മദ്ധ്യപൂർവ ദേശത്ത് ഒഴിയാത്ത സംഘർഷങ്ങളുടെ കാലമായിരുന്നു കടന്നുപോകുന്ന വർഷം. യുദ്ധവും നാശനഷ്ടങ്ങളും തകർന്നടിഞ്ഞ നഗരങ്ങളും നിരപരാധികളുടെ കണ്ണീരും ദുരിതവും മുതൽ അന്താരാഷ്ട്ര തലത്തിൽ ചർച്ചയായ വലിയ സംഭവവികാസങ്ങളാണ് പശ്ചിമേഷ്യയെ വാർത്തകളിൽ നിന്ന് മായാതെ നിർത്തിയത്. പോയ വർഷത്തിലേക്കൊരു തിരിഞ്ഞുനോട്ടം
നിരന്തര സംഘർഷങ്ങളുടെയും രക്തച്ചൊരില്ലുകളുടെയും വർഷമായിരുന്നു ഇസ്രയേലിന് 2024. കഴിഞ്ഞ വർഷം അവസാനത്തിൽ തുടക്കം കുറിച്ച് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളുടെ പേരിൽ അന്താരാഷ്ട്ര ശ്രദ്ധയിൽ നിന്ന് ഒരു ദിവസം പോലും മാറാതെ നിന്നു ഇസ്രയേൽ. ഗാസയിലും വെസ്റ്റ് ബാങ്കിലും പിന്നീട് ബെയ്റൂത്തിലും നടത്തിയ സൈനിക നീക്കങ്ങളും അവിടങ്ങളിൽ മരിച്ചൊടുങ്ങുകയും അഭയാർത്ഥികളാവുകയും ചെയ്ത പതിനായിരങ്ങളും അന്താരാഷ്ട്ര വാദപ്രതിവാദങ്ങൾക്കും മനുഷ്യാവകാശ - അന്താരാഷ്ട്ര നിയമങ്ങളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കും വഴിവെച്ചു. മദ്ധ്യപൂർവ ദേശത്തിനപ്പുുറത്ത് ലോകത്താകമാനം പുതിയ അഭിപ്രായ രൂപീകരണങ്ങളുണ്ടായി. അയൽ രാജ്യങ്ങളുമായുള്ള സമവാക്യങ്ങൾ മാറി. സൈനിക-പ്രതിരോധ-സാങ്കേതിക ശേഷിയെക്കുറിച്ചും അവയുടെ ഉപയോഗത്തെക്കുറിച്ച് പോലും ചോദ്യങ്ങളുയർന്ന ഒന്നിലധികം സന്ദർഭങ്ങളുണ്ടായി. വർഷം അവസാനിക്കുമ്പോൾ പ്രധാനപ്പെട്ട അഞ്ച് സംഭവ വികാസങ്ങളിലേക്കുള്ള തിരിഞ്ഞുനോട്ടമാണിത്.
തുടരുന്ന ഇസ്രയേൽ - ഹമാസ് സംഘർഷം
2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 1400ൽ അധികം ഇസ്രയേൽ പൗരന്മാർ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേരെ ഹമാസ് ബന്ധികളാക്കുകയും ചെയ്തു. ദിവസങ്ങൾക്കകം തിരച്ചടി തുടങ്ങിയ ഇസ്രയേൽ അതിശക്തമായ സൈനിക നടപടിയാണ് കൈക്കൊണ്ടത്. 2024 ഡിസംബറിലെ കണക്കുകൾ പ്രകാരം ഏകദേശം 45,000 പലസ്തീനികൾ ഇസ്രയേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇവരിൽ 70 ശതമാനത്തോളം പേർ സ്ത്രീകളും കുട്ടികളുമാണെന്നും കണക്കുകൾ പറയുന്നു.ഭക്ഷണവും വെള്ളവും മരുന്നുകളും കിട്ടാതെ അതീവദുരിതത്തിൽ മരിച്ചുജീവിക്കുന്ന പതിനായിരങ്ങൾ വേറെയും. വെടിനിർത്തലിന് വേണ്ടി പല തവണ അന്താരാഷ്ട്ര ശ്രമങ്ങളുണ്ടായി. കഴിഞ്ഞ വർഷം നവംബർ മുതൽ ഡിസംബർ വരെ നീണ്ടുനിന്ന ആദ്യ വെടിർത്തലിന് പിന്നാലെ വടക്കൻ ഗാസയിൽ ഇസ്രയേൽ വീണ്ടും ആക്രമണം തുടങ്ങി. ഇസ്രയേൽ നിർബന്ധപൂർവം ഒഴിപ്പിച്ച അൽ നസ്വർ ചിൽഡ്രൻസ് ആശുപത്രിയിൽ നിന്ന് കുട്ടികളുടെ ജീർണിച്ച മൃതദേഹങ്ങൾ പിന്നീട് കണ്ടെടുത്തു. ഹമാസുമായി ബന്ധമൊന്നുമില്ലാത്ത സ്ഥലങ്ങളിലായിരുന്നു ആക്രമണണെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുകയും ചെയ്തു.
തൊട്ടുപിന്നാലെ മദ്ധ്യഗാസയിലേക്ക് ഇസ്രയേൽ സൈന്യം പ്രവേശിച്ചു. ഖാൻ യൂനിസ്, ജബലിയ, ശുജാഇയ്യ എന്നിവിടങ്ങളിൽ ശക്തമായ ബോംബിങ് തുടങ്ങി. സാധാരണക്കാരായ പലസ്തീനികൾ വീടുവിട്ട് റഫയിലേക്ക് ഓടിപ്പോകാൻ നിർബന്ധിതരായി. വടക്കൻ ഗാസയിൽ നിന്ന് പിന്നീട് പിന്മാറുന്നതായി പ്രഖ്യാപിച്ചെങ്കിലും റോക്കറ്റ് ആക്രമണങ്ങൾ തുടർന്നു. ഇതിനിടെ ജനുവരിയിൽ ഹമാസ് ആക്രമണത്തിൽ 24 ഇസ്രയേലി സൈനികർ കൊല്ലപ്പെടുകയും ചെയ്തു. 
ഫെബ്രുവരിയിൽ റഫയിലും ബോംബിങ് തുടങ്ങി. യുഎൻ വാഹനങ്ങൾക്ക് നേരെയുണ്ടായ ആക്രമണം കാരണം അവർ ദുരാതാശ്വാസ പ്രവർത്തനങ്ങൾ നിർത്തിവെച്ചത് ലക്ഷക്കണക്കിന് ആളുകളെ ബാധിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലും ബോംബിട്ടു. ഫെബ്രുവരി അവസാനം തെക്ക് പടിഞ്ഞാറൻ ഗാസയിൽ ഭക്ഷണത്തിന് വേണ്ടി കാത്തുനിൽക്കുകയായിരുന്ന പലസ്തീനികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ നൂറിലധികം സാധാരണക്കാർ കൊല്ലപ്പെടുകയും 750 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മാർച്ച് ഒന്ന് മുതൽ അമേരിക്ക ഗാസയിൽ ഭക്ഷണ പൊതികൾ ആകാശത്തു നിന്ന് വിതരണം ചെയ്യാൻ ആരംഭിച്ചു.
മാർച്ച് 17 മുതൽ ഗാസയിലെ അൽ ശിഫ ആശുപത്രിയിൽ വീണ്ടും ഇസ്രയേൽ ആക്രമണം നടത്തി. ഒരു മുതിർന്ന ഹമാസ് നേതാവിനെ ഇവിടെ വെച്ച് വധിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. മാധ്യമ പ്രവർത്തകർക്ക് നേരെയും ആരോഗ്യ പ്രവർത്തകർക്ക് നേരെയും ഇവിടെ വെച്ച് ആക്രമണങ്ങളുണ്ടായി. 200 പേരെയാണ് ആശുപത്രിയിൽ വധിച്ചത്. എന്നാൽ 400 പേർ കൊല്ലപ്പെട്ടെന്നും എല്ലാവരും സാധരണക്കാരായിരുന്നുവെന്നുമാണ് ഗാസയിലെ മീഡിയ ഓഫീസ് അറിയിച്ചത്. മാർച്ചിൽ തന്നെ ഹമാസ് നേതാവ് മർവാൻ ഈസ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. അതേ മാസം തന്നെ റഫയിൽ നിന്ന് ഇസ്രയേലിലേക്ക് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മൂന്ന് ഇസ്രയേലി സൈനികർ കൊല്ലപ്പെടുകയും ചെയ്തു.
മേയ് ആദ്യത്തോടെ റഫയിൽ ആക്രമണം തുടങ്ങാൻ പദ്ധതിയിട്ട ഇസ്രയേൽ അവിടെ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാൻ നിർദേശം നൽകി. ഈ സമയം ഈജിപ്തും ഖത്തറും മുൻകൈയെടുത്ത് കൊണ്ടുവന്ന ആറാഴ്ചത്തെ വെടിനിർത്തൽ ഹമാസ് അംഗീകരിച്ചെങ്കിലും ഇസ്രയേൽ തള്ളി. പിന്നാലെ റഫയിൽ വ്യോമാക്രമണം തുടങ്ങി. ആറ് ലക്ഷത്തോളം അഭയാർത്ഥികൾ റഫയിൽ നിന്ന് ഒഴുകി. മേയിൽ തന്നെ മദ്ധ്യ ഇസ്രയേലിലേക്ക് ഹമാസും നിരവധി ആക്രമണങ്ങൾ നടത്തി. റഫയിലെ ദുരിതാശ്വാസ ക്യാമ്പുകൾ ലക്ഷ്യമിട്ട് നിരവധി തവണ ഇസ്രയേൽ സൈന്യവും ആക്രമണം നടത്തി.
മദ്ധ്യ ഗാസയിൽ അഭയാർത്ഥി ക്യാമ്പായി ഉപയോഗിച്ചിരുന്ന ഒരു യുഎൻ സ്കൂളിൽ ജൂണിൽ ബോംബിട്ടു. നിരവധിപ്പേർ ഇവിടെയും കൊല്ലപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷം നുസൈറത്ത് ക്യാമ്പിലുണ്ടായ ബോംബിങിൽ 274 പേരാണ് മരിച്ചത്. സ്ഥിരം വെടിനിർത്തലില്ലാതെ ബന്ദികളെ കൈമാറാനുള്ള കരാറിന് ഇസ്രയേൽ പ്രധാനമന്ത്രി ജൂണിൽ സന്നദ്ധത അറിയില്ലെങ്കിലും ഏത് കരാറിലും സ്ഥിരം വെടിനിർത്തലുണ്ടായിരിക്കണമെന്ന നിലപാടെടുത്ത് ഹമാസ് തള്ളി. ജൂൺ അവസാനം ശുജായിയ്യയിൽ വീണ്ടും ആക്രമണം നടത്തിയ ഇസ്രയേൽ സൈന്യം 21 സ്കൂളുകളിൽ ബോംബിട്ട് 274 പേരെ വധിച്ചു. ജൂലൈയിൽ ഗാസയിലെ യുഎൻആർഡബ്ല്യൂഎ ആസ്ഥാനത്തും ഇസ്രയേൽ ബോംബിട്ടു.
ജൂലൈ പകുതിക്ക് ശേഷം ഖാൻ യൂനിസിൽ രണ്ടാം ആക്രമണം തുടങ്ങി ഇസ്രയേൽ സൈന്യം. ഓഗസ്റ്റ് മുതൽ ഗാസയിൽ പോളിയോ വാക്സിനേഷന് ലോകാരോഗ്യ സംഘടന തുടക്കം കുറിച്ചു. സെപ്റ്റംബറിൽ റഫയിലെ ഒരു സ്കൂൾ ആക്രമിച്ച് 11 പലസ്തീനികളെ വധിച്ചു. മദ്ധ്യഗാസയിലെയും ജബലിയയിലെ നിരവധി പ്രദേശങ്ങളിൽ പിന്നീട് ആക്രണങ്ങളുണ്ടായി. ഇതിന് ശേഷം ഒക്ടോബർ 16നാണ് ഹമാസ് തലവൻ യഹ്‍യ സിൻവാറിനെ ഇസ്രയേൽ സൈന്യം വധിക്കുന്നത്. ആരാണെന്നറിയാതെ കൊലപ്പെടുത്തിയ ശേഷം പിന്നീട് നടത്തിയ പരിശോധനയിലാണ് യഹ്യ സിൻവാറാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ തിരിച്ചറിഞ്ഞത്.
ഇതോടെ യുദ്ധം അവസാനിപ്പിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ നവംബറിലും അതിന് ശേഷവുമെല്ലാം നിരന്തരം ആക്രമണങ്ങൾ തുടരുകയാണ്. വർഷം അവസാനിക്കുമ്പോഴും ചെറുതും വലുതുമായ ആക്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. തെരുവുകളിൽ രക്തം നിറയുന്നു. പരിമിതമായ സൗകര്യങ്ങളിൽ അന്താരാഷ്ട്ര സഹായത്തോടെ പ്രവർത്തിക്കുന്ന ചുരുക്കം ചില ആശുപത്രികളിൽ രോഗികൾ തിങ്ങിഞെരുങ്ങി കഴിയുന്ന ഗുരുതര സാഹചര്യത്തിൽ വലിയ മാറ്റമൊന്നുമില്ലാതെ ഗാസ അവശേഷിക്കുമ്പോഴാണ് ലോകം പുതു പ്രതീക്ഷകളോടെ അടുത്ത വർഷത്തെ വരവേൽക്കാനൊരുങ്ങുന്നത്.
ഹമാസിനൊപ്പം ഹിസ്ബുല്ലയും
2023 ഒക്ടോബറിൽ ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിനൊപ്പം തന്നെ ആരംഭിച്ചതാണ് ഇപ്പോഴത്തെ ഇസ്രയേൽ - ഹിസ്ബുല്ല സംഘർഷങ്ങളും. ഇരുഭാഗത്തു നിന്നുമുണ്ടായ നിരന്തര ആക്രമണങ്ങൾ വലിയ ആഘാതം സൃഷ്ടിച്ചിരുന്നു. 2006ലെ ലെബനാൻ - ഇസ്രയേൽ യുദ്ധത്തിന് ശേഷം ഹിസ്ബുല്ലയുമായുള്ള ഇസ്രയേലിന്റെ സംഘർഷങ്ങൾ ഏറ്റവും വലിയ തോതിലേക്ക് മാറിയതും 2024ലായിരുന്നു. പലപ്പോഴായി നടന്ന ആക്രമങ്ങൾക്കൊടുവിൽ ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇസ്രയേലിന്റെ ഭാഗത്തു നിന്ന് വലിയൊരു നീക്കമുണ്ടായത്.
സെപ്റ്റംബർ 24ന് ഹിസ്ബുല്ല നേതാക്കൾ ഉപയോഗിച്ചിരുന്ന പേജർ സംവിധാനങ്ങളിൽ അതിവിദഗ്ധമായി ഇസ്രയേൽ നടത്തിയ സ്ഫോടനങ്ങളിലൂടെ സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്ന ഹസൻ നസറുല്ല ഉൽപ്പെടെയുള്ളവരെ വധിച്ചു. മൂന്ന് ദിവസങ്ങൾക്ക് ശേഷം ബെയ്റൂത്തിലെ ഹിസ്‍ബുല്ല ആസ്ഥാനത്ത് ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഒക്ടോബർ ഒന്നിന് ദക്ഷിണ ലെബനോനിൽ ഇസ്രയേൽ നേരിട്ടുള്ള അധിനിവേശത്തിന് തുടക്കം കുറിക്കുകയും ചെയ്തു. 
ഹിസ്‍ബുല്ല കേന്ദ്രങ്ങളെ ആക്രമിക്കുകയാണെന്ന അവകാശവാദത്തോടെ ഇസ്രയേൽ സൈന്യം ദക്ഷിണ ലെബനോനിൽ വ്യാപക വ്യോമാക്രമണങ്ങളാണ് പിന്നീടങ്ങോട്ട് നടത്തിയത്. തൊട്ടുപിന്നാലെ ഒക്ടോബർ എട്ടാം തീയ്യതി വിദൂര നിയന്ത്രിത റോക്കറ്റുകൾ ഉപയോഗിച്ച് ഹിസ്ബുല്ല ഇസ്രയേലിലെ ഷെബാ ഫാമുകളിൽ ആക്രമണം നടത്തി. ഹമാസിന് നേരെയുള്ള ഇസ്രയേലി ആക്രമണത്തിനും ഗാസയിലെ ഇസ്രയേൽ ക്രൂരതകൾക്കുമുള്ള മറുപടിയായുമാണ് ഇതിനെ ഹിസ്ബുല്ല വിശേഷിപ്പിച്ചത്. തിരിച്ചടിയായി ഇസ്രയേൽ ലെബനോനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളിലേക്ക് ഡ്രോൺ, ഷെൽ ആക്രമണങ്ങൾ നടത്തി. ഒപ്പം ലെബനോനിലുടനീളവും സിറിയയിലും ഇസ്രയേൽ വ്യോമാക്രമണങ്ങളും തുടങ്ങി.
ഇപ്പോഴത്തെ ഇസ്രലേൽ - ഹിസ്ബുല്ല സംഘർഷങ്ങളിൽ ഏകദേശം 96,000 പേരാണ് വടക്കൻ ഇസ്രയേലിൽ വീടുകളിൽ നിന്ന് മാറാൻ നിർബന്ധിതരായത്. അപ്പുറത്ത് 14 ലക്ഷത്തോളം പേർ ലെബനോനിൽ അഭയാർത്ഥികളായി. ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതു വരെ തങ്ങൾ ആയുധം താഴെ വെയ്ക്കില്ലെന്നാണ് ഹിസ്ബുല്ല പ്രഖ്യാപിച്ചിരുന്നത്. അതേസമയം തങ്ങളുടെ വടക്കൻ ഭൂപ്രദേശങ്ങളിലേക്ക് ആളുകൾക്ക് സുരക്ഷിതമായി മടങ്ങിയെത്താൻ കഴിയുന്നത് വരെ തങ്ങളും പിന്മാറില്ലെന്ന് ഇസ്രയേലും പ്രഖ്യാപിച്ചു.
മറ്റൊരു മനുഷ്യക്കുരുതിക്കളമായി മാറിയ ലെബനോനിൽ ഏറ്റവുമൊടുവിൽ അമേരിക്കൻ മദ്ധ്യസ്ഥതയിൽ 60 ദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണ് നവംബർ 27 മുതൽ. ഇസ്രയേൽ അതിർത്തിയിൽ നിന്ന് 30 കിലോമീറ്റർ അകലേക്ക് ഹിസ്ബുല്ല പിന്മാറുമെന്നും പകരം ദക്ഷിണ ലബനോനിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറുമെന്നുമാണ് ധാരണ. അമേരിക്കൻ നേതൃത്വത്തിൽ അഞ്ച് രാജ്യങ്ങളാണ് വെടിനിർത്തൽ സാഹചര്യം നിരീക്ഷിക്കുന്നത്. സ്ഥിതി വിലയിരുത്താൻ 5000 ലെബനീസ് സൈനികരെയും വിന്യസിച്ചു.
യെമൻ പ്രതിസന്ധി
യെമനിലെ വിമത സായുധ വിഭാഗമായ ഹൂതികൾ 2023 ഒക്ടോബർ ഇസ്രയേലിന് നേരെ നിരവധി ആക്രമണങ്ങൾ നടത്തിയിരുന്നു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം അവസാനിപ്പിച്ച് അവിടെ ഭക്ഷണവും മരുന്നുകളും എത്തിക്കുന്നത് വരെ ചെങ്കടലിലൂടെ പോകുന്ന ഇസ്രയേലി കപ്പലുകളെ ആക്രമിക്കുമെന്ന് കഴിഞ്ഞ വർഷം അവസാനത്തിലാണ് ഹൂതികൾ പ്രഖ്യാപിച്ചത്. പിന്നീട് പലതവണ ഇസ്രയേലി കപ്പലുകൾക്ക് നേരെയും ഇസ്രയേലിലേക്ക് പോകുന്ന മറ്റ് രാജ്യങ്ങളുടെ കപ്പലുകൾക്ക് നേരെയും ചെങ്കടലിൽ വെച്ച് ഹൂതികൾ ആക്രമണം നടത്തി.
ജൂലൈ 19ന് തെൽ അവീവിലെ അമേരിക്കൻ എംബസിക്ക് സമീപം ഹൂതികൾ നടത്തിയ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ യെമനിലെ ഹുദൈദ തുറമുഖത്തെ സൈനിക കേന്ദ്രങ്ങൾക്ക് നേരെയും പെട്രോളിയം സംസ്കരണ കേന്ദ്രങ്ങൾക്ക് നേരെയും ഇസ്രയേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി. ആറ് പേർ കൊല്ലപ്പെടുകയും 83 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സെപ്റ്റംബറിൽ വീണ്ടും അൽ ഹുദൈദ തുറമുഖത്ത് ഇസ്രയേൽ സൈന്യം ആക്രമണം നടത്തുകയും ആറ് പേരെ വധിക്കുകയും ചെയ്തു. ഇവിടെയും 57 പേർക്ക് പരിക്കേറ്റു.
ഇറാൻ - ഇസ്രയേൽ സംഘർഷങ്ങൾ
ഇതാദ്യമായി സ്വന്തം മണ്ണിൽ നിന്ന് ഇസ്രയേലിന് നേരെ ഇറാൻ ആക്രമണം നടത്തിയ വർഷമായിരുന്നു 2024. നേരത്തെ ഇസ്രയേലി കപ്പലുകൾക്ക് നേരെ നടന്നിരുന്ന ഡ്രോൺ ആക്രമണങ്ങൾക്കപ്പുറത്തേക്ക് നീണ്ടതും ഈ വർഷം തന്നെ. ഏപ്രിൽ ഒന്നിന് സിറിയയിലെ ഇറാൻ കോൺസുലേറ്റിന് നേരെയുണ്ടായ ഇസ്രയേലി വ്യോമാക്രമണത്തിന് പിന്നാലെ ഏപ്രിൽ 13ന് ഇറാൻ 'ഓപ്പറേഷൻ ട്രൂ പ്രോമിസ്' എന്ന പേരിൽ ഇസ്രയേലിന് നേരെയുള്ള ആക്രമണം പ്രഖ്യാപിച്ചു. പിന്നാലെ ഹമാസ് നേതാവ് ഇസ്‍മയിൽ ഹനിയ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ വെച്ച് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇറാന് വലിയ തിരിച്ചടിയായി. അതിവിദഗ്ധമായി ഇസ്രയേൽ ആസൂത്രണം ചെയ്ത ഈ ആക്രമണം പുലർച്ചെ രണ്ട് മണിക്കാണ് ഹനിയയുടെ താമസസ്ഥലത്തിന് നേരെയുണ്ടായത്. 
ഒക്ടോബർ ആദ്യം ഇസ്രയേലിലേക്ക് ഇറാൻ മിസൈൽ ആക്രമണങ്ങൾ നടത്തി. രണ്ട് ഘട്ടങ്ങളിലായി 100 മിസൈലുകളോളം ഇറാൻ തങ്ങൾക്കു നേരെ തൊടുത്തുവിട്ടതായി ഇസ്രയേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. ഇസ്രയേലിൽ ഉടനീളം പലയിടങ്ങളിലായി മിസൈലുകൾ പതിച്ചു. രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങുകയും ആളുകൾ സുരക്ഷിത സ്ഥാനങ്ങൾ തേടി പരക്കംപായുകയും ചെയ്തു. ഒക്ടോബർ 26ന് ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ നാല് ഇറാൻ സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെടുകയും ചെയ്തു.
ഇറാന്റെ പേരിൽ സിറിയയിലേക്കും
സിറിയയിലെ ഇറാന്റെ സ്വാധീനം അവസാനിപ്പിക്കാൻ ലക്ഷ്യമിച്ചാണ് രാജ്യത്തെ പുരാതന നഗരമായ പാൽമിറയിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയത്. ഇറാന്റെ റെവല്യൂഷണറി ഗാർഡ് കേന്ദ്രങ്ങളിലും ഹിസ്ബുല്ലയുടെ കേന്ദ്രങ്ങളിലുമാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. ഇറാനും ഹിസ്ബുല്ലയ്ക്കും ഇവിടെ സൈനിക കേന്ദ്രങ്ങളും ആയുധ സംഭരണ കേന്ദ്രങ്ങളുമുണ്ടെന്നാണ് ഇസ്രയേൽ ആരോപിച്ചത്.
36 പേർ ഇസ്രയേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇവരിൽ സാധരണക്കാരും ഉൾപ്പെട്ടതായാണ് വിവരം. ആക്രമണത്തെ സിറിയൻ സർക്കാർ ശക്തമായി അപലപിച്ചെങ്കിലും ഇസ്രയേൽ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയില്ല. സിറിയയിലെ ഇറാനിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് 150ഓളം ആക്രമണങ്ങൾ ഇസ്രയേൽ നടത്തിയതായാണ് വിവരം. ആയുധക്കടത്ത് തടയാനും ഇസ്രയേൽ അതിർത്തിക്ക് സമീപം ഇറാൻ സൈനിക ശക്തി സംഭരിക്കുന്നതും തടയാനാണെന്നാണ് ഇസ്രയേലിന്റെ വാദം.
