കറ്റ് ലോഞ്ചർ വാങ്ങാൻ ഫ്രാൻസ്; പുതുചരിത്രം പിറക്കുമോ!

ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് ഒരുമിച്ച് ഉന്നംവെക്കാനാവുന്ന പിനാക്ക റോക്കറ്റ് ലോഞ്ചർ 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ കീഴിൽ ഡി.ആർ.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ചതാണ്.

France in advanced talks to buy Indian rocket launcher system pinaka reports

ദില്ലി: ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ ആയുധ വിതരണക്കാരായ ഫ്രാൻസ് ഇന്ത്യയിൽ നിന്നും ആയുധം വാങ്ങാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പിനാക റോക്കറ്റ് സംവിധാനം വാങ്ങാന്‍ ഫ്രാന്‍സ് ആലോചിക്കുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  ഇന്ത്യയുടെ പ്രതിരോധ പങ്കാളിയാണ് ഫ്രാന്‍സ്. യുദ്ധവിമാനങ്ങളും അന്തര്‍വാഹികളും ആയുധങ്ങളും ഇന്ത്യ ഫ്രാന്‍സില്‍നിന്ന് വാങ്ങുന്നുണ്ടെങ്കിലും, ഫ്രാൻസ് ഇന്ത്യയിൽ നിന്നും ആയുധങ്ങൾ വാങ്ങിയിരുന്നില്ല. പിനാക്ക റോക്കറ്റ് സംവിധാനം ഫ്രാൻസ് വാങ്ങുന്നതോടെ പുതിയ ചരിത്രം പിറക്കും.

1999-ലെ കാർ​ഗിൽ യുദ്ധത്തിൽ പാകിസ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ ഗൈഡഡ് പിനാക ആയുധസംവിധാനത്തിന്റെ പരീക്ഷണപ്പറക്കൽ വിജയകരമായിരുന്നു.  അമേരിക്കയുടെ പ്രമുഖ റോക്കറ്റ് ലോഞ്ചറിനെ വെല്ലുന്ന പ്രകടനം കാഴ്ച വെക്കുന്ന 'പിനാക്ക' വാങ്ങാൻ ഫ്രാൻസും അർമേനിയയും നേരത്തെ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. പരീക്ഷണങ്ങളെല്ലാം വിജയിച്ച് പിനാക്ക കരുത്ത് തെളിയിച്ചതോടെയാണ് ഫ്രാൻസ് ഇന്ത്യൻ റോക്കറ്റിൽ കണ്ണുവെച്ചത്.  ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് ഒരുമിച്ച് ഉന്നംവെക്കാനാവുന്ന പിനാക്ക റോക്കറ്റ് ലോഞ്ചർ 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ കീഴിൽ ഡി.ആർ.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ചതാണ്.

 റോക്കറ്റ് സംവിധാനം ഇന്ത്യൻ സേനയിലേക്ക് സംയോജിപ്പിക്കുന്നതിന്  മുൻപുള്ള എല്ലാ പരീക്ഷണങ്ങളും പൂർത്തിയായതായാണ് ഡിആർഡിഒ വ്യക്തമാക്കുന്നത്. യുഎസിന്‍റെ എം 142 HIMARS റോക്കറ്റ് ലോഞ്ചർ  സംവിധാനത്തിന് തുല്യമായ സംവിധാനമാണ് ഇന്ത്യയുടെ പിനാക. 90 കിലോമീറ്റർ പരിധിയുള്ള ഫ്രീ-ഫ്ലൈറ്റ് ആർട്ടിലറി റോക്കറ്റ് ഈ സംവിധാനത്തിൽ ഉൾപ്പെടുന്നു. മൾട്ടി-ട്യൂബ് ലോഞ്ചർ വെഹിക്കിൾ അടക്കമുള്ള സംവിധാനങ്ങളും ലോഞ്ചറിലുണ്ട്. മൾട്ടി-ബാരൽ റോക്കറ്റ് സിസ്റ്റത്തിൽ 6 റോക്കറ്റുകൾ വീതമുള്ള രണ്ട് പോഡുകൾ ഉണ്ട്.

France in advanced talks to buy Indian rocket launcher system pinaka reports

72 റോക്കറ്റുകൾ വരെ വിക്ഷേപിക്കാൻ സാധിക്കുന്നതാണ് പുതിയ ലോഞ്ചർ. ലോഞ്ചർ മാനുവൽ, റിമോട്ട്, സ്റ്റാൻഡ് എലോൺ, ഓട്ടോണമസ് മോഡുകളിൽ പ്രവർത്തിപ്പിക്കാനാകുമെന്ന പ്രത്യകതയും പുതിയ ലോഞ്ചറിനുണ്ട്. 1999-ലെ കാർ​ഗിൽ യുദ്ധകാലത്താണ് പിനാക്കയുടെ ആദ്യവിന്യാസം. റഷ്യന്‍ ഗ്രാഡ് ബിഎം-21 റോക്കറ്റ് ലോഞ്ചറിന് പകരമായാണ് ഇന്ത്യൻ സേനയിൽ പിനാക സംവിധാനം വിന്യസിക്കുന്നത്. യുദ്ധത്തിനിടെ, ഉയർന്ന പ്രദേശത്തുള്ള പാക് പൊസിഷനുകൾ തകർക്കുന്നതിൽ പിനാക വഹിച്ച പങ്ക് ഏറെ പ്രധാനമാണ്. അന്ന് പാകിസ്ഥാനെ വിറപ്പിച്ച പിനാക്ക ലോഞ്ചർ വീണ്ടും അവതരിക്കുകയാണ്.

 പരീക്ഷണ വിജയത്തിന് പിന്നാലെ സംഘർഷബാധിത പ്രദേശമായ അർമേനിയയിൽ നിന്നും പിനാകയ്ക്ക്‌ ആദ്യ ഓർഡർ ലഭിച്ചിരുന്നു.  ഇതിന് പിന്നാലെയാണ്  ഫ്രാൻസും തങ്ങളുടെ സൈനികശക്തി വർധിപ്പിക്കുന്നതിന്റെ ഭാ​ഗമായി ഇന്ത്യയുടെ നൂതന റോക്കറ്റ് സംവിധാനം പിനാക്ക പരീക്ഷിച്ചത്.  പിനാകയുടെ പ്രഹരശേഷിയിലും കൃത്യതയിലും ഫ്രാന്‍സ് തൃപ്തരാണെന്നാണ് വിവരങ്ങള്‍.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ പിനാകയുടെ കാര്യവും ചര്‍ച്ചയിലുള്‍പ്പെട്ടേക്കുമെന്നാണ് സൂചന. എന്നാൽ  വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തില്‍  ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Read More : ഓഫർ ലെറ്റർ കൊടുത്തിട്ട് ജോലിക്കെടുത്തത് രണ്ടര വർഷം കഴിഞ്ഞ്, ആറാം മാസം പിരിച്ചുവിടൽ; ഇൻഫോസിസിനെതിരെ പ്രതിഷേധം

Latest Videos
Follow Us:
Download App:
  • android
  • ios