വെടിയുതിർത്ത് യുവാവ് റണ്‍വേയിലേക്ക് കാർ ഓടിച്ചുകയറ്റി, പാര്‍ക്ക് ചെയ്തത് വിമാനത്തിനടിയിൽ, കൂടെ ഒരു കുട്ടിയും
വിമാനത്താവളത്തില്‍ പരിഭ്രാന്തി പടര്‍ത്തി വെടിയുതിര്‍ത്ത് റണ്‍വേയിലേക്ക് കാര്‍ ഓടിച്ചുകയറ്റി യുവാവ്. കൂടെ ഒരു കുട്ടിയുമുണ്ട്. വിമാനത്താവളം അടച്ചു.

ഫ്രാങ്ക്ഫര്‍ട്ട്: വിമാനത്താവളത്തിലെ റണ്‍വേയിലേക്ക് കാര്‍ ഓടിച്ചുകയറ്റി 35 വയസ്സുകാരന്‍. ഇയാളുടെ കയ്യില്‍ തോക്കുണ്ടായിരുന്നു. കാറില്‍ ഒരു കുട്ടിയും ഇരിക്കുന്നുണ്ട്. കാര്‍ പാര്‍ക്ക് ചെയ്തത് വിമാനത്തിനടിയിലാണ്. ജര്‍മനിയിലെ ഹാംബർഗ് വിമാനത്താവളത്തിലാണ് ഏവരെയും പരിഭ്രാന്തരാക്കിയ അസാധാരണ സംഭവം നടന്നത്.
പ്രാദേശിക സമയം എട്ട് മണിയോടെയാണ് യുവാവ് സെക്യൂരിറ്റി ഏരിയയിലൂടെ റണ്‍വേയിലേക്ക് പ്രവേശിച്ചത്. രണ്ട് തവണ യുവാവ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. ഇതോടെ യാത്രക്കാരെ വിമാനത്താവളത്തില്‍ നിന്ന് ഒഴിപ്പിച്ചു.
യുവാവിന്‍റെ കൂടെയുള്ള കുട്ടി ഇയാളുടെ മകനാണെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അവകാശം സംബന്ധിച്ച് യുവാവും ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ട്. ഇതിന്‍റെ തുടച്ചയായാണ് ബന്ദിയാക്കലിന് സമാനമായ സംഭവമുണ്ടായതെന്ന് പൊലീസ് കരുതുന്നു. കുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയെന്ന് കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വിമാനത്താവളത്തിലേക്ക് സൈക്കോളജിസ്റ്റിനെ കൊണ്ടുവന്ന് യുവാവിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. എന്ത് സാഹചര്യമുണ്ടായാലും നേരിടാന്‍ തയ്യാറായി പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് ജര്‍മന്‍ പൊലീസ് അറിയിച്ചു.
വിമാനത്താവളം നിലവില്‍ അടച്ചിരിക്കുകയാണ്. വിമാനത്താവളത്തില്‍ നിന്ന് വിമാനങ്ങളൊന്നും പറന്നുയരുന്നില്ല. ലാന്‍ഡിങും നിര്‍ത്തി വെച്ചിരിക്കുകയാണ്. 27 വിമാനങ്ങളുടെ സര്‍വ്വീസിനെ സംഭവം ബാധിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം