Asianet News MalayalamAsianet News Malayalam

'പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ ഭാഗം', ദിഷക്ക് പിന്തുണയുമായി ഗ്രെറ്റ

ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കേസിനെ കുറിച്ചുള്ള വാര്‍ത്തകൾ കരുതലോടെ നൽകണമെന്ന് മാധ്യമങ്ങൾക്ക് ദില്ലി ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടെയാണ് ഗ്രെറ്റ നേരിട്ട് പിന്തുണയുമായി രംഗത്ത് വരുന്നത്.

greta thunberg extends support to disha ravi
Author
Sweden, First Published Feb 19, 2021, 9:09 PM IST

ദില്ലി/ സ്വീഡൻ: ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിക്ക് പിന്തുണയുമായി ഗ്രെറ്റ തുൻബർഗ്. പ്രതിഷേധിക്കാനുള്ള അവകാശം ഏത് ജനാധിപത്യത്തിന്റെയും ഭാഗമാണെന്ന് ഗ്രെറ്റ കുറിച്ച ട്വീറ്റിൽ പറയുന്നു. സമാധാനപരമായി സംഘം ചേരാനുള്ള അവകാശവും എല്ലാ ജനാധിപത്യസംവിധാനത്തിന്റെയും അവിഭാജ്യഘടകമാണെന്നും ഗ്രെറ്റ പറയുന്നു. ദിഷ ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഫ്രൈഡേസ് ഫോർ ഫ്യൂച്ചർ ഇന്ത്യ (എഫ്എഫ്എഫ്- ഇന്ത്യ) എന്ന സംഘടനയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് ഗ്രെറ്റയുടെ പ്രതികരണം. 

ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കേസിനെ കുറിച്ചുള്ള വാര്‍ത്തകൾ കരുതലോടെ നൽകണമെന്ന് മാധ്യമങ്ങൾക്ക് ദില്ലി ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടെയാണ് ഗ്രെറ്റ നേരിട്ട് പിന്തുണയുമായി രംഗത്ത് വരുന്നത്.

ദില്ലി പൊലീസ് ഉന്നയിച്ച ആവശ്യം ദിഷ രവിയെ മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ ദില്ലി പട്യാല ഹൌസ് കോടതി വിട്ടത്. ടൂൾ കിറ്റ് കേസിലെ മറ്റൊരു പ്രതിയായ ശാന്തനു മുളുകിനെ ചോദ്യം ചെയ്യാനായി തിങ്കളാഴ്ച ഹാജരാകാൻ  നോട്ടീസ് നൽകിയിട്ടുണ്ടെന്നും അതിന് ശേഷം ദിഷ രവിയെ വീണ്ടും കസ്റ്റഡിയിൽ വേണ്ടിവുമെന്നും പൊലീസ് അറിയിച്ചു. 

ഇതിനിടെ, ദിഷയെ അറസ്റ്റ് ചെയ്തതിൽ രാഷ്ട്രീയ സമ്മർദ്ദമില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പശ്ചിമബംഗാളിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞത്. ചില ഉന്നതവിദ്യാഭ്യാസം നേടിയവർ പോലും ഭീകരത പ്രോത്സാഹിപ്പിക്കുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചത്. 

ദിഷ രവി നൽകിയ ജാമ്യാപേക്ഷയിൽ കോടതി നാളെ വാദം കേൾക്കും. അതിനിടെയാണ് അന്വേഷണ വിവരങ്ങൾ പൊലീസ് ചോര്‍ത്തി നൽകുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ മാധ്യമങ്ങൾ ജാഗ്രതയോടെ വാര്‍ത്തകൾ നൽകണമെന്ന് ദില്ലി ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. 

സ്വകാര്യ വാട്സാപ്പ് ചാറ്റ് പോലും മാധ്യമങ്ങൾ വഴി പുറത്തു വരുന്നു. അന്വേഷണത്തെ ബാധിക്കുന്ന തരത്തിൽ പൊലീസ് വിവരം ചോർത്തുന്നു. ദിഷ രവിയുടെ അഭിഭാഷകൻ അഖിൽ സിബലിന്റെ വാദം ഇതായിരുന്നു. വിവരം ചോർത്തുന്നു എന്ന വാദം പൊലീസ് തള്ളി.  പൊതുഇടത്തിൽ ലഭ്യമായ വിവരങ്ങളാണ് നല്കിയതെന്ന് മാധ്യമങ്ങളും പരാതി കിട്ടിയാൽ നടപടി എടുക്കുമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാൻഡേഡ്സ് അതോറിറ്റിയും അറിയിച്ചു. രാജ്യത്തിൻറെ പരമാധികാരം സംരക്ഷിക്കാനുള്ള വിവരങ്ങൾ പുറത്തു വരണം. എന്നാൽ സ്വകാര്യതയുടെ അതിർത്തി ലംഘിക്കാനും പാടില്ല. ഈ അതിർവരമ്പുകൾ പാലിച്ച് വാർത്തൾ കരുതലോടെ നല്കാൻ മാധ്യമ എഡിറ്റർമാർ ശ്രദ്ധിക്കണമെന്ന് കോടതി ഉത്തരവിട്ടു.

Follow Us:
Download App:
  • android
  • ios