ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഇമ്രാന്‍ ഖാനെ രൂക്ഷമായി വിമര്‍ശിച്ച് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ. പാക് അധിനിവേശ കശ്മീരിനെ സംരക്ഷിക്കാനുള്ള ശേഷി പോലും ഇമ്രാന്‍ ഖാനില്ല. നേരത്തെ കശ്മീരിനെ സംബന്ധിച്ച പാക് നയം എങ്ങനെ ശ്രീനഗറിനെ പിടിച്ചടക്കാം എന്നായിരുന്നെങ്കില്‍ ഇന്ന് അത് മുസാഫര്‍പൂരിനെ എങ്ങനെ സംരക്ഷിക്കാം എന്നാണെന്നും ബിലാവല്‍ പരിഹസിച്ചു. 

പാക്കിസ്ഥാനിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളിലൊന്നായ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാവായ ബിലാവല്‍ ഭൂട്ടോ ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ആഞ്ഞടിച്ചത്.  ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടിയായ തെഹരീ ഇ ഇന്‍സാഫ് പ്രതിപക്ഷ പാര്‍ട്ടിയെപ്പോലാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പക്വത പ്രകടിപ്പിക്കണമെന്നും ബിലാവല്‍ പറഞ്ഞു. 

പാക് മുന്‍ പ്രസിഡന്റ് കൂടിയായ തന്‍റെ പിതാവ് ആസിഫ് അലി സര്‍ദാരിയെ വധിക്കാന്‍ ഇമ്രാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്ന് ബിലാവല്‍ ആരോപിച്ചു. പിതാവിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച ചികിത്സകള്‍ ലഭ്യമാക്കുന്നത് ഇമ്രാന്‍ സര്‍ക്കാര്‍ തടയുകയാണെന്നും ബിലാവല്‍ ആരോപിച്ചു. പാക്കിസ്ഥാനിലെ പ്രതിപക്ഷ നേതാക്കളില്‍ പ്രധാനിയായ ബിലാവല്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ കൂടിയാണ്.