പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശിച്ചപ്പോൾ രാഷ്ട്ര നേതാക്കൾക്ക് നൽകിയ സമ്മാനങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇതിൽ കേസർ മാമ്പഴവും മഹേശ്വരി സിൽക്കും ഉൾപ്പെടെയുണ്ട്. ഇന്ത്യയുടെ തനതായ ഭൗമസൂചിക പദവിയുള്ള കാർഷിക ഉൽപ്പന്നങ്ങളും, രോഗൻ പെയിന്‍റിങ് പോലുള്ള പരമ്പരാഗത കരകൗശല വസ്തുക്കളും ഇതിൽ ഉൾപ്പെടുന്നു.
അബുദാബി: അന്താരാഷ്ട്ര വേദികളില്‍ വിവിധ രാജ്യങ്ങളിലെ നേതാക്കൾ തമ്മിലുള്ള സൗഹൃദ നിമിഷങ്ങള്‍ വാർത്തകളില്‍ നിറയാറുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മേദിയുടെ അഞ്ച് രാജ്യങ്ങളിലെ സന്ദര്‍ശനം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. പ്രതിരോധം, ഊർജ്ജം, ഷിപ്പിംഗ്, ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിൽ തന്ത്രപ്രധാനമായ കരാറുകളിൽ ഒപ്പുവെച്ചുകൊണ്ടാണ് മോദിയുടെ സന്ദർശനം പൂർത്തിയായത്. യുഎഇ, നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിച്ചത്. വിവിധ രാജ്യങ്ങൾ സന്ദര്‍ശിച്ചപ്പോള്‍ മോദി നൽകിയ സ്നേഹ സമ്മാനങ്ങളുടെ വിവരങ്ങളാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. സന്ദർശനത്തിന്‍റെ ആദ്യ ഘട്ടമായി മേയ് 15-ന് യുഎഇയിലെത്തിയ പ്രധാനമന്ത്രി, ഉഭയകക്ഷി ബന്ധത്തിന്റെ സാംസ്കാരിക ആഴം വിളിച്ചോതുന്ന അപൂർവ്വമായ പൈതൃക സമ്മാനങ്ങളാണ് യുഎഇ രാജകുടുംബത്തിന് കൈമാറിയത്. ഇന്ത്യയുടെ തനതായ ഭൗമസൂചിക പദവിയുള്ള കാർഷിക ഉൽപ്പന്നങ്ങളും പരമ്പരാഗത തുണിത്തരങ്ങളും കരകൗശല വസ്തുക്കളും ഇതിൽ ഉൾപ്പെടുന്നു.

യുഎഇ നേതാക്കൾക്ക് മോദി നൽകിയ സമ്മാനങ്ങൾ
യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് രോഗൻ പെയിന്റിംഗ്: ഗുജറാത്തിലെ കച്ച് മേഖലയിലെ അതിപ്രാചീനവും അപൂർവ്വവുമായ തുണിത്തര കലയാണിത്. ഇതിൽ വരച്ചിരിക്കുന്ന 'ട്രീ ഓഫ് ലൈഫ്'പൈതൃകത്തിന്റെയും പുരോഗതിയുടെയും പരസ്പര ബന്ധത്തെ സൂചിപ്പിക്കുന്നു.
കേസർ മാമ്പഴം: ഗുജറാത്തിലെ ജുനഗഢിൽ നിന്നുള്ള, 'മാമ്പഴങ്ങളുടെ രാജ്ഞി' എന്നറിയപ്പെടുന്ന ജിഐ ടാഗുള്ള കുങ്കുമ നിറമുള്ള പ്രശസ്തമായ മാമ്പഴം.
മേഘാലയൻ പൈനാപ്പിൾ: ലോകത്തിലെ തന്നെ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നതും ഉയർന്ന മധുരമുള്ളതുമായ മേഘാലയയിലെ കുന്നിൻചെരിവുകളിൽ വിളയുന്ന ജിഐ ടാഗ് പൈനാപ്പിൾ.

'രാഷ്ട്രമാതാവ്' ശൈഖാ ഫാത്തിമ ബിൻത് മുബാറക്കിന് നൽകിയവ
ചക്-ഹാവോ അരി: മണിപ്പൂരിന്‍റെ തനതായ സുഗന്ധമുള്ള 'കറുത്ത അരി'. പണ്ട് രാജകുടുംബങ്ങൾക്ക് മാത്രം നൽകിയിരുന്ന ഈ അരി അതിന്റെ ഔഷധഗുണങ്ങൾക്കും ആന്റിഓക്‌സിഡന്റുകൾക്കും പ്രശസ്തമാണ്.
മഹേശ്വരി സിൽക്ക്: മധ്യപ്രദേശിലെ നർമ്മദാ നദീതീരത്തുള്ള മഹേശ്വരിൽ നിന്നുള്ള ഭാരം കുറഞ്ഞതും ആകർഷകവുമായ സിൽക്ക് തുണിത്തരം. 18-ാം നൂറ്റാണ്ടിലെ റാണി അഹല്യാബായ് ഹോൾക്കറുടെ പാരമ്പര്യവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.
കരിംനഗർ ഫിലിഗ്രി ബോക്സ്: തെലങ്കാനയിലെ കരിംനഗറിൽ നിന്നുള്ള വെള്ളി തകിടുകളിൽ കൈകൊണ്ട് കൊത്തിയെടുത്ത അതിമനോഹരമായ പെട്ടി.

അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദിന് നൽകിയവ
മിഥില മഖാന: ബിഹാറിലെ മിഥില മേഖലയിൽ നിന്നുള്ള പോഷകസമൃദ്ധമായ ജിഐ ടാഗ് താമര വിത്തുകൾ.
കൊഫ്ത്ഗാരി വാൾ: രാജസ്ഥാനിലെ ഉദയപൂരിൽ നിന്നുള്ള സ്വർണ്ണ-വെള്ളി നൂലുകൾ ഇരുമ്പിൽ കൊത്തിയുണ്ടാക്കിയ പാരമ്പര്യ വാൾ. ഇത് യുഎഇയിലെ പരമ്പരാഗത 'ഖഞ്ചർ' പോലെ ധീരതയുടെ പ്രതീകമാണ്.

മറ്റ് ലോകനേതാക്കൾക്ക് മോദി നൽകിയ സമ്മാനങ്ങൾ ശ്രദ്ധേയമായമാകുകയാണ്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് മെലോഡി ടോഫികൾക്കൊപ്പം അസമിൽ നിന്നുള്ള മുഗാ സിൽക്കും മണിപ്പൂരിൽ നിന്നുള്ള ഷിരുയി ലില്ലി സിൽക്കും സമ്മാനിച്ചു. പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയ്ക്ക് പണ്ഡിറ്റ് ഭീംസെൻ ജോഷി, എം.എസ്. സുബ്ബലക്ഷ്മി എന്നിവരുടെ സിഡികൾ അടങ്ങിയ മാർബിൾ ബോക്സ് നൽകി. നെതർലൻഡ്‌സ് പ്രധാനമന്ത്രി റോബ് ജെറ്റന് മത്സ്യം ചിത്രീകരിച്ച മധുബാനി പെയിന്റിംഗ്. വില്ലെം-അലക്സാണ്ടർ രാജാവിന് ബ്ലൂ പോട്ടറിയും മാക്സിമ രാജ്ഞിക്ക് മീനാകാരി കമ്മലുകളും നൽകി.
നോർവേ പ്രധാനമന്ത്രിക്ക് ഓർക്കിഡ് പെയിന്റിംഗും ക്രൗൺ പ്രിൻസിന് സൂര്യ-ചന്ദ്രന്മാരുടെ കളംകാരി പെയിന്റിംഗും സോണിയ രാജ്ഞിക്ക് ഒഡീഷയുടെ പനയോല പട്ടചിത്രവും സമ്മാനമായി നൽകി. സ്വീഡൻ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സന് ശാന്തിനികേതൻ ഹാൻഡ്ബാഗ്, ലഡാക്ക് കമ്പിളി ഷാൾ, രബീന്ദ്രനാഥ ടാഗോറിന്‍റെ കൃതികൾ എന്നിവ നൽകി. വിക്ടോറിയ രാജകുമാരിക്ക് മോദി എഴുതിയ പുസ്തകം സമ്മാനിച്ചു. ഫിൻലൻഡ്, ഐസ്‌ലൻഡ് പ്രധാനമന്ത്രിമാർക്ക് ഫിൻലൻഡ് പ്രധാനമന്ത്രിക്ക് പിച്ച്വായ് പെയിന്റിംഗും ഐസ്‌ലൻഡ് പ്രധാനമന്ത്രിക്ക് ടെൻസിങ് നോർഗെ ഉപയോഗിച്ച ഐസ് ആക്സിന്റെ മാതൃകയും മോദി സമ്മാനിച്ചു.


