Asianet News MalayalamAsianet News Malayalam

പലസ്തീന്‍, അഫ്ഗാന്‍ സ്ത്രീകളെ സംസാരിക്കാന്‍ ക്ഷണിച്ചു, ഗ്രേറ്റ തുന്‍ബെര്‍ഗിന്‍റെ മൈക്ക് പിടിച്ചുവാങ്ങി യുവാവ്

കാലാവസ്ഥാ  പ്രസ്ഥാനമെന്ന നിലയിൽ, അടിച്ചമർത്തപ്പെടുന്നവരുടെയും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി പോരാടുന്നവരുടെയും ശബ്ദം കേൾക്കേണ്ടതുണ്ടെന്ന് ഗ്രേറ്റ തുൻബർഗ്

Greta Thunberg Mic Grabbed by Man at Amsterdam climate march SSM
Author
First Published Nov 13, 2023, 10:30 AM IST

ആംസ്റ്റര്‍ഡാം: പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗിന്‍റെ കയ്യില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമം. നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാമില്‍ നടന്ന പരിപാടിക്കിടെയാണ് സംഭവം. പലസ്തീന്‍, അഫ്ഗാന്‍ സ്ത്രീകളെ ഗ്രേറ്റ സംസാരിക്കാന്‍ വേദിയിലേക്ക് ക്ഷണിച്ചതിനു പിന്നാലെയായിരുന്നു ഇത്. സദസ്സിലിരുന്ന ഒരാള്‍ വേദിയിലേക്ക് കയറിവന്നാണ് അതിക്രമം നടത്തിയത്.

കാലാവസ്ഥാ  പ്രസ്ഥാനമെന്ന നിലയിൽ, അടിച്ചമർത്തപ്പെടുന്നവരുടെയും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി പോരാടുന്നവരുടെയും ശബ്ദം നമ്മള്‍ കേൾക്കേണ്ടതുണ്ടെന്ന് ഗ്രേറ്റ തുൻബർഗ് ചടങ്ങിൽ പറഞ്ഞു. അന്താരാഷ്ട്ര ഐക്യദാർഢ്യമില്ലാതെ കാലാവസ്ഥാ നീതി ഉണ്ടാകില്ല. തുടര്‍ന്നാണ് പലസ്തീന്‍, അഫ്ഗാന്‍ സ്ത്രീകളെ സംസാരിക്കാന്‍ ക്ഷണിച്ചത്. അതുകേട്ടതോടെ പ്രകോപിതനായ ഒരാള്‍ സദസ്സില്‍ നിന്ന് വേദിയിലേക്ക് ചാടിക്കയറി.

കാലാവസ്ഥയുമായി ബന്ധപ്പെട്ട പരിപാടിക്കാണ് താന്‍ വന്നതെന്നും രാഷ്ട്രീയ പരിപാടിക്കല്ലെന്നും യുവാവ് പറഞ്ഞു. ഗ്രേറ്റയുടെ കയ്യിലുണ്ടായിരുന്ന മൈക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. ഗ്രേറ്റ അയാളോട് ശാന്തനാവാന്‍ ആവശ്യപ്പെട്ടു. എന്നിട്ടും അയാള്‍ മൈക്കില്‍ നിന്ന് പിടിവിടാതിരുന്നതോടെ വേദിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇടപെട്ടു. യുവാവിനെ പിടിച്ചുപുറത്താക്കി. ഇയാള്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

പലസ്തീനിലെ മനുഷ്യക്കുരുതിയെ ന്യായീകരിച്ചവരോടൊപ്പം എങ്ങനെ ദീപാവലി ആഘോഷിക്കും? അമേരിക്കയുടെ ക്ഷണം തള്ളി രൂപി കൗർ

പരിപാടി തുടങ്ങുന്നതിന് തൊട്ടുമുന്‍പ് "പലസ്തീൻ സ്വതന്ത്രമാകും" എന്ന മുദ്രാവാക്യം ആള്‍ക്കൂട്ടത്തില്‍ നിന്ന് മുഴങ്ങിക്കേട്ടിരുന്നു. "അധിനിവേശ ഭൂമിയിൽ കാലാവസ്ഥാ നീതി ഇല്ല" എന്ന മുദ്രാവാക്യം മുഴക്കി ഗ്രേറ്റയും അവര്‍ക്കൊപ്പം ചേര്‍ന്നു. പലസ്തീനില്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന സ്കാര്‍ഫ് ഗ്രേറ്റ കഴുത്തില്‍ ചുറ്റിയിരുന്നു. ഗ്രേറ്റ നേരത്തെ ഗസയ്ക്കൊപ്പം എന്ന് സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ സ്‌കൂൾ പാഠ്യപദ്ധതിയിൽ നിന്ന് ഗ്രേറ്റയെ കുറിച്ചുള്ള പാഠഭാഗം നീക്കുമെന്ന് ഇസ്രയേൽ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

നെതർലൻഡ്‌സിലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ടായിരുന്നു ആംസ്റ്റര്‍ഡാമിലെ മാര്‍ച്ച്. ഗ്രേറ്റയും  യൂറോപ്യൻ യൂണിയൻ മുൻ കാലാവസ്ഥാ മേധാവി ഫ്രാൻസ് ടിമ്മർമാൻസും ഉൾപ്പെടെ 70,000 ത്തോളം ആളുകൾ മാർച്ചിൽ അണിചേര്‍ന്നു.

 

Follow Us:
Download App:
  • android
  • ios