സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിമത നീക്കം നടത്തുന്ന കെ സുധാകരന് പിന്തുണയുമായി ആദം മുൽസി രംഗത്ത്. പാർട്ടി പ്രവർത്തകരുടെ അഭിമാനം സംരക്ഷിക്കാൻ പോരാടുന്ന സുധാകരനെ അധികാരമോഹിയായി ചിത്രീകരിക്കുകയാണെന്ന് മുൽസി ആരോപിച്ചു. സിപിഎമ്മിൽ നിന്നെത്തിയവർക്ക് നൽകുന്ന പരിഗണന സുധാകരന് നൽകണമെന്നും ഹൈക്കമാൻഡ് അനുകൂല തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം : സീറ്റ് ലഭിക്കാതെയായതോടെ വിമത നീക്കം നടത്തുന്ന കെ സുധാകരന് പിന്തുണയുമായി ആദം മുൽസി. കോൺഗ്രസ് പാർട്ടി പ്രവർത്തകരുടെ അഭിമാനം സംരക്ഷിക്കാൻ ഏതറ്റം വരെയും പോരാടുന്ന സുധാകരനെ അധികാരമോഹിയാക്കി താഴ്ത്തി കെട്ടാൻ ശ്രമിക്കുകയാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി. സിപിഎം വിട്ടെത്തിയ ജി.സുധാകരനടക്കമുളളവരോട് കാണിക്കുന്ന താല്പര്യം കെ.എസിന് നൽകണമെന്നും ഹൈക്കമാന്റ് അനുകൂല തീരുമാനം കൈകൊളളണമെന്നും ആദം മുൽസി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കെ.എസ് തനിച്ചല്ല......
പാർട്ടി പ്രവർത്തകരുടെ അഭിമാനം സംരക്ഷിക്കാൻ ഏതറ്റം വരെയും പോരാടുന്ന ശ്രീ. കെ സുധാകരനെ അധികാരമോഹിയാക്കി താഴ്ത്തി കെട്ടാൻ ശ്രമിക്കുന്നവർ മനസ്സിലാക്കണം,
2011 ൽ താൻ സിപിഎമ്മിൽ നിന്നും കൊണ്ടു വന്ന ആൾക്ക് കണ്ണൂർ സീറ്റ് നൽകി സംരക്ഷണം നൽകി. സിപിഎം കേന്ദ്രമായ ഉദുമയിൽ പോയി മത്സരിച്ചു
2016 ൽ പാർട്ടി അവഗണനകളാൽ തനിച്ചായ മൺമറഞ്ഞുപോയ ശ്രീ.സതീശൻ പാച്ചേനിയെ ചേർത്ത് പിടിച്ച് കണ്ണൂരിൽ അവസരം നല്‍കി.
2021ൽ വീണ്ടും പാച്ചേനിക്കായി ഉറച്ച നിലപാട്...
ജി.സുധാകരനടക്കമുളളവരോട് കാണിക്കുന്ന താല്പര്യം കെ.എസിന് നൽകണം...
ഹൈക്കമാന്റ് അനുകൂല തീരുമാനം കൈകൊളളണം.
അതൃപ്തി പ്രകടിപ്പിച്ച് കെ സുധാകരൻ
കണ്ണൂരിൽ സീറ്റ് നിഷേധിച്ച ഹൈക്കമാന്‍ഡ് തീരുമാനത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കെ സുധാകരൻ. ഹൈക്കമാൻഡ് സീറ്റ് ആവശ്യത്തിൽ വഴങ്ങാതിരുന്നതോടെ, പുതിയ പാർട്ടി രൂപീകരിക്കാനുളള തയ്യാറെടുപ്പിലാണ് സുധാകരനെന്നാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന വിവരം. ഇന്ന് 12 മണിക്ക് സുധാകരൻ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. സീറ്റ് ചർച്ചകൾ തുടങ്ങിയ ഘട്ടം മുതൽ തന്നെ കെ സി വേണുഗോപാൽ അടക്കമുള്ള നേതാക്കള്‍ കെ സുധാകരനെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. ഒരു ഘട്ടത്തിൽ രമേശ് ചെന്നിത്തലയടക്കം നേതാക്കൾ സുധാകരന് സീറ്റ് നൽകാമെന്ന നിലയിലേക്ക് എത്തിയെങ്കിലും, വിഡി സതീശൻ ശക്തമായി എതിർത്തതായാണ് വിവരം. സണ്ണി ജോസഫിന്റെയും പിന്തുണ സതീശന്റെ തീരുമാനത്തിനൊപ്പമാണ്. ഇതോടെയാണ് ഹൈക്കമാൻഡ് സുധാകരനെ മാത്രം മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. എന്നാൽ മത്സരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കെ സുധാകരൻ.


