കൊവിഡ് 19നെതിരെയുള്ള പോരാട്ടത്തിന് യുനിസെഫിന് 1 ലക്ഷം ഡോളര്‍(75 ലക്ഷം രൂപ) സംഭാവന ചെയ്ത് പരിസ്ഥിതി പ്രവര്‍ത്തകയും വിദ്യാര്‍ത്ഥിയുമായ ഗ്രെറ്റ തുന്‍ബെര്‍ഗ്. ഡച്ച് സന്നദ്ധ സംഘടനയില്‍ നിന്നും ലഭിച്ച സമ്മാനതുകയാണ് ഗ്രെറ്റ തുന്‍ബെര്‍ഗ് യുനിസെഫിന് സംഭാവനയായി നല്‍കിയത്. ലോക്ഡൗണ്‍ കാരണം ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും ബുദ്ധുമുട്ടുന്ന, മെഡിക്കല്‍ സൗകര്യങ്ങള്‍ ലഭിക്കാത്ത കുട്ടികള്‍ക്കായി തുന്‍ബെര്‍ഗിന്റെ സംഭാവന തുക ഉപയോഗിക്കുമെന്ന് യുനിസെഫ് അറിയിച്ചു.

'കാലാവസ്ഥാ പ്രശ്നങ്ങള്‍ പോലെ കൊറോണ വൈറസ് മഹാമാരിയും കുട്ടികളുടെ അവകാശങ്ങള്‍ക്കുമേലുള്ള പ്രതിസന്ധിയാണ്. ഇപ്പോഴും ഭാവിയിലും കൊവിഡ് മഹാമാരി എല്ലാ കുട്ടികളെയും ബാധിക്കും. മുന്‍പ് സെന്‍ട്രല്‍ യൂറോപ്പിലേക്ക് ഒരു യാത്ര നടത്തിയിരുന്നതിനാല്‍ തനിക്കും കൊവിഡ് ബാധിച്ചിരിക്കാന്‍ സാധ്യതയുണ്ട്. ദുര്‍ബലരായവരെയാണ് രോഗം കൂടുതല്‍ ബാധിക്കുക.'- തുന്‍ബര്‍ഗ് പറഞ്ഞു.  ഇക്കഴിഞ്ഞ ഭൗമ ദിനത്തിലാണ് ഹ്യൂമന്‍ ആക്റ്റ് എന്ന സംഘടന തുംബെര്‍ഗിന് 1 ലക്ഷം പുരസ്‌കാര തുക നല്‍കിയത്. തുംബെര്‍ഗ് യുനിസെഫിന് സംഭാവന നല്‍കാന്‍ തീരുമാനിച്ചതോടെ സംഘടന തുക രണ്ട് ലക്ഷമായി ഉയര്‍ത്തി.