ചൊവ്വാഴ്ച നടന്ന ഈജിപ്ത് - അര്‍ജന്റീന ലോകകപ്പ് മത്സരത്തിന്റെ തലേന്നായിരുന്നു ഈ ദാരുണ സംഭവം. സഞ്ചരിച്ചിരുന്ന ടാക്‌സിക്ക് നേരെയായിരുന്നു ഇസ്രായേലിന്റെ മിസൈലാക്രമണം.

ഗാസ സിറ്റി: യുദ്ധക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ ഗാസയില്‍ ലോകകപ്പ് മത്സരങ്ങളുടെ തത്സമയ പ്രദര്‍ശനം ഒരുക്കിയ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഈജിപ്ഷ്യന്‍ റിലീഫ് കമ്മിറ്റിയുടെ ഗാസയിലെ പബ്ലിക് റിലേഷന്‍സ് ഡയറക്ടറായ മുഹമ്മദ് അല്‍ വാഹിദി (57) ആണ് കൊല്ലപ്പെട്ടത്. അദ്ദേഹം സഞ്ചരിച്ചിരുന്ന ടാക്‌സിക്ക് നേരെയായിരുന്നു ഇസ്രായേലിന്റെ മിസൈലാക്രമണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചൊവ്വാഴ്ച നടന്ന ഈജിപ്ത് - അര്‍ജന്റീന ലോകകപ്പ് മത്സരത്തിന്റെ തലേന്നായിരുന്നു ഈ ദാരുണ സംഭവം. ഗാസ സിറ്റിയിലെ സബ്ര മേഖലയിലുണ്ടായ ആക്രമണത്തില്‍ ടാക്‌സിയിലുണ്ടായിരുന്ന അഹമ്മദ് ജിഹാദ് എന്ന മുപ്പതുകാരനും, വഴിയാത്രക്കാരായിരുന്ന പത്തും എട്ടും വയസ്സുള്ള രണ്ട് കുട്ടികളും കൊല്ലപ്പെട്ടു.

രണ്ട് വര്‍ഷത്തിലേറെയായി തുടരുന്ന ഇസ്രായേലിന്റെ അധിനിവേശത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട ഗാസയിലെ ജനങ്ങള്‍ക്ക് സന്തോഷം നല്‍കാന്‍ അല്‍ വാഹിദി എപ്പോഴും ശ്രമിച്ചിരുന്നു. അഭയാര്‍ത്ഥി കൂടാരങ്ങള്‍ക്ക് സമീപം ഭീമന്‍ സ്‌ക്രീനുകള്‍ സ്ഥാപിച്ച് ലോകകപ്പ് മത്സരങ്ങള്‍ പ്രദര്‍ശിപ്പിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. അര്‍ജന്റീനയോട് തോറ്റ് പുറത്താകുന്നതിന് മുന്‍പ് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഈജിപ്ഷ്യന്‍ ടീമിനായി ഗാസയിലെ ആയിരക്കണക്കിന് ഫുട്‌ബോള്‍ പ്രേമികളാണ് ഈ സ്‌ക്രീനുകള്‍ക്ക് മുന്നിലിരുന്ന് ആര്‍ത്തുവിളിച്ചത്.

'യുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ട് കൂടാരങ്ങളിലും തകര്‍ന്ന വീടുകളിലും കഴിയുന്ന ജനങ്ങള്‍ക്ക് ചെറിയ സമാധാനം നല്‍കാനാണ് എന്റെ പിതാവ് കഠിനാധ്വാനം ചെയ്തത്. മത്സരങ്ങള്‍ നേരിട്ട് കാണാനുള്ള സൗകര്യം അദ്ദേഹം ഒരുക്കി,' അല്‍ വാഹിദിയുടെ മകന്‍ ഫവാസ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. തകര്‍ന്ന റോഡുകള്‍ ഗതാഗതയോഗ്യമാക്കാനും അഭയാര്‍ത്ഥി ക്യാമ്പുകള്‍ നിര്‍മ്മിക്കാനും അദ്ദേഹം എപ്പോഴും മുന്നിലുണ്ടായിരുന്നു.

ഈജിപ്ത് സര്‍ക്കാരിന്റെ ഔദ്യോഗിക ദുരിതാശ്വാസ വിഭാഗമായി ഗാസയില്‍ പ്രവര്‍ത്തിക്കുന്ന സമിതിയിലെ പ്രധാനിയായിരുന്നു ഫലസ്തീന്‍ സ്വദേശി കൂടിയായ അല്‍ വാഹിദി. അദ്ദേഹത്തിന്റെ കൊലപാതകത്തില്‍ ഈജിപ്ഷ്യന്‍ ഭരണകൂടം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ഇസ്രായേലിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് ഈജിപ്ത് വ്യക്തമാക്കി. ബുധനാഴ്ച നടന്ന വിലാപയാത്രയില്‍ ഫലസ്തീന്റെയും ഈജിപ്തിന്റെയും പതാകകള്‍ പുതപ്പിച്ചാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചത്.

2025 ഒക്ടോബര്‍ 10-ന് ഇസ്രായേലും ഹമാസും തമ്മില്‍ ഔദ്യോഗികമായി വെടിനിര്‍ത്തല്‍ (ഇലമലെളശൃല) കരാറിലെത്തിയിരുന്നു. ഇതിന് ശേഷം കരയുദ്ധത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും, ഗാസയ്ക്ക് മേലുള്ള ഇസ്രായേലിന്റെ ആകാശ ആക്രമണങ്ങള്‍ക്ക് കുറവൊന്നുമില്ല. ഈ വെടിനിര്‍ത്തല്‍ കാലയളവില്‍ മാത്രം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 1,092 പലസ്തീനികള്‍ കൊല്ലപ്പെടുകയും 3,507 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. 2023 ഒക്ടോബറിന് ശേഷം ഇതുവരെ 73,118-ലധികം പലസ്തീനികളാണ് ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.