Asianet News MalayalamAsianet News Malayalam

ജി-20 ഉച്ചകോടിക്ക് മുമ്പ് ട്രംപ് - മോദി കൂടിക്കാഴ്ച: വ്യാപാരം, പ്രതിരോധം, 5 ജി എന്നിവ പ്രധാന ചർച്ച

വ്യാപാരം, സൈനിക സഹകരണം എന്നിവ മുഖ്യ ച‍ർച്ചയായെന്ന് ഡോണൾഡ് ട്രംപും ഭീകരവാദം പ്രധാന ചർച്ചയെന്ന് മോദിയും അറിയിച്ചു. ഇറാൻ വിഷയവും കൂടിക്കാഴ്ചയിൽ ചർച്ചയായി. 

G-20 Summit Modi, Trump hold bilateral meet
Author
Osaka, First Published Jun 28, 2019, 9:10 AM IST

ഒസാക്ക: ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്ക് മുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തി. നരേന്ദ്ര മോദിയുടേത് വലിയ തെരഞ്ഞെടുപ്പ് വിജയമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദനം അറിയിച്ച ട്രംപിനോട് മോദി നന്ദി പറഞ്ഞു.

വ്യാപാരം, സൈനിക സഹകരണം എന്നിവ മുഖ്യ ച‍ർച്ചയായെന്ന് ഡോണൾഡ് ട്രംപും ഭീകരവാദം പ്രധാന ചർച്ചയെന്ന് മോദിയും അറിയിച്ചു. ഇറാനുമായുള്ള അമേരിക്കയുടെ തർക്കവും അവിടെ നിന്ന് എണ്ണ ഇറക്കു മതി ചെയ്യുന്നതിന്‍റെ പേരിൽ ഇന്ത്യയെ അമേരിക്കയുടെ വ്യാപാര മുൻഗണനാപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതും കൂടിക്കാഴ്ചയിൽ ചർച്ചയായി. വ്യാപാര മുൻഗണനാപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത് പിൻവലിച്ചാൽ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ അധിക ഇറക്കുമതി തീരുവ കുറയ്ക്കാമെന്ന നിലപാട് ഇന്ത്യ സ്വീകരിച്ചതായാണ് സൂചന.

ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ അമേരിക്ക ഇന്നലെ നിലപാട് കടുപ്പിച്ചിരുന്നു. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന തീരുവ കുറയ്ക്കണമെന്നും തീരുവ വര്‍ധനവ് അംഗീകരിക്കാനാകില്ലന്നും ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഇന്ത്യയ്ക്ക് വ്യാപാര രംഗത്തുള്ള പ്രത്യേക പരിഗണന അമേരിക്ക പിന്‍വലിച്ചതിനെ തുടര്‍ന്ന് ജൂണ്‍ അഞ്ചിനാണ് അമേരിക്കൻ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ കൂട്ടിയത്.  

അതേസമയം, ബ്രിക്സ് നേതാക്കളുടെ അനൗപചാരിക യോഗത്തിൽ ഭീകരവാദത്തിന് എതിരായ ഇന്ത്യയുടെ നിലപാട് മോദി വ്യക്തമാക്കി. ഭീകരവാദം മാനവികതയോടുള്ള വെല്ലുവിളിയാണെന്ന് മോദി പറഞ്ഞു. സാമ്പത്തിക പുരോഗതിയെയും മത സൗഹാർദത്തെയും ഭീകരവാദം പിന്നോട്ടടിക്കും. ഭീകരതയെയും വംശീയതയെയും പിന്തുണയ്ക്കുന്ന എല്ലാ വഴികളും അടയ്ക്കണമെന്നും മോദി പറഞ്ഞു. ഭീകരവാദത്തിന് എതിരായ പോരാട്ടത്തിനും മോദി ആഹ്വാനം ചെയ്തു. കാലാവസ്ഥാ വ്യതിയാനം പ്രധാന പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി രാജാവ് മുഹമ്മദ്‌ ബിൻ സൽമാനുമായും മോദി കൂടിക്കാഴ്ച നടത്തി. 

Follow Us:
Download App:
  • android
  • ios