തൃക്കരിപ്പൂരിലെ സ്ഥാനാർത്ഥിത്വം സ്ഥിരീകരിച്ചതിന് പിന്നാലെ ആദ്യമായി പ്രതികരിക്കുകയാണ് സന്ദീപ് വാര്യർ. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടാണ് സന്ദീപ് വാര്യരുടെ പ്രതികരണം.
തൃക്കരിപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി സന്ദീപ് വാര്യർ മത്സരിക്കുമെന്ന് ഉറപ്പായി. തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ കാസർകോട് ഡിസിസിയിൽ ശക്തമായ എതിർപ്പ് ഉയർന്നിരുന്നുവെങ്കിലും കെപിസിസി നേതൃത്വം ഇടപെട്ടതോടെയാണ് ഡിസിസി നേതൃത്വം അയഞ്ഞത്. ഇന്നലെ സന്ദീപിനെ പരിഗണിക്കുന്നുവെന്ന വിവരം പുറത്ത് വന്നതോടെ, ഡിസിസി പ്രസിഡന്‍റ് പി.കെ. ഫൈസൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി പരസ്യമായി രംഗത്തെത്തിയ സ്ഥിതിയുണ്ടായിരുന്നു. കാസർകോട്ടെ കോൺഗ്രസ് നേതാക്കൾ ഇന്നലെ അടിയന്തര യോഗം ചേർന്നു. ഡിസിസി പ്രസിഡന്‍റുമായി സന്ദീപ് വാര്യർ ഇന്ന് രാവിലെ സംസാരിക്കുകയും ചെയ്തു.
തൃക്കരിപ്പൂരിലെ സ്ഥാനാർത്ഥിത്വം സ്ഥിരീകരിച്ചതിന് പിന്നാലെ ആദ്യമായി പ്രതികരിക്കുകയാണ് സന്ദീപ് വാര്യർ. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടാണ് സന്ദീപ് വാര്യരുടെ പ്രതികരണം.
സീറ്റ് കിട്ടുമെന്ന് ഉറപ്പായിരുന്നോ?
കോണ്‍ഗ്രസില്‍ വന്നതിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്. സീറ്റ് സംബന്ധിച്ച് നേതൃത്വവുമായിട്ട് സംസാരിച്ചിട്ടില്ല. കോൺഗ്രസ് നേതൃത്വം നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്ന രീതിയിൽ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു, അത് സംബന്ധിച്ച് നേതൃത്വം ഒരു സീറ്റ് നിർദ്ദേശിച്ചു. അത് സന്തോഷത്തോടെ സ്വീകരിക്കുന്നു. കോൺഗ്രസ് നേതൃത്വം എന്താണോ നിർദ്ദേശിക്കുന്നത് അത് പാലിച്ചുകൊണ്ട് അവിടെ ഇലക്ഷൻ ഫൈറ്റ് ചെയ്യുക എന്നുള്ളതാണ് ഒരു പ്രവർത്തകന്‍ എന്നുള്ള നിലക്ക് എനിക്ക് ചെയ്യാനുള്ളത്.
പാലക്കാടോ തൃശ്ശൂരോ പരിഗണിക്കുമെന്ന് കരുതിയിരുന്നോ?
തൃശ്ശൂർ വൈകാരികമായി അടുപ്പമുള്ള സ്ഥലം എന്നു പറഞ്ഞത് മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യത്തിനുള്ള കൊടുത്ത മറുപടിയാണ്. അതല്ലാതെ ഞാൻ ആയിട്ട് തൃശ്ശൂർ വേണം, പാലക്കാട് വേണം എന്ന് എവിടെയും ആവശ്യപ്പെട്ടിട്ടില്ല. 140-ല്‍ കോൺഗ്രസ് പാർട്ടിക്ക് ആകെ 95 സീറ്റുകളാണുള്ളത്. ആ 95-ൽ ഒരാളാവുക എന്നുള്ളത് വലിയ കാര്യമാണ്, വലിയ അംഗീകാരമാണ്. അതുകൊണ്ട് തന്നെ പാർട്ടി നൽകിയിട്ടുള്ള അംഗീകാരത്തിൽ വലിയ സന്തോഷമുണ്ട്.
തൃക്കരിപ്പൂരില്‍ തൃപ്തനാണോ?
100% തൃപ്തനാണ്. യുഡിഎഫിന് നല്ല സ്വാധീനമുള്ള മണ്ണാണ്. യുഡിഎഫിന് ജയിക്കാൻ തീർച്ചയായിട്ടും സാധിക്കുന്ന ഒരു മണ്ഡലമാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ഉജ്ജ്വലമായിട്ടുള്ള മുന്നേറ്റമാണ് ഈ പ്രദേശങ്ങളിൽ ഉണ്ടാക്കിയത്. അതെല്ലാം നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വെച്ച് നോക്കുമ്പോഴും വലിയ മുന്നേറ്റത്തോടുകൂടി അവിടെ വിജയിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ഒപ്പം കാസർഗോഡ് ജില്ലയുടേതായിട്ട് ഒട്ടേറെ പ്രശ്നങ്ങളുണ്ട്. ഇപ്പോഴും ചികിത്സയ്ക്ക് വേണ്ടി മംഗലാപുരത്തേക്ക് പോകേണ്ടി വരുന്ന ഒരു സാഹചര്യമുണ്ട്. അതുപോലെ തന്നെ അവിടെ തന്നെ ആശുപത്രികളിൽ രാത്രി കിടത്തി ചികിത്സയില്ലാത്ത പ്രശ്നങ്ങൾ, ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ, കുട്ടികളുടെ തൊഴിൽപരമായിട്ടുള്ള പ്രശ്നങ്ങൾ ഇതെല്ലാം അവിടെ തീർച്ചയായിട്ടും വലിയ ചർച്ചാവിഷയങ്ങളാണ്.
ദീർഘകാലമായിട്ട് ഇടപക്ഷത്തിന്റെ കൈവശം വരുന്ന ഈ സ്ഥലത്ത് കാര്യമായ വികസന പ്രവർത്തനം നടന്നിട്ടില്ല. അതുകൊണ്ടുതന്നെ ഒരു മോചനം അവർ ആഗ്രഹിക്കുന്നുണ്ട്. ഒരു ചേഞ്ച് അവർ ആഗ്രഹിക്കുന്നുണ്ട്. അപ്പോൾ ടൈം ഫോർ ചേഞ്ച് എന്ന് തീർച്ചയായിട്ടും അവര് ചിന്തിക്കുന്നുണ്ട് എന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. ആ മാറ്റത്തിന് ഒരു ചാലകശക്തിയാവാനാണ് യുഡിഎഫ് ഇത്തവണ ആഗ്രഹിക്കുന്നത്. തീർച്ചയായിട്ടും അതിനനുസൃതമായിട്ടുള്ള ഒരു തെരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
ഡിസിസിയിലെ ശക്തമായ എതിർപ്പിനെ കുറിച്ച്?
ഒരു എതിർപ്പുമില്ല. ഡിസിസി പ്രസിഡന്‍റ് പി. കെ. ഫൈസലുമായി ഞാൻ രാവിലെ സംസാരിച്ചിരുന്നു. അദ്ദേഹം പൂർണ്ണമായിട്ടുള്ള പിന്തുണ നല്‍കിയിട്ടുണ്ട്. അദ്ദേഹം കൂടെയുണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ട്. കാസര്‍കോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉള്‍പ്പെടെയുള്ള സീനിയര്‍ നേതാക്കന്മാർ, അവിടത്തെ യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും നേതൃത്വം, മുസ്ലിം ലീഗിന്റെ നേതൃത്വം തുടങ്ങിയവര്‍ പിന്തുണ അറിയിച്ച് സംസാരിച്ചിരുന്നു.
സ്ഥാനാര്‍ത്ഥി പട്ടിക വൈകിയത് തിരിച്ചടിയാകുമോ?
എവിടെയാ വൈകിയിട്ടുള്ളത്? 95 സീറ്റിലും സ്ഥാനാർത്ഥി പ്രഖ്യാപനം വേണ്ടേ? മുന്നണിയുടെ ചർച്ചകൾ വേണ്ടേ? ഇവിടെ ബിജെപിയുടെ മുഴുവൻ ലിസ്റ്റ് വന്നിട്ടില്ലല്ലോ, സിപിഎമ്മിന്റെ മുഴുവൻ വന്നിട്ടില്ലല്ലോ? അതുകൊണ്ട് ലിസ്റ്റ് വരാന്‍ വൈകിയെന്ന് കരുതുന്നില്ല.
കടുത്ത മത്സരമുണ്ടാകുമോ?
എല്ലാ തെരഞ്ഞെടുപ്പുകളും തീർച്ചയായിട്ടും മത്സരങ്ങൾ തന്നെയാണല്ലോ. നമ്മൾ ഒരിക്കലും എതിരാളികളെ ചെറുതായി കാണുന്നില്ല. അപ്പോൾ സ്വാഭാവികമായിട്ടും എതിർ സ്ഥാനാർത്ഥി ആരാണോ എന്താണെന്നോ എന്നുള്ളതല്ല, കഴിഞ്ഞ ഒട്ടേറെ ദശാബ്ദങ്ങളായി തൃക്കരിപ്പൂരിലെ ജനങ്ങളെ പരിപൂർണ്ണമായിട്ടും ഉപേക്ഷിക്കുകയും അക്രമരാഷ്ട്രീയത്തിന്റെ വഴിയിലേക്ക് ആ പ്രദേശത്തെ ആകെ വഴിതിരിച്ചു വിടുകയും ചെയ്തിട്ടുള്ള ഒരു മുന്നണിയും അതുപോലെ തന്നെ 10 വർഷക്കാലമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന സർക്കാർ, ആ സർക്കാർ കാസർഗോഡ് ജില്ലയോട് കാണിച്ചിട്ടുള്ള ഏറ്റവും മോശപ്പെട്ട സമീപനം ഇതെല്ലാം അവിടെ ചർച്ചയാകും. തൊട്ടപ്പുറത്തെ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് അടക്കമുള്ള വിഷയങ്ങൾ തൃക്കരിപ്പൂരിലും പ്രധാന ചർച്ചാവിഷയമാണ്. തളിപ്പറമ്പിലെ ഫാമിലി സീറ്റ് സംബന്ധിച്ചിട്ടുള്ള പ്രശ്നങ്ങളും ചർച്ചാവിഷയമാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
യുഡിഎഫ് ഉയര്‍ത്തിക്കാട്ടുന്ന വിഷയങ്ങള്‍!
ശബരിമല വിഷയത്തിന് പുറമേ പാവപ്പെട്ടവന്‍റെ സമ്പത്ത് പോക്കറ്റ് അടിക്കുന്ന സംസ്ഥാന സർക്കാരിന്‍റെ സമീപനം, ഇവിടുത്തെ ഭൂനികുതി അടക്കം വീട്ടു നികുതി, വെള്ളക്കരം, വൈദ്യുതി ചാർജ് എല്ലാം വർദ്ധിപ്പിച്ച് നിത്യജീവിതത്തിൽ ജനങ്ങൾക്ക് പ്രയാസം ഉണ്ടാക്കിയിട്ടുള്ള സർക്കാരിന്‍റെ നയം തന്നെയാണ് ഈ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ഉയര്‍ത്തിക്കാട്ടുക. അതോടൊപ്പം ആഭ്യന്തരവകുപ്പിന്റെ കനത്ത പരാജയം, സംഘപരിവാർ വിധേയത്വം, ആർഎസ്എസ് വിധേയത്വം, സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാര ഇതൊക്കെ തീർച്ചയായിട്ടും ഈ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടും. പിണറായി വിജയൻ ഇവിടെ നരേന്ദ്ര മോദി സർക്കാർ ഔട്ട്സോഴ്സ് ചെയ്യുന്ന പ്രൊജക്ടുകൾ നടപ്പാക്കുന്ന ഒരു ഔട്ട്സോഴ്സിങ് ഏജൻസി ആയിട്ട് മാറുകയാണ്. മറ്റൊന്ന് കേരളത്തിലെ വിവിധ സെക്ടറുകളിൽ സംഭവിച്ചിട്ടുള്ള കഴിഞ്ഞ 10 വർഷക്കാലത്തെ തകര്‍ച്ച, പ്രത്യേകിച്ച് ആരോഗ്യമേഖല തകർന്ന് തരിപണമായിരിക്കുന്നു. ഇവിടത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും ചികിത്സിക്കാൻ മരുന്നില്ല, കുട്ടികൾക്ക് ഓപ്പറേഷൻ നടത്താൻ പോലും കഴിയുന്നില്ല എന്നൊക്കെ പറഞ്ഞ് വിഷമിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടത് ഈ സംസ്ഥാന സർക്കാരിന്റെ തന്നെ പ്രചാരകൻ എന്നുള്ള നിലയ്ക്ക് സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെട്ടിരുന്ന ഡോക്ടർ ഹാരിസിനെ പോലെയുള്ള ആളുകളാണ്. അപ്പോൾ ആരോഗ്യമേഖലയില്‍ സമഗ്രമായ ഒരു തകർച്ച സംഭവിച്ചിട്ടുണ്ട്.
ആരോഗ്യമേഖലയെ തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്. കേരളം ഒരുകാലത്ത് അഭിമാനത്തോടെ പറഞ്ഞിരുന്ന ആരോഗ്യമേഖലയുടെ മുന്നേറ്റം നമുക്ക് തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്. മറ്റൊന്ന് വിദ്യാഭ്യാസ മേഖലയിൽ സംഭവിച്ചിട്ടുള്ള മൂല്യ ശോഷമാണ്. ചെറുപ്പക്കാരായിട്ടുള്ള ആളുകളൊക്കെ പുറത്തേക്ക് പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. നമ്മുടെ കോഴ്സുകളെ ഇന്നത്തെ കാലത്തിനനുസരിച്ചുള്ള കോഴ്സുകളായി പരിഷ്കരിക്കുകയും നമ്മുടെ യൂണിവേഴ്സിറ്റികളെ പരിഷ്കരിക്കുകയും വേണം. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് നമ്മുടെ ഈ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റുമായി ബന്ധപ്പെട്ട വിഷയങ്ങൾ. ചെറിയ പോർട്ടുകൾ ഡെവലപ്മെന്‍റ് നടത്തേണ്ടതുണ്ട്. വൻകിട പ്രൊജക്റ്റുകളുടെ ആവശ്യം കൂടി കേരളത്തിനുണ്ട്.
യുഡിഎസ് നേരത്തെ അധികാരത്തിലുള്ള സമയത്ത് വിഭാവനം ചെയ്ത പദ്ധതികളാണ് ഇന്നും കേരളത്തിലെ പ്രധാനപ്പെട്ട പദ്ധതികളാണ് നിലകൊള്ളുന്നത്. നെടുമ്പാശ്ശേരി എയർപോർട്ട് ആണെങ്കിലും വിഴിഞ്ഞം സീപോർട്ട് ആണെങ്കിലും കേരളത്തിലെ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ആണെങ്കിലും കൊച്ചി മെട്രോ ആണെങ്കിലും, ഇന്ന് കേരളത്തിൽ നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് ദൃഷ്ടിഗോചരമായിട്ടുള്ള സകലമാന വികസന പദ്ധതികളുടെയും തുടക്കം കുറിച്ചിട്ടുള്ളതും അത് സാക്ഷാത്കരിച്ചിട്ടുള്ളതും യുഡിഎഫ് സർക്കാരുകൾ ആയിരുന്നു. അതുപോലെതന്നെ കേരളത്തെ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്താൻ കഴിയുന്ന വലിയ വികസന പദ്ധതികൾ കൂടി ഇവിടെ ആവശ്യമുണ്ട്. കേരളത്തെ ഇന്ത്യയിലെ ഏറ്റവും വികസിതമായ സംസ്ഥാനമായിട്ട് മാറ്റാനുള്ള നയപരിപാടികൾ യുഡിഎഫിന്‍റെ കൈവശമുണ്ട്.
