Ghost of Kyiv യുക്രെയിനിൽ മേജർ സ്റ്റെപാൻ താരകബാൽക കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഗോസ്റ്റ് ഓഫ് കീവ് എന്ന പേരിൽ അറിയിപ്പെടുന്ന യുദ്ധവിമാന പൈലറ്റായ മേജർ സ്റ്റെഫാൻ കൊല്ലപ്പെട്ടെന്നാണ് യുക്രെയിൻ പ്രതിരോധ സേന സ്ഥിരീകരിച്ചത്
കീവ്: യുക്രെയിനിൽ (ukraine) മേജർ സ്റ്റെപാൻ താരകബാൽക കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഗോസ്റ്റ് ഓഫ് കീവ് (Ghost of Kyiv) എന്ന പേരിൽ അറിയിപ്പെടുന്ന യുദ്ധവിമാന പൈലറ്റായ മേജർ സ്റ്റെഫാൻ കൊല്ലപ്പെട്ടെന്നാണ് യുക്രെയിൻ പ്രതിരോധ സേന സ്ഥിരീകരിച്ചത്. യുക്രേനിയൻ ഫൈറ്റർ പൈലറ്റ് 40 റഷ്യൻ വിമാനങ്ങൾ വെടിവച്ചിട്ടതിന് ശേഷമാണ് കൊല്ലപ്പെട്ടതെന്ന് പ്രതിരോധ സേനയെ ഉദ്ധരിച്ച് ദി ടൈംസ് റിപ്പോർട്ട് ചെയ്തത്.
അദ്ദേഹത്തിന്റെ മരണശേഷമാണ് ഗോസ്റ്റ് ഓഫ് കീവ് എന്ന ഫൈറ്റർ, മേജർ സ്റ്റെപാൻ താരബാൽക്കയാണെന്ന ഐഡന്റിറ്റി വെളിപ്പെടുത്തിയത്. 29 വയസ്സുകാരനാണ് മേജർ താരബാൽക്ക. റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹം പറത്തിയിരുന്ന മിഗ്-29, മാർച്ച് 13-ന് ശത്രുസൈന്യവുമായി ശക്തമായ ഏറ്റുമുട്ടൽ നടത്തി. പോരാട്ടത്തിനിടെ വിമാനം റഷ്യൻ സേന വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
യുദ്ധത്തിന്റെ ആദ്യ ദിനത്തിൽ ആറ് റഷ്യൻ വിമാനങ്ങൾ വെടിവച്ചിട്ടതോടെയാണ് യുക്രെയിനിലെ വീരനായകനായി താരബാൽക്ക മാറിയത്. 'കാവൽ മാലാഖ' എന്നായിരുന്നു താരബാൽക്കയെ ഉക്രേനികൾ വിശേഷിപ്പിച്ചത്. ഫെബ്രുവരി 26- ന് 10 റഷ്യൻ യുദ്ധവിമാനങ്ങൾ കൂടി അദ്ദേഹം വെടിവച്ചിട്ടു. നാൽപതോളം റഷ്യൻ യുദ്ധവിമാനങ്ങൾ മണ്ണ് പറ്റിയത്, തരബാൽക്കെയുടെ വിരുതാണെന്നായിരുന്നു യുക്രെയ്ൻ പ്രതിരോധസേനയുടെ അവകാശവാദം.
'ആളുകൾ അവനെ കീവിന്റെ പ്രേതം എന്ന് വിളിക്കുന്നു. ശരിയാണ്, റഷ്യൻ വിമാനങ്ങൾക്ക് അദ്ദേഹം ഇതിനകം ഒരു പേടിസ്വപ്നമായി മാറിയിരിക്കുന്നു'- എന്നായിരുന്നു ഫെബ്രുവരിയിൽ യുക്രേനിയൻ ഗവൺമെന്റിന്റെ ഔദ്യോഗിക ട്വീറ്റിൽ പറഞ്ഞത്. അദ്ദേഹത്തിന് മരണാനന്തരം യുദ്ധ ധീരതയ്ക്കുള്ള യുക്രെയ്‌ന്റെ ഏറ്റവും ഉയർന്ന ബഹുമതി, 'ഓർഡർ ഓഫ് ഗോൾഡൻ സ്റ്റാർ' നൽകി രാജ്യം താരാബാൽൽക്കെയെ ആദരിച്ചു. യുക്രെയ്നിലെ ഹീറോ എന്ന പദവിയും അദ്ദേഹത്തിന് ലഭിച്ചുവെന്നും ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
യുക്രെയിനിൽ വീണ്ടും മാധ്യമ പ്രവർത്തക കൊല്ലപ്പെട്ടു
കീവ്: യുക്രെയ്നിന്റെ തലസ്ഥാനമായ കീവിൽ റഷ്യൻ സൈന്യം നടത്തിയ ഏറ്റവും പുതിയ ആക്രമണത്തിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടതായി റിപ്പോർട്ട്. റേഡിയോ സ്വബോദയുടെ ജേണലിസ്റ്റായ വെരാ ഗിരിച്ച് വ്യാഴാഴ്ച കൊല്ലപ്പെട്ടുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നെക്സ്റ്റയുടെ റിപ്പോർട്ട് പ്രകാരം കീവിലെ ഏറ്റവും പുതിയ ഷെല്ലാക്രമണത്തിൽ വെരാ ഗിരിച്ചിന് ജീവൻ നഷ്ടപ്പെട്ടതായി, ഗിരിച്ചിന്റെ സഹപ്രവർത്തകൻ അലക്സാണ്ടർ ഡെംചെങ്കോ സ്ഥിരീകരിച്ചതായി പറയുന്നു. റഷ്യൻ സൈന്യം ആക്രമിച്ച കെട്ടിടത്തിലാണ് ഗിരിച്ച് താമസിച്ചിരുന്നത്. പിറ്റേന്ന് രാവിലെ രക്ഷാപ്രവർത്തകർ അവളെ കണ്ടെത്തുന്നതുവരെ അവളുടെ ശരീരം അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുകയായിരുന്നു.
ഗിരിച്ചിനെ കുറിച്ച് സഹപ്രവർത്തകൻ അലെക്‌സാണ്ടർ ഡെംചെങ്കോ ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കിട്ടിരുന്നു, 'ഒരു റഷ്യൻ മിസൈൽ അവളുടെ വീട്ടിൽ പതിച്ചു, വെറ രാത്രി മുഴുവൻ അവിടെ കിടന്നു. രാവിലെയാണ് അവളെ കണ്ടെത്തിയത്. എനിക്ക് ഭ്രാന്തില്ല, പക്ഷെ കരയാൻ ആഗ്രഹിക്കുന്നില്ല. കാരണം ഇത് ദിവസവും ആവർത്തിക്കപ്പെടുന്ന കാര്യമായി മാറിയിരിക്കുന്നു. എത്ര അത്ഭുതകരമായ ഒരു വ്യക്തിയാണ് പോയതെന്ന് എങ്ങനെ പറയണമെന്ന് എനിക്കറിയില്ല'- എന്നായിരുന്നു ചെംചെങ്കോ കുറിച്ചത്.
