ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാന ലോക നേതാക്കളെല്ലാം ദില്ലിയിൽ എത്തിച്ചേർന്നിട്ടുണ്ട്

ദില്ലി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഇന്ത്യയിലെത്തി. ദില്ലിയിലെത്തിയ ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചാകും മോദി - ബൈഡൻ കൂടിക്കാഴ്ച. ഇന്ത്യ - യു എസ് ബന്ധം ദൃഢമാക്കുന്ന ചർച്ചയാകുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നേതാക്കളുടെ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. യുക്രൈൻ വിഷയത്തലെ ജി 20 സംയുക്ത പ്രസ്താവനയിലടക്കം ചർച്ചകൾ നടന്നേക്കുമെന്നാണ് സൂചന. ജൂണിൽ വാഷിംഗ്ടണിലെ ചർച്ചയിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളും ചർച്ചയിൽ ഇടംപിടിച്ചേക്കും. GE F - 414 ജെറ്റ് എഞ്ചിനുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളും ചർച്ചയാകും. അമേരിക്കയിൽ നിന്ന് ഡ്രോണുകള്‍ വാങ്ങുന്നത് സംബന്ധിച്ചുള്ള കരാറും ചർച്ചയായേക്കും. ഇരു രാജ്യങ്ങളുടെയും ഉന്നത വിദ്യാഭ്യാസ രംഗത്തെ സഹകരണമടക്കമുള്ള നിരവധി വിഷയങ്ങളും മോദി - ബൈഡൻ കൂടിക്കാഴ്ചയുടെ പരിഗണനക്ക് എത്തുമെന്നാണ് വ്യക്തമാകുന്നത്.

'സ്വാഗതം': ചരിത്രമാകുന്ന ജി 20 ഉച്ചകോടിയ്ക്കായി ഇന്ത്യന്‍ മണ്ണില്‍ ലോക നേതാക്കളുടെ സംഗമം

നേരത്തെ അമേരിക്കൻ പ്രഥമ വനിത ജിൽ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചതോടെ ജോ ബൈഡന്‍റെ യാത്ര മുടങ്ങുമോയെന്ന ആശങ്കകൾ ഉയർന്നിരുന്നു. എന്നാൽ ബൈഡന്‍റെ കൊവി‍ഡ് പരിശോധന ഫലം നെഗറ്റീവായത് ജി 20 ഉച്ചകോടിക്ക് പോസീറ്റീവായി. ജിൽ ബൈഡന് കൊവിഡ് സ്ഥിരീകരിച്ച ശേഷമുള്ള ജോ ബൈഡന്‍റെ രണ്ടാം പരിശോധന ഫലവും നെഗറ്റീവായതോടെയാണ് ജി 20 ക്ക് അദ്ദേഹം എത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചത്. അടച്ചിട്ട മുറിയിൽ മാസ്ക് ധരിച്ചാകും ജോ ബൈഡൻ പങ്കെടുക്കുകയെന്നാണ് വിവരം.

അതേസമയം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാന ലോക നേതാക്കളെല്ലാം ദില്ലിയിൽ എത്തിച്ചേർന്നിട്ടുണ്ട്. സെപ്റ്റംബര്‍ 9, 10 തീയ്യതികളിലായി രാജ്യ തലസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉച്ചകോടിയ്ക്കായുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. രാജ്യ തലസ്ഥാനത്തെത്തുന്ന ലോക നേതാക്കൾക്ക് കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണമാണ് ഇന്ത്യ ഒരുക്കുന്നത്. വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്യുന്നതിന്‍റെ വിവരങ്ങൾ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം