വാഷിംഗ്ടൺ ഡി സി അടക്കം വിവിധ നഗരങ്ങളിൽ ആയിരങ്ങൾ ട്രംപ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി

വാഷിംഗ്ടൺ: പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ അമേരിക്കയിൽ വ്യാപക പ്രതിഷേധം. വാഷിംഗ്ടൺ ഡി സി അടക്കം വിവിധ നഗരങ്ങളിൽ ആയിരങ്ങൾ ട്രംപ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി. ആയിരത്തി ഇരുന്നൂറ് കേന്ദ്രങ്ങളിലായാണ് ഹാൻഡ്സ് ഓഫ് എന്ന പേരിൽ ജനകീയ പ്രതിഷേധം. കാനഡ, ഗ്രീൻലാൻഡ് യുക്രെയ്ൻ വിഷയങ്ങളിലും താരിഫ് നയം മുതൽ സർക്കാർ വകുപ്പുകളിലെ ചെലവ് വെട്ടിച്ചുരുക്കൽ വരെയുള്ള നയങ്ങൾക്കെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യമുയർത്തി. ട്രംപ് അധികാരത്തിൽ വന്ന ശേഷം സ്വീകരിച്ച സാമ്പത്തിക, വിദേശകാര്യ, സാമൂഹിക നയങ്ങൾക്കെതിരെ വിമർശനം ശക്തമാണ്.

ട്രംപ് സൗദിയിലേക്ക്, അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ വിദേശ യാത്ര, ഖത്തറും യുഎഇയും സന്ദർശിക്കും

അതിനിടെ അമേരിക്കയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പ്രസിഡന്റ് സ്ഥാനത്തേക്ക് മടങ്ങിയെത്തിയ ഡോണൾഡ് ട്രംപ് ആദ്യ വിദേശ സന്ദ‍ർശനം തീരുമാനിച്ചു എന്നതാണ്. രണ്ടാം വരവിലെ ട്രംപിന്‍റെ ആദ്യ സന്ദ‍ർശനം സൗദി അറേബ്യയിലേക്കായിരിക്കും. അടുത്ത മാസത്തോടെയാകും സൗദി സന്ദർശനം നടത്തുകയെന്ന് ട്രംപ് തന്നെയാണ് അമേരിക്കൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സൗദി കൂടാതെ ഖത്തറും യു എ ഇയും സന്ദർശിക്കുമെന്നും വ്യക്തമായിട്ടുണ്ട്. 'സന്ദർശനം അടുത്ത മാസമാകാം, ചിലപ്പോൾ കുറച്ചു വൈകിയേക്കും, ഖത്തറിലേക്കും യു എ ഇയിലേക്കും സന്ദർശനം നടത്തുന്നുണ്ട്' - എന്നായിരുന്നു ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. സാമ്പത്തിക സഹകരണം, നിക്ഷേപം തുടങ്ങിയ പ്രധാന മേഖലകളിൽ ട്രംപ് ഭരണകൂടവും സൗദിയും തമ്മിൽ ചർച്ച നടത്തുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഈ മേഖലകളിൽ കൂടുതൽ ശക്തിപ്പെടുത്താനുമാണ് സന്ദർശനം കൊണ്ട് ലക്ഷ്യമിടുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സന്ദർശനം നടത്തുന്നതിനായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആദ്യ തവണ അമേരിക്കൻ പ്രസിഡന്‍റായപ്പോൾ ട്രംപ് നടത്തിയ ആദ്യ വിദേശ സന്ദർശനവും സൗദിയിലേക്കായിരുന്നു എന്നതും ശ്രദ്ധേയമാണ്. റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള യു എസ് ശ്രമങ്ങളിൽ സൗദി അറേബ്യ പ്രധാന പങ്കാണ് വഹിക്കുന്നത്. ഇതാണ് തന്‍റെ ആദ്യ വിദേശ സന്ദർശനത്തിന് സൗദി തെരഞ്ഞെടുക്കാൻ ട്രംപിനെ പ്രേരിപ്പിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം