വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെങ്കിലും യാത്രക്കാരായ 9 പേർക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. 2 വയസ് മുതൽ 59 വയസ് വരെ പ്രായമുള്ളവർക്കാണ് ആകാശച്ചുഴിയിൽ വീണ് പരിക്കേറ്റിട്ടുള്ളത്
മ്യൂണിക്: ടേക്ക് ഓഫിന് പിന്നാലെയുണ്ടായ കൊള്ളിയാൻ വീശി. പിന്നാലെ ആകാശച്ചുഴിയിൽ വീണ് വിമാനം. ആടിയുലഞ്ഞ് എമർജൻസി ലാൻഡ് ചെയ്ത് യാത്രാ വിമാനം. 9 യാത്രക്കാർക്ക് ഗുരുതര പരിക്ക്. ജർമനിയിലെ മ്യൂണികിന് സമീപമാണ് സംഭവം. ബുധനാഴ്ച രാത്രിയാണ് മിലാനിലേക്ക് പുറപ്പെട്ട റയാൻ എയറിന്റെ വിമാനം ആകാശച്ചുഴിയിൽ പെട്ടത്. പ്രക്ഷുബ്ദമായ കാലാവസ്ഥയിലായിരുന്നു വിമാനം ടേക്ക് ഓഫ് ചെയ്തത്. എന്നാൽ ടേക്ക് ഓഫ് ചെയ്ത് അൽപ സമയത്തിനുള്ള വീശിയ കൊള്ളിയാനാണ് യാത്രാവിമാനത്തെ അപകടത്തിലാക്കിയത്.
മ്യൂണികിൽ നിന്ന് 113 കിലോമീറ്റർ പടിഞ്ഞാറുള്ള മെമ്മിംഗ്ജെൻ വിമാനത്താവളത്തിലാണ് യാത്രാ വിമാനം അടിയന്തരമായി നിലത്തിറക്കിയത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെങ്കിലും യാത്രക്കാരായ 9 പേർക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. 2 വയസ് മുതൽ 59 വയസ് വരെ പ്രായമുള്ളവർക്കാണ് ആകാശച്ചുഴിയിൽ വീണ് പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റവരിൽ തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റവരുണ്ട്. 2 വയസുള്ള ആൺകുട്ടിക്ക് ശരീരത്തിൽ പലയിടത്ത് ചതവ് സംഭവിച്ചിട്ടുണ്ട്. മൂന്ന് പേർ ഗുരുതര നിലയിൽ ചികിത്സയിലാണ്. വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാർക്ക് കാലാവസ്ഥ പ്രതികൂലമായതിനാൽ മിലാനിലേക്ക് ബസ് ഒരുക്കിയതായി വിമാനക്കമ്പനി വിശദമാക്കിയിട്ടുണ്ട്.
വായുപ്രവാഹത്തിലെ തടസ്സങ്ങൾ മൂലമുണ്ടാകുന്ന വിമാനത്തിൻ്റെ പ്രവചനാതീതമായ ചലനം എന്ന് ആകാശച്ചുഴികളെ നിർവചിക്കാം. ടേക്ക് ഓഫ് മുതൽ ക്രൂയിസിംഗ് ഉയരം വരെ ഏത് ഉയരത്തിലും ഈ തടസങ്ങൾ സംഭവിക്കാം. വായു പ്രക്ഷുബ്ധത, എയർ പോക്കറ്റ് തുടങ്ങി പല പേരുകളിലും ഈ പ്രതിഭാസം അറിയപ്പെടുന്നു. ചുറ്റുമുള്ള വായുവിൽ നിന്ന്, മുന്നറിയിപ്പുകളില്ലാതെ അസാധാരണമായി വ്യത്യസ്തമായ ദിശയിലേക്കുള്ള മറ്റൊരു വായു പ്രവാഹം സംഭവിക്കുന്നതാണ് 'വായു പ്രക്ഷുബ്ധത'. കനത്ത കാറ്റ്, കൊടുങ്കാറ്റിന്‍റെ മേഘങ്ങളിലെ വായുപ്രവാഹം, മലനിരകളിൽ നിന്ന് പറന്നുയരുന്ന വായുപ്രവാഹം, ഭൂമിക്ക് ചുറ്റുമുള്ള ജെറ്റ് സ്ട്രീം എന്ന പ്രവാഹം അടക്കം പല കാരണങ്ങളാലാണ് വായു പ്രക്ഷുബ്ധത രൂപപ്പെടുന്നത്.
ഇതില്‍ തന്നെ ഇടിമിന്നൽ മേഘങ്ങളെ ചുറ്റിയുള്ള വായുപ്രവാഹമാണ് ഏറ്റവും അപകടകരം. മേഘങ്ങളില്ലാതെ രൂപപ്പെടുന്ന വായുപ്രവാഹമാണ് 'തെളിഞ്ഞ വായു പ്രക്ഷുബ്ധത' (Clear Air Turbulence - CAT). ആകാശത്ത് മേഘങ്ങളില്ല. അതുകൊണ്ട് എന്താണ് സംഭവിക്കുന്നതെന്ന് കാണാനുമാവില്ല. സ്ഥിതിവിവരക്കണക്കനുസരിച്ച് ചില ഫ്ലൈറ്റ് റൂട്ടുകളിൽ വായു പ്രക്ഷുബ്ധത അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്.


