പശ്ചിമേഷ്യൻ സമാധാന ചർച്ചകളുടെ ഭാഗമായി ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കണമെന്ന ഡോണൾഡ് ട്രംപിന്റെ ആവശ്യം പാകിസ്ഥാൻ തള്ളി. സ്വതന്ത്ര പലസ്തീൻ രാജ്യം നിലവിൽ വരാതെ ഇസ്രായേലിനെ അംഗീകരിക്കില്ലെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. ഈ തീരുമാനം പാകിസ്ഥാന്റെ പാസ്‌പോർട്ട് നിയമങ്ങളിൽ പോലും വലിയ മാറ്റങ്ങൾ ആവശ്യപ്പെടുന്ന ഒന്നാണ്.

വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സമാധാന ചർച്ചകളുടെ ഭാഗമായി പാകിസ്ഥാൻ ഉൾപ്പെടെയുള്ള മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കണമെന്ന കടുത്ത ആവശ്യവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള ഭാവി സമാധാന കരാറുകളുടെ നിർബന്ധിത ഭാഗമായി ഇസ്രായേൽ ഉൾപ്പെടുന്ന വിശാലമായ ഈ സഖ്യത്തെ മാറ്റണമെന്നാണ് ട്രംപിന്‍റെ നിലപാട്. ഈ ചരിത്രപരമായ കൂട്ടായ്മയിൽ പങ്കാളികളാകാൻ തയാറാകാത്ത രാജ്യങ്ങൾ ഭാവിയിലെ വൻ സാമ്പത്തിക സമാധാന കരാറുകളുടെ ഭാഗമാകില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

Add Asianetnews as a Preferred SourcegooglePreferred

തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെയാണ്' പശ്ചിമേഷ്യൻ സമാധാനത്തിനായി രാജ്യാന്തര തലത്തിൽ നിർബന്ധമായും നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ച് ട്രംപ് വ്യക്തമാക്കിയത്. വളരെ സങ്കീർണ്ണമായ ഒരു വലിയ പസിലിനാണ് അമേരിക്ക രൂപം നൽകിയിരിക്കുന്നതെന്നും സൗദി അറേബ്യ, ഖത്തർ, പാകിസ്ഥാൻ, തുർക്കി, ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങൾ ഇസ്രായേലുമായി ഔദ്യോഗികമായി നയതന്ത്രബന്ധം സ്ഥാപിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിൽ സൗദി അറേബ്യയും ഖത്തറും ഉടൻ തന്നെ കരാറിൽ ഒപ്പുവെക്കണമെന്നാണ് ട്രംപിന്‍റെ ആഗ്രഹം. അമേരിക്കയുമായി അന്തിമ സമാധാന ധാരണയിലെത്തിയാൽ ഭാവിയിൽ ഇറാന് പോലും ഈ സഖ്യത്തിന്‍റെ ഭാഗമാകാമെന്നും, ഈ ആഗോള കൂട്ടായ്മ മിഡിൽ ഈസ്റ്റിനെ വലിയ സാമ്പത്തിക, സാമൂഹിക മുന്നേറ്റത്തിലേക്ക് നയിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. അമേരിക്കയുടെ മധ്യസ്ഥതയിൽ 2020-ൽ ആരംഭിച്ച ഈ അബ്രഹാം ഉടമ്പടി, പലസ്തീൻ വിഷയം പരിഹരിക്കുന്നതിന് മുൻപ് തന്നെ ഇസ്രായേലുമായി വ്യാപാര, സുരക്ഷാ ബന്ധങ്ങൾ സ്ഥാപിക്കാൻ അറബ് രാജ്യങ്ങൾക്ക് വഴിതുറന്ന ഒന്നാണ്.

എന്നാൽ, അമേരിക്കയുടെ ഈ വൻ സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് പാകിസ്ഥാൻ വളരെ വ്യക്തമായി മറുപടി നൽകി. ഇസ്രായേലിനോടുള്ള രാജ്യത്തിന്‍റെ ദീർഘകാല നയങ്ങളിൽ യാതൊരു മാറ്റവുമില്ലെന്ന് ഇസ്ലാമാബാദ് വ്യക്തമാക്കി. അത്തരം ആവശ്യങ്ങൾക്ക് വഴങ്ങാൻ തങ്ങൾക്ക് യാതൊരു നിർബന്ധവുമില്ലെന്നും, സ്വതന്ത്രമായ ഒരു പലസ്തീൻ രാജ്യം യാഥാർത്ഥ്യമാകുന്നതുവരെ ഇസ്രായേലിനെ അംഗീകരിക്കില്ലെന്ന നിലപാട് പാകിസ്ഥാൻ വീണ്ടും ആവർത്തിച്ചു. ഒരു ദിവസം പോലും വിശ്വസിക്കാൻ കൊള്ളാത്തവരുമായി തങ്ങൾ എങ്ങനെ ചർച്ചയ്ക്ക് ഇരിക്കുമെന്ന് ചോദിച്ചുകൊണ്ട് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ട്രംപിന്റെ നിർദ്ദേശത്തെ ശക്തമായി വിമർശിച്ചു. കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967-ലെ അതിർത്തികൾ അടിസ്ഥാനമാക്കി സ്വതന്ത്ര പലസ്തീൻ രാജ്യം നിലവിൽ വരാതെ ഇസ്രായേലുമായി യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറും വ്യക്തമാക്കി.

അതേസമയം, പാകിസ്ഥാൻ എപ്പോഴെങ്കിലും ഈ ഉടമ്പടിയുടെ ഭാഗമാകാൻ തീരുമാനിച്ചാൽ നയതന്ത്രപരമായ തീരുമാനങ്ങൾക്കപ്പുറം വലിയൊരു സാങ്കേതിക പ്രതിസന്ധി രാജ്യത്തിന്‍റെ പാസ്‌പോർട്ട് സംവിധാനത്തിൽ ഉണ്ടാകും. നിലവിൽ പാകിസ്ഥാൻ പൗരന്മാരുടെ പാസ്‌പോർട്ടിൽ 'ഇസ്രായേൽ ഒഴികെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലേക്കും ഈ പാസ്‌പോർട്ടിന് സാധുതയുണ്ട്' എന്ന് പ്രത്യേകം അച്ചടിച്ചിട്ടുണ്ട്. ഇസ്രായേലുമായി ഔദ്യോഗികമായി നയതന്ത്രബന്ധം സ്ഥാപിച്ചാൽ ഈ നിയമപരമായ വാചകം പാസ്‌പോർട്ടിൽ നിന്ന് മാറ്റേണ്ടി വരും. ഒരു രാജ്യത്തെ ഔദ്യോഗികമായി അംഗീകരിക്കുകയും അതേസമയം അവിടേക്ക് സ്വന്തം പൗരന്മാർ യാത്ര ചെയ്യുന്നത് പാസ്‌പോർട്ട് വഴി നിരോധിക്കുകയും ചെയ്യുന്നത് വലിയ നിയമപരമായ വൈരുദ്ധ്യങ്ങൾക്ക് കാരണമാകും. മുൻപ് ബംഗ്ലാദേശ് തങ്ങളുടെ ആധുനിക ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കിയപ്പോൾ സമാനമായ രീതിയിൽ ഇസ്രായേൽ വിരുദ്ധ വാചകം ഒഴിവാക്കിയിരുന്നു. ചുരുക്കത്തിൽ, അബ്രഹാം ഉടമ്പടിയിൽ ചേരുക എന്നത് പാകിസ്ഥാന്‍റെ വിദേശനയത്തെ മാത്രമല്ല, രാജ്യത്തിന്റെ അടിസ്ഥാന പാസ്‌പോർട്ട് നിയമങ്ങളെപ്പോലും തിരുത്തിയെഴുതേണ്ടി വരുന്ന വലിയൊരു കടമ്പയാണ്.