ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ പുതിയ തലവനായ മുഹമ്മദ് ഒഡേ ചൊവ്വാഴ്ച ഗാസ സിറ്റിയിൽ നടന്ന ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് ഇസ്രായേൽ സൈന്യത്തിന്റെ അവകാശവാദം

ജെറുസലേം: ഗാസയിലെ ഹമാസിന്റെ സായുധ വിഭാഗത്തിന്റെ പുതിയ മേധാവിയെ വധിച്ചതായി ഇസ്രായേൽ. മുൻപ് ഈ പദവിയിലുണ്ടായിരുന്ന ആളെ ഇസ്രായേൽ സൈന്യം വധിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ തലവനെയും വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രയേൽ വിശദമാക്കുന്നത്. ഗാസയിലെയും ലെബനനിലെയും സൈനിക നീക്കങ്ങൾ ഇസ്രായേൽ ശക്തമാക്കുന്നതിനിടയിലാണ് ഈ സംഭവം. ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ പുതിയ തലവനായ മുഹമ്മദ് ഒഡേ ചൊവ്വാഴ്ച ഗാസ സിറ്റിയിൽ നടന്ന ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് ഇസ്രായേൽ സൈന്യത്തിന്റെ അവകാശവാദം. ഒഡേയുടെ മരണവിവരം അദ്ദേഹത്തിന്റെ ബന്ധുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ഒഡേയും അദ്ദേഹത്തിന്റെ ഭാര്യയും മകനും ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് ബന്ധും അറിയിയിക്കുന്നത്. ഗാസ സിറ്റിയിലെ റിമാൽ മേഖലയിലുള്ള ഒരു ഫ്ലാറ്റ് ലക്ഷ്യമാക്കി നടത്തിയ ഇസ്രായേൽ ആക്രമണത്തിൽ ഒരു സ്ത്രീയടക്കം ആറുപേർ കൊല്ലപ്പെടുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഈ ഫ്ലാറ്റിന്റെ മുകളിലത്തെ നില തകർത്തുകൊണ്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം പ്രദേശത്ത് തുടരുകയാണ്. 2023 ഒക്ടോബർ 7ന് ഇസ്രായേലിൽ നടന്ന ഹമാസിന്റെ അതിർത്തി കടന്നുള്ള ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായിരുന്നു മുഹമ്മദ് ഒഡേ എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. ഒക്ടോബർ 7 ആക്രമണ സമയത്ത് ഹമാസിന്റെ ഇന്റലിജൻസ് വിഭാഗത്തിന്റെ തലവനായിരുന്നു ഒഡേ. മേയ് 15ന് ഇസ്രായേൽ സൈന്യം വധിച്ച മുൻ സൈനിക കമാൻഡർ ഇസ് അൽ-ദിൻ അൽ ഹദ്ദാദിന് പകരക്കാരനായി ഏതാണ്ട് ഒരാഴ്ച മുൻപാണ് ഒഡേയെ ഈ പദവിയിലേക്ക് നിയമിച്ചത്. മുഹമ്മദ് ഒഡേയുടെ നിയമനം ഹമാസ് പരസ്യമാക്കിയിരുന്നില്ലെങ്കിലും, ഹമാസിന്റെ ഇന്റലിജൻസ് തലവനെന്ന നിലയിലും സായുധ വിഭാഗത്തിന്റെ ഉന്നത നേതൃസമിതിയിൽ അവശേഷിച്ചിരുന്ന ചുരുക്കം മുതിർന്ന നേതാക്കളിൽ ഒരാളെന്ന നിലയിലും അദ്ദേഹത്തെ ഹദ്ദാദിന്റെ സ്വാഭാവിക പാരമ്പര്യാവകാശിയായാണ് കണക്കാക്കിയിരുന്നത്. ഈ ആക്രമണം നടക്കുന്നതിന് തൊട്ടുമുൻപുള്ള മണിക്കൂറുകളിൽ, ലബനനിലെ തങ്ങളുടെ കരസേനാ നീക്കങ്ങൾ വ്യാപിപ്പിച്ചതായും ഇസ്രായേൽ വിശദമാക്കുന്നത്.

ഫെബ്രുവരി അവസാനം ഇറാനെതിരെ അമേരിക്കയുമായി ചേർന്ന് നടത്തിയ നീക്കങ്ങൾക്ക് ശേഷം, ഇറാൻ അനുകൂല ഹിസ്ബുള്ള പോരാളികൾക്കെതിരെ ലെബനനിൽ ഇസ്രായേൽ ശക്തമായ ആക്രമണം തുടരുകയാണ്. ഇതിനൊപ്പം വെസ്റ്റ് ബാങ്കിലും ഇസ്രായേൽ സൈനിക നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ഇസ്രായേലും ഹമാസും തമ്മിൽ ഉണ്ടാക്കിയ താൽക്കാലിക വെടിനിർത്തൽ ധാരണ വളരെ ദുർബലമായ അവസ്ഥയിലാണ് നിലവിലുള്ളത്. വെടിനിർത്തലിന് ശേഷം മാത്രം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഗാസയിൽ എണ്ണൂറ്റമ്പതിലധികം പലസ്തീൻകാർ കൊല്ലപ്പെട്ടിട്ടുണ്ട്. ഹമാസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നിയമലംഘനങ്ങൾക്കും തങ്ങളുടെ സൈനികർക്ക് നേരെയുള്ള ഭീഷണികൾക്കും മറുപടിയായാണ് ഈ ആക്രമണങ്ങൾ എന്ന് ഇസ്രായേൽ വാദിക്കുമ്പോൾ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം കുറ്റപ്പെടുത്തുന്നത്. 2023 ഒക്ടോബറിൽ തുടങ്ങിയ ഈ യുദ്ധത്തിൽ ഇതുവരെ എഴുപത്തിരണ്ടായിരത്തിലധികം പലസ്തീനികളാണ് ഗാസയിൽ കൊല്ലപ്പെട്ടിട്ടുള്ളതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം