പുചിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യുക്രെയ്നിലെത്തുന്ന മക്രോൺ, പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കിയുമായും കൂടിക്കാഴ്ച നടത്തും.
മോസ്കോ: യുക്രെയ്ൻ - റഷ്യ സംഘർഷം ലഘൂകരിക്കാൻ മുൻകൈയെടുത്ത് ഫ്രാൻസ്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുചിനുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇന്ന് മോസ്കോയിലെത്തും. പുച്ചിനുമായുള്ള കൂടിക്കാഴ്ച സംഘർഷത്തിന് അയവുവരുത്താൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മക്രോൺ പറഞ്ഞു. നേരത്തെ പുചിൻ, മക്രോണുമായി ഫോണിൽ ചർച്ച നടത്തിയിരുന്നു.
പുചിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യുക്രെയ്നിലെത്തുന്ന മക്രോൺ, പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കിയുമായും കൂടിക്കാഴ്ച നടത്തും. ഇതിനിടെ യുദ്ധമുണ്ടായാൽ അരലക്ഷം സാധാരണക്കാരുൾപ്പെടെ മുക്കാൽ ലക്ഷം പേർക്ക് ജീവഹാനിയുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചുള്ള അമേരിക്കയുടെ പ്രസ്താവനയ്ക്കെതിരെ യുക്രെയ്ൻ രംഗത്തെത്തി.
ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് യുക്രെയ്ൻ പ്രതിരോധമന്ത്രി ആവശ്യപ്പെട്ടു. നാറ്റോയെ ശക്തിപ്പെടുത്താൻ നടത്തുന്ന നീക്കത്തിന്റെ ഭാഗമായി ഇതിനിടെ പോളണ്ടിലേക്ക് 1,700 സൈനികരെ കൂടി അമേരിക്ക നിയോഗിച്ചു. 300 സൈനികരെ ജർമനിയിലേക്കും അയച്ചിട്ടുണ്ട്.
