പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ, ഇസ്രായേൽ-അമേരിക്കൻ ഭീഷണികൾക്കെതിരെ ആണവായുധം നിർമ്മിക്കണമെന്ന ആവശ്യം ഇറാനിലെ തീവ്രനിലപാടുകാർക്കിടയിൽ ശക്തമാകുന്നു? ആണവായുധം നിഷിദ്ധമെന്ന ആയത്തുള്ള അലി ഖമനെയിയുടെ ഫത്വ തിരുത്തണമെന്നും, പ്രതിരോധത്തിനായി ആയുധം കൈവശപ്പെടുത്തണമെന്നും വാദങ്ങൾ ഉയരുകയാണ്. എന്നാൽ, ആണവനയത്തിൽ ഔദ്യോഗികമായി മാറ്റം വരുത്തിയിട്ടില്ല.

ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ ആണവായുധം നിർമിക്കണമെന്ന ആവശ്യവുമായി ഇറാനിൽ തീവ്ര നിലപാടുകാർ രംഗത്ത് വന്നിരിക്കുകയാണ്. ഈ നിലയ്ക്കുള്ള ചർച്ചകൾ ഇറാനിൽ നടക്കുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേർസ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ-അമേരിക്കൻ സൈനിക നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാൻ്റെ ആണവനയത്തിൽ മാറ്റം വരുത്തണമെന്ന ചർച്ചകൾ ശക്തമാകുന്നത്. ഇറാൻ്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനെയിയുടെ ആണവായുധം നിഷിദ്ധമെന്ന ഫത്വ തിരുത്തപ്പെടണമെന്ന വാദമാണ് ഉയരുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

ആണവായുധ വ്യാപന നിരോധന കരാറിൽ ഇറാൻ പിന്മാറണമെന്നും, സ്വന്തം സുരക്ഷയ്ക്കായി ആയുധം നിർമ്മിക്കണമെന്നും തീവ്ര നിലപാടുകാർ ആവശ്യപ്പെടുന്നു. അലി ഖമനെയിയുടെ മരണശേഷം റെവല്യൂഷണറി ഗാർഡാണ് ഇറാൻ്റെ പ്രതിരോധ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. അമേരിക്കയ്ക്കും ഇസ്രായേലിനും ശക്തമായ മറുപടി കൊടുക്കാൻ ഒന്നുകിൽ ആണവായുധം നിർമിക്കുക, അല്ലെങ്കിൽ എങ്ങനെയെങ്കിലും അത് കൈവശപ്പെടുത്തുക മാത്രമാണ് പോംവഴിയെന്ന് സേനയ്ക്കുള്ളിലും പുറത്തും ആവശ്യം ശക്തമാണ്. അതേസമയം ആണവനയത്തിൽ ഔദ്യോഗികമായി ഇതുവരെ മാറ്റം വരുത്തിയിട്ടില്ലെന്നാണ് വിവരം. ഇത് സംബന്ധിച്ച് ഇറാൻ്റെ ഭാഗത്ത് നിന്നടക്കം ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.