സംഘത്തിലെ വനിതകളില്‍ ചിലരെ ഇസ്രായേല്‍ സൈനികര്‍ ബലാല്‍സംഗം ചെയ്‌തെന്ന ആരോപണം ഉയര്‍ന്നു. കപ്പലിലുണ്ടായിരുന്ന നിരവധി പേരെ ഇസ്രായേല്‍ സൈനികര്‍ ക്രൂരമായി മര്‍ദ്ദിച്ചതായും ആരോപണമുണ്ട്. ഇതോടെ ഇസ്രായേലിനെതിരെ പ്രതിഷേധവുമായി വിവിധ രാജ്യങ്ങള്‍ രംഗത്തുവന്നു.
ഇസ്താംബുള്‍: ഉപരോധം കൊണ്ട് വലഞ്ഞ ഗാസയിലേക്ക് കപ്പലില്‍ ഭക്ഷണവും മരുന്നും മറ്റ് സഹായ സാമഗ്രികളുമായി ചെന്ന മനുഷ്യാവകാശ സംഘത്തിനുനേരെ ഇസ്രായേല്‍ ക്രൂരത. സംഘത്തിലെ വനിതകളില്‍ ചിലരെ ഇസ്രായേല്‍ സൈനികര്‍ ബലാല്‍സംഗം ചെയ്‌തെന്ന ആരോപണം ഉയര്‍ന്നു. കപ്പലിലുണ്ടായിരുന്ന നിരവധി പേരെ ഇസ്രായേല്‍ സൈനികര്‍ ക്രൂരമായി മര്‍ദ്ദിച്ചതായും ആരോപണമുണ്ട്. ഇതോടെ ഇസ്രായേലിനെതിരെ പ്രതിഷേധവുമായി വിവിധ രാജ്യങ്ങള്‍ രംഗത്തുവന്നു.

ഗാസയിലെ സിവിലിയന്മാര്‍ക്കായി സഹായ സാമഗ്രികളുമായി ചെന്ന ഗ്ലോബല്‍ സുമൂദ് ഫ്‌ലോട്ടില്ല എന്നു പേരിട്ട കപ്പല്‍വ്യൂഹത്തിലുണ്ടായിരുന്ന വിവിധ രാജ്യങ്ങളില്‍നിന്നുള്ള 428 യാത്രക്കാരാണ് തങ്ങള്‍ക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞത്. തുര്‍ക്കിയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ ഇസ്രായേല്‍ തടയുകയും അതിലുണ്ടായിരുന്നവരെ പല കണ്ടെയിനര്‍ ഷിപ്പുകളിലായി തടങ്കലില്‍ വെക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ഇസ്രായേല്‍ ഇവരെ മോചിപ്പിച്ചത്. പിന്നീട് ഇവരെ തുര്‍ക്കിയിലേക്ക് നാടു കടത്തി.
തങ്ങളെ ടേസര്‍ ഗണ്ണുകളും റബ്ബര്‍ ബുള്ളറ്റുകളും ഉപയോഗിച്ച് ആക്രമിച്ചതായും, അസ്ഥികള്‍ ഒടിയുന്ന വിധം കടുത്ത മര്‍ദ്ദനത്തിന് ഇരയാക്കിയതായും ഫ്‌ലോട്ടില്ലയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരെ ഇസ്രായേല്‍ സൈനികര്‍ ബലാത്സംഗം ചെയ്തു. തോക്ക് ചൂണ്ടി ലൈംഗിക അതിക്രമങ്ങള്‍ നടത്തി. സമാനതകളില്ലാത്ത ക്രൂരതകളാണ് നടത്തിയതെന്ന് ഫ്‌ളോട്ടില്ല സംഘാംഗങ്ങള്‍ക്ക് വേണ്ടി ഹാജരാകുന്ന ഇസ്രായേല്‍ ആസ്ഥാനമായ മനുഷ്യാവകാശ സംഘടന അദാലയുടെ ഇന്റര്‍നാഷണല്‍ അഡ്വക്കസി കോര്‍ഡിനേറ്ററായ മറിയം അസിം സിഎന്‍എന്നിനോട് പറഞ്ഞു.
ലൈംഗിക അതിക്രമങ്ങള്‍ നേരിട്ട പ്രവര്‍ത്തകര്‍ക്ക് അതിനെക്കുറിച്ച് സംസാരിക്കാന്‍ അവസരം നല്‍കുമെന്ന് അദാല വ്യക്തമാക്കി. അതിക്രമത്തെ അതിജീവിച്ച ചിലര്‍ തങ്ങള്‍ക്ക് നേരിട്ട ക്രൂരതകളെക്കുറിച്ച് വിശദമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. മറ്റുചിലര്‍ പ്രതികാര നടപടികളെ ഭയപ്പെട്ടിരുന്നു- അവര്‍ പറഞ്ഞു.
ഒരു ഷിപ്പിംഗ് കണ്ടെയ്‌നറിനുള്ളില്‍ വെച്ച് അഞ്ച് പുരുഷന്മാര്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി ഓസ്ട്രേലിയന്‍ ചലച്ചിത്ര പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ജൂലിയറ്റ് ലാമോണ്ട് സിഎന്‍എന്നിനോട് പറഞ്ഞു. ഇനി തിരിച്ചുവരില്ലെന്ന് ഉറപ്പാക്കുന്ന വിധത്തിലുള്ള തുടര്‍ച്ചയായ ആസൂത്രിത അക്രമണമാണ് നടന്നത്. 'അവര്‍ ഞങ്ങളുടെ അസ്ഥികള്‍ ഒടിച്ചിട്ടുണ്ടാകാം, എന്നാല്‍ ഞങ്ങളുടെ ആത്മാവിനെ തകര്‍ക്കാന്‍ അവര്‍ക്കായിട്ടില്ല' -ലാമോണ്ട് പറഞ്ഞു.
ഇസ്താംബുളിലെ ഒരു ആശുപത്രിയില്‍ നിന്ന് സംസാരിച്ച ഓസ്ട്രേലിയന്‍ പൗരനായ സാക്ക് സ്‌കോഫീല്‍ഡ്, തടങ്കലില്‍ തങ്ങള്‍ നേരിട്ടത് നിരന്തരമായ ക്രൂരാനുഭവങ്ങളായിരുന്നു എന്നു പറഞ്ഞു. 'എന്നെ 40 മിനിറ്റോളം കൈകള്‍ പിന്നിലേക്ക് കെട്ടി ഒരു പീഡന മുറയില്‍ ഇരുത്തി. പിന്നീട് തല മേശയിലേക്ക് ശക്തമായി ഇടിച്ചു, നെഞ്ചിലും മുഖത്തും കാല്‍മുട്ടുകൊണ്ട് ഇടിച്ചു, അവരുടെ കൈയിലുണ്ടായിരുന്ന പ്ലെയര്‍ ഉപയോഗിച്ച് എന്റെ ചെവികള്‍ പിന്നിലേക്ക് വലിച്ചു, പലരെയും കഴുത്തിന് പിടിച്ച് നിലത്തടിക്കുന്നത് കണ്ടതായും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ ചില പൗരന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ചില ആരോപണങ്ങള്‍ ഗുരുതരമാണെന്നും ജര്‍മ്മനി വ്യക്തമാക്കി. തട്ടിക്കൊണ്ടുപോകല്‍, ലൈംഗിക അതിക്രമം എന്നിവയുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളെക്കുറിച്ച് പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷിക്കുന്നതായി ഇറ്റലി വ്യക്തമാക്കി. കനേഡിയന്‍ പൗരന്മാര്‍ നേരിട്ട ഭയാനകമായ പീഡനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും, ഇസ്രായേലില്‍ കനേഡിയന്‍ പൗരന്മാരോട് കാണിച്ച ക്രൂരതകളെ അപലപിക്കുന്നതായും കനേഡിയന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ഉത്തരവാദികളായവര്‍ കണക്ക് പറയേണ്ടിവരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അന്തസ്സിനുമേലുള്ള മനുഷ്യത്വരഹിതമായ ലംഘനങ്ങളാണെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പറഞ്ഞു.
കൈകള്‍ പിന്നില്‍ കെട്ടി നിലത്തിരുത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരെ പരിഹസിക്കുന്ന ദൃശ്യങ്ങള്‍ ബുധനാഴ്ച ഇസ്രായേലിലെ തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വീര്‍ എക്‌സില്‍ പോസ്റ്റ് ചെയ്തത് വന്‍ വിവാദമായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ഇതിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നു.
പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ബെന്‍-ഗ്വീറിന്റെ നടപടിയെ പരസ്യമായി ശാസിച്ചിരുന്നു. ഈ നടപടി ഇസ്രായേലിന്റെ മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണ്' എന്ന് നെതന്യാഹു വിശേഷിപ്പിച്ചു. എന്നാല്‍ കപ്പല്‍ വ്യൂഹം തടയാനുള്ള തീരുമാനത്തെ നെതന്യാഹു പിന്തുണച്ചിരുന്നു.
2025 ഒക്ടോബറില്‍ യുഎസിന്റെ മധ്യസ്ഥതയില്‍ ഇസ്രായേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നിട്ടുണ്ടെങ്കിലും, ഗാസയിലെ ജനങ്ങള്‍ ഭക്ഷണം, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്ലാതെ നരകജീവിതം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മാനുഷിക സഹായങ്ങളുമായി ഈ കപ്പല്‍വ്യൂഹം പുറപ്പെട്ടത്. കപ്പലുകള്‍ തടഞ്ഞ് അതിലുണ്ടായിരുന്നവരെ തടവിലാക്കുകയായിരുന്നു ഇസ്രായേല്‍.
എന്നാല്‍ ആരോപണങ്ങള്‍ വ്യാജമാണെന്നും വസ്തുതാവിരുദ്ധമാണെന്നും ഇസ്രായേല്‍ പ്രിസണ്‍ സര്‍വീസ് പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകരെ പീഡിപ്പിച്ചു എന്ന ആരോപണം ഇസ്രായേല്‍ സൈന്യവും നിഷേധിച്ചു.


