വെടിനിര്‍ത്തല്‍ ധാരണ നടപ്പിലാക്കാന്‍ ഹമാസ് നിരായുധീകരണത്തിന് തയ്യാറാകണമെന്നതാണ് ഇസ്രയേലിന്‍റെ പ്രധാന ആവശ്യം.

നിരായുധീകരണത്തിന് സന്നദ്ധത അറിയിച്ചെന്ന അമേരിക്കയുടെ പ്രസ്താവന ഹമാസ് തള്ളി. സ്വതന്ത്ര പലസ്തീന്‍ സ്ഥാപിക്കും വരെ ആയുധം താഴെ വയ്ക്കില്ലെന്ന് ഹമാസ് പ്രഖ്യാപിച്ചു. ഹമാസ് നിരായുധീകരണത്തിന് സന്നദ്ധത പ്രകടിപ്പിച്ചതായി ഡോണള്‍ഡ് ട്രംപിന്‍റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീഫ് വിറ്റ്കോഫാണ് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയത്. ഇതിന് മറുപടിയായാണ് ഹമാസ് നിലപാട് ആവര്‍ത്തിച്ചത്. വെടിനിര്‍ത്തല്‍ ധാരണ നടപ്പിലാക്കാന്‍ ഹമാസ് നിരായുധീകരണത്തിന് തയ്യാറാകണമെന്നതാണ് ഇസ്രയേലിന്‍റെ പ്രധാന ആവശ്യം. 

ഇസ്രായേലിന്റെ അധിനിവേശം തുടരുന്നിടത്തോളം കാലം ചെറുത്തുനിൽപ്പും ആയുധങ്ങളും തങ്ങളുടെ നിയമപരമായ അവകാശമാണെന്നും, ജറുസലേം തലസ്ഥാനമായ ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ മാത്രമേ ഈ അവകാശം ഉപേക്ഷിക്കുകയുള്ളൂ എന്നും ഹമാസ് പ്രസ്താവനയിൽ വ്യക്തമാക്കി.

ഗാസയിൽ സഹായവിതരണ കേന്ദ്രം സന്ദർശിച്ച വിറ്റ്കോഫിന്റെ നടപടിയെ ഹമാസ് അപലപിക്കുകയും, ഇത് പൊതുജനാഭിപ്രായം തെറ്റിദ്ധരിപ്പിക്കാനും ഇസ്രായേലിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുമുള്ള ആസൂത്രിത നീക്കമാണെന്ന് ആരോപിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം സ്റ്റീഫ് വിറ്റ്കോഫ്, ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പൂർണമായും ആയുധം താഴെ വെക്കണം, ഗാസയ്ക്ക് മേലിലുള്ള അവരുടെ നിയന്ത്രണം വിട്ടുകൊടുക്കണം , പുതിയ ഭരണം സ്ഥാപിക്കാൻ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ബെഞ്ചമിൻ നെതന്യാഹു മുന്നോട്ട് വെച്ചത്. എന്നാൽ ആ നീക്കം ഹമാസ് പൂർണമായും തള്ളുന്നു. ജെറുസലേം ആസ്ഥാനമാക്കി ഒരു പലസ്ഥീൻ രാജ്യം സ്ഥാപിക്കുന്നത് വരെ ആയുധം താഴെവെക്കില്ലെന്ന് ഹമാസ് വ്യക്തമാക്കി കഴിഞ്ഞു.

YouTube video player